ന്യൂഡൽഹി: ഇന്ത്യയിൽ ഏറ്റവും അധികം ആരാധകരുള്ള മാദ്ധ്യമ പ്രവർത്തകൻ ആരെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉണ്ടാവുകയുള്ളൂ. അത് ടൈംസ് നൗ ചാനലിലെ അർണബ് ഗോസ്വാമി എന്ന് തന്നെയാണ്. ഒരു മണിക്കൂർ നീണ്ടു നിൽക്കുന്ന ന്യൂസ് അവറിൽ സംവാദങ്ങളിലൂടെ വിവാദങ്ങളുടെ തീപ്പൊരി പാറിച്ച അവതാരകൻ. ടൈംസ് നൗ ന്യൂസ് ചാനലിൽനിന്ന് രാജിവച്ചു എന്നാണ് പുതിയ വാർത്തൾ.

ടൈംസ് നൗവിന്റെ എഡിറ്റർ ഇൻ ചീഫും ടൈംസ് നൗ, ഇടി നൗ തുടങ്ങിയ ഗ്രൂപ്പുകളുടെ പ്രസിഡന്റുമാണ്. സ്ഥാപനത്തിന്റെ എഡിറ്റോറിയൽ യോഗത്തിലാണ് സ്ഥാപനത്തിൽനിന്ന് രാജിവെക്കുന്നതായി അർണബ് അറിയിച്ചത്. രാജി വെയ്ക്കുന്നുണ്ടെങ്കിലും ചാനൽ രംഗത്ത് തന്നെയുണ്ടാകുമെന്നാണ് അർണാബ് പറയുന്നത്. സ്വന്തം ഉടമസ്ഥതയിൽ പുതിയ സംരംഭം തുടങ്ങുന്നതിന്റെ ഭാഗമായാണ് രാജിയെന്ന് ന്യൂസ് മിനുട്‌സ് റിപ്പോർട്ട് ചെയ്തു. രാജിക്ക് കാരണമെന്താണെന്ന കാര്യം വ്യക്തമല്ല. അടുത്തിടെ ചാനലിന്റെ റേറ്റിങ് കുറഞ്ഞതാണ് അർണ്ണാബിന്റെ രാജിക്ക് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ഏകപക്ഷീയമായ തീരുമാനങ്ങലും അർണാബിന് വിനയായി.

ടെലിവിഷൻ ചർച്ചയിലുയർത്തിയ വിവാദങ്ങളിലൂടെ അർണാബ് ഗോസ്വാമി ടൈംസ് നൗവിനെ ഇന്ത്യയിലെ പ്രമുഖ ദേശീയ ചാനലാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്നു. ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ വാർത്താവതാരകനാണ് അർണാബ്. അർണാബിന്റെ നേതൃത്വത്തിൽ 2007ലാണ് ടൈംസ് നൗ ആദ്യമായി റേറ്റിംഗിൽ ഒന്നാമതെത്തിയത്. എൻഡിടിവി ദേശീയ മാദ്ധ്യമലോകം അടക്കിവാണ കാലത്താണ് അർണാബിന്റെ നായകത്വത്തിൽ ടൈംസ് നൗ മുന്നേറ്റം കുറിച്ചത്.

അർണാബിന്റെ ഒമ്പതുമണി ഷോയായ ദ ന്യൂസ് ഹവർ രാഷ്ട്രീയമായി ഏറെ വിവാദങ്ങൾ ഉയർത്തിയിരുന്നു. സംഘപരിവാർ പക്ഷപാതിയായാണ് അർണാബ് ചർച്ചകൾ നടത്തുന്നതെന്ന വിവാദം വളരെ ശക്തമായിരുന്നു. ജവഹർലാൽ നെഹ്‌റു സർവകലാശാലാ വിദ്യാർത്ഥിയെ ചർച്ചയ്ക്കിടെ അവഹേളിച്ചത് രാജ്യത്തെ സാംസ്‌കാരിക, മാദ്ധ്യമപ്രവർത്തകരുടെ വിമർശനവും ഏറ്റുവാങ്ങിയിരുന്നു.

മുംബൈയിൽ ഭീകരാക്രമണമുണ്ടായപ്പോൾ തുടർച്ചയായ നൂറു മണിക്കൂർ അർണാബ് വാർത്ത അവതരിപ്പിച്ചിരുന്നു. യുപിഎ സർക്കാരിനെ പ്രതിരോധത്തിലാക്കിയ കോമൺവെൽത്ത്, 2ജി കുംഭകോണങ്ങളിൽ സർക്കാരിനെതിരേ കർശന നിലപാടെടുത്തിട്ടുണ്ട്. കൃത്യമായ സംഘപരിവാർ രാഷ്ട്രീയം വ്യക്തമാക്കുന്ന ചർച്ചകളെന്നാണ് പൊതുവിൽ അർണാബിന്റെ മാദ്ധ്യമപ്രവർത്തനത്തെ വിലയിരുത്തുന്നത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കാലത്ത് നരേന്ദ്രമോദിക്കും ബിജെപിക്കും അനുകൂലമായ പ്രചാരണ മാദ്ധ്യമമായി അർണബിന്റെ ചർച്ചകളും ടൈംസ് നൗ ചാനലും മാറിയിരുന്നു. പിന്നീട് ദേശീയവാദത്തിലൂന്നി ചർച്ചകളിൽ പങ്കെടുക്കുന്ന അതിഥികളെ പോലും അപഹസിക്കുന്ന രീതിയിലായിരുന്നു അർണബിന്റെ ഇടപെടലുകൾ. 'നേഷൻ വാണ്ട്‌സ് ടു നോ' എന്ന അർണബിന്റെ പരാമർശമാണ് ഏറ്റവും കൂടുതൽ വിമർശന വിധേയമായത്. ദാദ്രിയിൽ അഖ്‌ലാക്കിനെ സംഘപരിവാർ അണികൾ തല്ലിക്കൊന്നപ്പോഴും ജെഎൻയു, ഹൈദരാബാദ് യൂണിവേഴ്‌സിറ്റി സമരകാലങ്ങളിലും ഇന്ത്യ പാക് സംഘർഷങ്ങളിലുമാണ് അർണബിന്റെ നിലപാടുകൾ ഏറ്റവും തീവ്രവമായി വന്നത്.

ജെഎൻയു വിദ്യാർത്ഥി ഉമർഖാലിദ് രാജ്യദ്രോഹിയാണെന്ന പരാമർശം വലിയ പ്രതിഷേധത്തിന് ഇടയാക്കി. പ്രധാനമന്ത്രിയായതിന് ശേഷം നരേന്ദ്ര മോദി ടെലിവിഷനിൽ നൽകിയ ഏക ദീർഘ അഭിമുഖം അർണബ് ഗോസ്വാമിക്കാണ്. ടെലിവിഷൻ ചർച്ചകളിൽ എതിരാളികളോട് അക്രമോത്സുകാനായി പെരുമാറുന്ന അർണബ് മോദിയോട് ചോദ്യങ്ങളൊന്നും ഉന്നയിക്കാതെ പോയതും വലിയ വിമർശന വിധേയമായി. മോദിയും ബിജെപി സർക്കാരും നിശിത വിമർശനം നേരിടുന്ന ഘട്ടത്തിലായിരുന്നു അർണബിന്റെ ഈ പബ്ലിക് റിലേഷൻസ് അഭിമുഖമെന്നായിരുന്നു വിമർശനം.

അസം സ്വദേശിയായ അർണാബ് ഡൽഹിയിലാണു പ്രാഥമിക വിദ്യാഭ്യാസം നടത്തിയത്. പിതാവ് കരസേനാ ഓഫീസറായിരുന്നു. ഡൽഹി സെന്റ്‌മേരീസ് സ്‌കൂളിൽനിന്നു പത്താം ക്ലാസും ജബൽപൂർ കന്റോൺമെന്റ് കേന്ദ്രീയവിദ്യാലയത്തിൽനിന്നു +2വും പൂർത്തിയാക്കിയ അർണാബ് ഡൽഹി ഹിന്ദു കോളജിൽനിന്നു സോഷ്യോളജിയിൽ ബിരുദം നേടി. ഓക്‌സ്ഫഡ് സർവകലാശാലയിൽനിന്നു സോഷ്യൽ ആന്ത്രപ്പൊളജിയിൽ ബിരുദാനന്തരബിരുദം നേടി. കൊൽക്കത്തയിലെ ടെലഗ്രാഫ് പത്രത്തിലൂടെയാണു മാദ്ധ്യമരംഗത്തെത്തിയത്. എൻഡിടിവിയിലൂടെ ദൃശ്യമാദ്ധ്യമരംഗത്തെത്തി. 2006 ൽ ടൈംസ് നൗവിന്റെ തുടക്കത്തിൽതന്നെ എഡിറ്റർ ഇൻ ചീഫായി.