- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചേർത്തലയിൽ പൊലീസുകാരനെ സൈനികൻ മർദ്ദിച്ച സംഭവത്തിന് ആന്റിക്ലൈമാക്സ്; പ്രശ്നമുണ്ടാക്കിയത് പൊലീസെന്ന് മുഖ്യമന്ത്രിക്ക് പരാതി; കസ്റ്റഡിയിലെടുത്ത സൈനികന് സ്റ്റേഷനിൽ ക്രൂരമർദ്ദനം; നട്ടെല്ല് ചവിട്ടിയൊടിച്ച് പൊലീസ്
ആലപ്പുഴ: ചേർത്തലയിൽ വാഹനപരിശോധനയ്ക്കിടെ എസ്ഐയെ സൈനികൻ മർദ്ദിച്ച വാർത്തയിൽ ട്വിസ്റ്റ്. കേസിൽ അറസ്റ്റ് ചെയ്ത മൂന്ന് യുവാക്കളെ കഴിഞ്ഞ 12 ദിവസമായി കസ്റ്റഡിയിൽ പീഡിപ്പിക്കുകയാണെന്നും സൈനികനായ ജോബിനെ മർദ്ദിച്ച് നട്ടെല്ല് ഒടിഞ്ഞ നിലയിൽ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി ജോബിന്റെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നൽകി.
കഴിഞ്ഞ 14-ാം തീയതി വാക്ക്തർക്കത്തിനിടെ സൈനികന്റെ കൈയിലെ വള കൊണ്ട് എസ്ഐയുടെ മുഖത്ത് പോറലുണ്ടാകുകയായിരുന്നെന്നും അല്ലാതെ മർദ്ദനമൊന്നും ഏറ്റിട്ടില്ലെന്നും സൈനികന്റെ സഹോദരൻ റോബിൻ പറയുന്നു. എന്നാൽ അന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ജോബിനടക്കമുള്ള മൂന്ന് യുവാക്കളും ഗുരുതരമായ വകുപ്പുകൾ ചുമത്തി ജാമ്യം കിട്ടാതെ ജയിലിലടച്ചിരിക്കുകയാണ്. ജുഡിഷ്യൽ കസ്റ്റഡിയിലുള്ള ജോബിൻ ആശുപത്രിയിൽ ചികിൽസയിലും മറ്റുള്ളവർ ജയിലിലുമാണ്.
14-ാം തീയതി ഉച്ചയോടെ അമിതവേഗത്തിൽ ജീപ്പോടിച്ച് വന്ന യുവാക്കൾ പൊലീസ് കൈ കാണിച്ചിട്ട് നിർത്താതെ പോയതായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. വാഹനങ്ങളെ പിന്തുടർന്ന് പിടിച്ച പൊലീസ് ഉദ്യോഗസ്ഥർ വാഹനം ഓടിച്ചയാളുടെ കരണത്ത് അടിക്കുകയും ചെയ്തു. ഇത് ജോബിൻ മൊബൈലിൽ പകർത്തിയത് അവർക്ക് തടഞ്ഞു. തുടർന്നുണ്ടായ വാക്കേറ്റങ്ങളിലാണ് ജോബിന്റെ കൈയിലെ വള കൊണ്ട് എസ്ഐയുടെ മുഖം മുറിഞ്ഞതെന്ന് റോബിൻ പറയുന്നു.
പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച ശേഷം ക്രൂരമായ പീഡനങ്ങളാണ് നടത്തിയതെന്നും മുഖ്യമന്ത്രിക്കയച്ച പരാതിയിലുണ്ട്. ലോക്കപ്പിലെ തറയിൽ വെള്ളമൊഴിച്ച് ഇവരെ രാത്രി ഉറങ്ങാൻ അനുവദിക്കാതിരിക്കുകയും രാവിലെ 12 പേർ ചേർന്ന് തല്ലിച്ചതയ്ക്കുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു. മാരകമായി പരിക്കേറ്റ ജോബിനെ പിറ്റേന്ന് കോടതിയിൽ ഹാജരാക്കാൻ പോലും സാധിച്ചില്ല. ചേർത്തല ജന. ആശുപത്രിയിൽ നിന്നും ഓൺലൈനായാണ്. മജിസ്ട്രേറ്റ് ജോബിന്റെ മൊഴിയെടുത്തത്. തന്നെ രാത്രിയും പകലും പൊലീസുകാർ മാറി മാറി മർദ്ദിച്ചെന്ന് ജോബിൻ മൊഴി നൽകി. ജോബിന് ആവശ്യമായ ചികിൽസ നൽകാൻ മജിസ്ട്രേറ്റ് നിർദ്ദേശിക്കുകയായിരുന്നു. തുടർന്നാണ് ജന. ആശുപത്രിയിൽ നിന്നും വണ്ടാനം മെഡിക്കൽ കോളേജിലേയ്ക്ക് ജോബിനെ മാറ്റിയത്.
11 ദിവസമായി ജോബിൻ ആശുപത്രിയിൽ ചികിൽസയിൽ കഴിയുമ്പോൾ മറ്റ് രണ്ട് പേരെയും ജയിലിൽ പൊലീസ് പീഡിപ്പിക്കുകയാണെന്നും വീട്ടുകാർ പരാതിപ്പെടുന്നു. മനുഷ്യാവകാശ കമ്മീഷനും ഡിജിപിക്കും മറ്റ് ജനപ്രതിനിധികൾക്കും അവർ പരാതി നൽകിയിട്ടുണ്ട്.