പത്തനംതിട്ട: ജമ്മു കാശ്മീരിൽ നിന്ന് അവധിക്ക് നാട്ടിലേക്ക് വന്ന സൈനികനെ ട്രെയിൻ യാത്രയ്ക്കിടയിൽ കാണാതായി. അടൂർ മണ്ണടി ആർദ്ര ഭവനിൽ വി അനീഷ്‌കുമാറി(37)നെയാണ് കേരള എക്സപ്രസിൽ എസി കമ്പാർട്ടുമെന്റിൽ നിന്ന് കാണാതായത്. കമ്പാർട്ട്മെന്റിൽ ഉണ്ടായിരുന്ന ഇദ്ദേഹത്തിന്റെ ബാഗേജുകൾ സഹപ്രവർത്തകർ ഭദ്രമായി നാട്ടിലെത്തിച്ചു. കരസേനയിൽ നായിക് ആണ് അനീഷ്‌കുമാർ. കഴിഞ്ഞ മൂന്നിനാണ് നാട്ടിലേക്കു വരാൻ ഇദ്ദേഹത്തിന് അവധി ലഭിച്ചത്.

നാലിന് രാവിലെ 11 ന് ഡൽഹിയിൽ നിന്നും കെകെ എക്സ്പ്രസിൽ കയറി. ചെങ്ങന്നൂരിനാണ് ടിക്കറ്റ് എടുത്തിരുന്നത്. അന്നു രാത്രി 7.45 ന് ഭാര്യ ഗീതുവിനെ വിളിച്ച് അനീഷ് സംസാരിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. പിന്നീട് വിളികളൊന്നും വന്നില്ല. പിറ്റേന്ന് രാവിലെ ഇതേ കമ്പാർട്ടുമെന്റിൽ തന്നെയുണ്ടായിരുന്ന കോയമ്പത്തൂർ സ്വദേശി ഉറക്കമുണർന്നു നോക്കിയപ്പോൾ സീറ്റിൽ അനീഷിനെ കണ്ടില്ല. വൈകിട്ടു വരെയും ഇയാളെ കാണാതായതോടെ അനീഷിന്റെ ബാഗ് തുറന്ന് വീട്ടിലെ ഫോൺ നമ്പർ എടുത്തു. അതിന് ശേഷം കമ്പാർട്ട്മെന്റിലുണ്ടായിരുന്ന മലയാളിയെ കൊണ്ട് അനീഷിന്റെ വീട്ടിലേക്കു വിളിച്ച് ഇയാളെ കാണാതായ വിവരം അറിയിക്കുകയായിരുന്നു.

ചെങ്ങന്നൂരിൽ എത്തുകയാണെങ്കിൽ അനീഷിന്റെ ബാഗും മറ്റു സാധനങ്ങളും കൊണ്ടുപോകാമെന്ന് ഇയാൾ അറിയിച്ചതോടെ വീട്ടുകാർ വ്യാഴാഴ്ച ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തി സാധനങ്ങൾ ഏറ്റുവാങ്ങി. അവിടെ ആർപിഎഫിൽ പരാതി നൽകുകയും ചെയ്തു.

ഭാര്യ ഗീതുവിന്റെ പരാതിയെ തുടർന്ന് ഏനാത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജില്ല പൊലീസ് മേധാവി, ജില്ല കലക്ടർ, ആർപിഎഫ് ഉദ്യോഗസ്ഥർ എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്. അനീഷ്‌കുമാർ സഞ്ചരിച്ച കമ്പാർട്ട്മെന്റിൽ സൈനികർ മാത്രമാണുണ്ടായിരുന്നതെന്ന് ബന്ധുക്കൾക്ക് വിവരം ലഭിച്ചു.