- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അർണാബ് ഗോസ്വാമിക്ക് പ്രത്യേക പരിഗണനയുണ്ടോ? ജാമ്യാപേക്ഷ അടിയന്തരമായി ലിസ്റ്റ് ചെയ്തതിനെതിരെ സുപ്രീംകോടതി ബാർ അസോസിയേഷൻ; ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ നിർദേശിച്ചതുകൊണ്ടാണോയെന്ന് വ്യക്തമാക്കണമെന്ന് ദുഷ്യന്ത് ദവേ സെക്രട്ടറി ജനറലിന് നൽകിയ കത്തിൽ
ന്യൂഡൽഹി: ഇന്റീരിയർ ഡിസൈനർ ആത്മഹത്യ ചെയ്ത കേസിൽ പ്രേരണാ കുറ്റത്തിന് അറസ്റ്റിലായ റിപബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ അടിയന്തരമായി ലിസ്റ്റ് ചെയ്തതിനെതിരെ സുപ്രീംകോടതി ബാർ അസോസിയേഷൻ രംഗത്ത്. കേസ് അടിയന്തരമായി ലിസ്റ്റ് ചെയ്തനടപടിയെ വിമർശിച്ചു കൊണ്ട്് ബാർ അസോസിയേഷൻ രംഗത്തെത്തി. ചീഫ് ജസ്റ്റിസ് എസ്. എ ബോബ്ഡെയുടെ നിർദേശ പ്രകാരമാണോ ഇത്തരമൊരു നീക്കമെന്ന് വ്യക്തമാക്കണം എന്നാണ് ബാർ അസോസിയേഷൻ പ്രസിഡന്റ് ദുഷ്യന്ത് ദവേ സുപ്രീംകോടതി സെക്രട്ടറി ജനറലിന് നൽകിയ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
അർണബ് ഗോസ്വാമിയുടെ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കുകയാണ്. മഹാമാരിയുടെ ഈ കാലത്ത് ഹരജികൾ പരിഗണിക്കുന്നത് വൈകുന്നതിനാൽ ആയിരക്കണക്കിനാളുകൾ ജയിലിൽ കഴിയുമ്പോഴാണ് സ്വാധീനമുള്ള ഒരാളുടെ ഹരജി ഒരുദിവസത്തിനുള്ളിൽ തന്നെ ലിസ്റ്റ് ചെയ്യുന്നതെന്ന് ദുഷ്യന്ത് ദവേ ചൂണ്ടിക്കാട്ടി. തനിക്ക് അർണബിനോട് യാതൊരു വ്യക്തി വിദ്വേഷവും ഇല്ല. എല്ലാവരെയും പോലെ അർണബിനും നീതി തേടാനുള്ള അവസരമുണ്ട്.
എന്നാൽ, കോവിഡ് സാഹചര്യത്തിൽ കഴിഞ്ഞ എട്ട് മാസമായി നടക്കുന്ന സെലക്റ്റീവ് ലിസ്റ്റിങ് ആണ് പ്രശ്നം. ആഴ്ചകളും മാസങ്ങളും ആയിട്ടും ഹരജികൾ പരിഗണിക്കാൻ വൈകുന്നിടത്താണ് അർണബ് ഹരജി നൽകുമ്പോൾ ഒരു ദിവസം കൊണ്ട് പരിഗണിക്കാൻ ലിസ്റ്റ് ചെയ്യുന്നത്. അർണബിന് ലഭിക്കുന്ന പ്രത്യേക പരിഗണന നിയമവിരുദ്ധവും അനധികൃതവുമാണ്. മുതിർന്ന അഭിഭാഷകൻ കൂടിയായ പി. ചിദംബരത്തിന്റെ ഹരജി പോലും ഇത്ര വേഗം ലിസ്റ്റ് ചെയ്തിട്ടില്ല. അദ്ദേഹത്തിന് ജാമ്യം നൽകുമ്പോഴേക്കും മാസങ്ങൾ ജയിലിൽ കഴിഞ്ഞിരുന്നു.
ചില ആളുകൾക്കും ചില അഭിഭാഷകർക്കും പ്രത്യേക പരിഗണന ലഭിക്കുന്നുവെന്ന തോന്നലാണ് ഇതുണ്ടാക്കുന്നത്. ചീഫ് ജസ്റ്റിസിന്റെ പ്രത്യേക ഉത്തരവില്ലാതെ ഇത്തരം അസാധാരണ ലിസ്റ്റിങ് നടക്കില്ലെന്ന് എല്ലാവർക്കും അറിയാം. അതോ, സെക്രട്ടറി ജനറലോ രജിസ്ട്രാറോ അർണബിന് പ്രത്യേക പരിഗണന നൽകുന്നുണ്ടോയെന്നും ദുഷ്യന്ത് ദവേ ചോദിച്ചു.
മറുനാടന് മലയാളി ബ്യൂറോ