- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഭാരത് മാതാ കീ ജയ്'.... അർണാബ് ജയിലിൽനിന്ന് പുറത്തിറങ്ങിയത് ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ച്; രാത്രി കാത്തുനിന്ന നൂറുകണക്കിന് ആരാധകരുടെ ആവേശത്തിൽ പങ്കുചേർന്ന് റോഡ് ഷോയും; റിപ്പബ്ലിക് ടിവി ചീഫ് എഡിറ്റരുടെ ജയിൽ മോചനം ആഘോഷമാക്കി ബിജെപി പ്രവർത്തകരും; വീരോചിത സ്വീകരണം അർണാബിന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ തുടക്കമോ?
ന്യൂഡൽഹി: പ്രമുഖ മാധ്യമ പ്രവർത്തകനും റിപ്പബ്ലിക്ക് ടീവി എഡിറ്റർ ഇൻ ചീഫുമായ അർണാബ് ഗോസ്വാമി രാഷ്ട്രീയത്തിൽ ഇറങ്ങുമോ? ഇന്ന് ജയിൽമോചിതനായ അർണാബിന് കിട്ടിയ വീരോചിത സ്വീകരണവും ബിജെപി പ്രവർത്തകരുടെ ആവേശവും നൽകുന്നത് ഈ സൂചനകളാണ്. റിപ്പബ്ലിക് ടിവിയുടെ ഇന്റീരിയർ ഡിസൈനർ ജീവനൊടുക്കിയ കേസിൽ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ച അർണാബ് ഗോസ്വാമി ജയിൽ മോചിതനായപ്പോൾ വീരോചിത സ്വീകരണമാണ് ആരാധകർ നൽകിയത്. റോഡ് ഷോ ഒരുക്കിയാണ് അനുയായികൾ അർണാബിനെ വരവേറ്റത്. ഉച്ചത്തിൽ ഭാരത് മാതാ കീ ജയ് വിളിച്ച് അർണാബ് ആവേശത്തിൽ പങ്കുചേർന്നു. ഇത് ഇന്ത്യയുടെ വിജയമാണന്നും സുപ്രീം കോടതിയോട് നന്ദിയുണ്ടെന്നും അർണാബ് പറഞ്ഞു. ശുഭവാർത്ത എത്തിയെന്ന് ബിജെപി വക്താവ് സംപിത് പത്ര പറഞ്ഞു.
അർണാബിന്റെ കാർ പോകുന്ന ഇരുഭാഗത്തും ബിജെപി പ്രവർത്തകർ കാത്ത് നിൽക്കയായിരുന്നു. പലയിടത്തും അവർ കാറിനുനേരെ പുഷ്പവൃഷ്ടിയും നടത്തി. ഭാരത് മാതാ കീ ജയ് വിളിച്ചുകൊണ്ട് അർണാബ് എല്ലാവരെയും പ്രത്യഭിവാദ്യവും ചെയ്തു. ശിവസേനയുടെ രാഷ്ട്രീയ കുടിപ്പകയിൽ അകത്തായ അർണാബ് ഈ അറസ്റ്റോടെ കൂടുതൽ കരുത്തനായിരിക്കയാണ്. അദ്ദേഹത്തിന്റെ നിയമപോരാട്ടം ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു. ഈ രീതിയിൽ പോകുയാണെങ്കിൽ അർണാബ് വൈകാതെ രാഷ്ട്രീയ പ്രവേശനവും നടത്തുമെന്നാണ് പലരും നിരീക്ഷിക്കുന്നത്.
അമ്പതിനായിരം രൂപയുടെ ജാമ്യത്തിലാണ്, അർണബിനെയും മറ്റു രണ്ട് പ്രതികളെയും മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത്. . ജാമ്യം നിഷേധിച്ച ബോംബെ ഹൈക്കോടതി ഉത്തരവ് തെറ്റാണെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.അർണാബ് ഗോസ്വാമിയെ ആത്മഹത്യക്കേസിൽ അറസ്റ്റ് ചെയ്ത നടപടിയെ രൂക്ഷമായി വിമർശിച്ചാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ച് ഇടക്കാല ജാമ്യം അനുവദിച്ചത്. പണം നൽകാനുണ്ടെന്ന പേരിൽ മാത്രം ഒരാൾക്കെതിരെ ആത്മഹത്യ പ്രേരണക്കേസെടുക്കാനാകുമോ...? ആത്മഹത്യയിലേക്ക് നയിക്കുന്ന തരത്തിൽ പ്രതിയുടെ ഭാഗത്തുനിന്ന് നിരന്തരമായ സമ്മർദ്ദം ഉണ്ടെങ്കിലേ പ്രേരണക്കുറ്റം നിലനിൽക്കൂ.
പ്രഥമദൃഷ്ട്യാ ഇതൊന്നും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ കസ്റ്റഡിയലെടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമെന്താണെന്നും കോടതി ചോദിച്ചു. ഒരാളുടെ പ്രത്യയശാസ്ത്രത്തോട് വിയോജിപ്പുണ്ടാകും. റിപ്പബ്ലിക് ചാനൽ താൻ കാണാറില്ല. ഇഷ്ടമല്ലെങ്കിൽ നിങ്ങൾക്കും കാണാതിരിക്കാം. പക്ഷെ ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നത് ഒരാളുടെ വ്യക്തി സ്വാതന്ത്ര്യമാണ്. ഒരാളെ തുടർച്ചയായി വേട്ടയാടുമ്പോൾ ഇടപെടാതിരിക്കുന്നത് നീതിയെ കൊഞ്ഞനംകുത്തുന്നതിന് തുല്യമായിരിക്കും.
സ്വയം നശീകരണത്തിലേക്കുള്ള യാത്രയായിരിക്കും അതെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വാദത്തിനിടെ പറഞ്ഞു. ഇടക്കാല ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെയും കോടതി വിമർശിച്ചു. പ്രാഥമികമായി കേസ് നിലനിൽക്കുമോ എന്ന് പോലും ഹൈക്കോടതി പരിഗണിച്ചില്ല. വ്യക്തി സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കാൻ ഹൈക്കോടതിക്ക് ബാധ്യതയുണ്ടെന്നും കോടതി ഓർമ്മിപ്പിച്ചു. ജാമ്യഹർജി വ്യാഴാഴ്ച സെഷൻസ് കോടതി പരിഗണിക്കുന്ന സാഹചര്യത്തിൽ സുപ്രീം കോടതി ഇടപെടുന്നത് ശരിയല്ലെന്ന് മഹാരാഷ്ട്ര സർക്കാർ വാദിച്ചെങ്കിലും സാങ്കേതികതയുടെ പേരിൽ ജാമ്യം നിഷേധിക്കാൻ ആവില്ലെന്് കോടതി ചൂണ്ടിക്കാട്ടി.
അർണാബിന്റെ ജാമ്യം വലിയ നാടകീയതോടെയാണ് റിപ്പബ്ലിക്ക് ടീവിയിലും അവതരിക്കപ്പെട്ടത്. അദ്ദേഹത്തിന്റെ യാത്ര ഉടനീളം റിപ്പബ്ലിക്ക് ലൈവ് ചെയ്യുകയാണ്. സുപ്രീംകോടതി ജാമ്യം അനുവദിച്ചപ്പോൾ റിപ്പബ്ലിക് ടിവി ന്യൂസ് റൂമിൽ അരങ്ങേറിയത് നാടകീയരംഗങ്ങളാണ്. ഇന്ത്യ വിത്ത് അർണബ് ക്യാമ്പെയിനുമായി മുന്നിട്ടിറങ്ങിയ റിപ്പബ്ലിക് ടീം ഇത് വൻവിജയമായാണ് വിശേഷിപ്പിച്ചത്. ന്യൂസ് റൂമിൽ നിന്നുള്ള ദൃശ്യങ്ങൾ ലൈവായി കാണിക്കുകയും ചെയതു. വികാരനിർഭരമായ രംഗങ്ങൾ. കണ്ണീരോടെ പ്രതികരിക്കുന്ന വനിതാ ജേണലിസ്റ്റുകൾ. ആകെ ഒരു ചാർജ്ഡ് അന്തരീഷം. അർണാബിന്റെ ശിഷ്യർ നാടകീയതയിൽ അദ്ദേഹത്തെ വെല്ലുമെന്ന തോന്നിപ്പോകും. കരഘോഷത്തോടെയാണ് റിപ്പബ്ലിക് ടീം അർണാബിന്റെ മടങ്ങിവരവ് ആഘോഷിച്ചത്.
#WATCH Republic TV Editor Arnab Goswami released from Mumbai's Taloja Jail following Supreme Court order granting interim bail pic.twitter.com/YzGfIm3wGo
- ANI (@ANI) November 11, 2020