- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ആരും നിയമത്തിന് അതീതരല്ല.. നിയമം അനുസരിച്ച് പ്രവർത്തിക്കുന്നവരാണ് മഹാരാഷ്ട്രയിലെ പൊലീസ് വിഭാഗം'; അർണബിന്റെ അറസ്റ്റിൽ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി
മുംബൈ: ആരും നിയമത്തിന് അതീതരല്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ്. റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിയുടെ അറസ്റ്റിൽ പ്രതികരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമർശം. 'ആരും നിയമത്തിന് അതീതരല്ല. നിയമമനുസരിച്ച് പ്രവർത്തിക്കുന്നവരാണ് മഹാരാഷ്ട്രയിലെ പൊലീസ് വിഭാഗം', അദ്ദേഹം പറഞ്ഞു.
അതേസമയം അർണബിന്റെ അറസ്റ്റിനെതിരെ പ്രതികരണവുമായി കേന്ദ്രമന്ത്രിമാർ ഉൾപ്പടെയുള്ളവർ രംഗത്തെത്തിയിരുന്നു. കോൺഗ്രസും സഖ്യകക്ഷികളും കൂടിച്ചേർന്ന് ജനാധിപത്യത്തെ നാണംകെടുത്തുന്നുവെന്നാണ് അറസ്റ്റിൽ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത്. അർണബ് ഗോസ്വാമിയുടെ അറസ്റ്റ് മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്നാണ് പ്രകാശ് ജാവദേകർ പറഞ്ഞത്. ഇത് അടിയന്തരാവസ്ഥക്കാലത്തെ ഓർമ്മിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്വിറ്ററിലായിരുന്നു പ്രകാശ് ജാവദേകറിന്റെ പ്രതികരണം.
അതേസമയം അർണബിനെ പിന്തുണയ്ക്കാത്തവർ ഫാസിസത്തെ പിന്തുണയ്ക്കുന്നവരാണെന്നാണ് അറസ്റ്റിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞത്. ആത്മഹത്യ പ്രേരണ കേസിലാണ് മുംബൈ പൊലീസ് അർണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാവിലെ 8 മണിയോടെ കേസിൽ ഹാജരാവാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും അർണാബ് നിസഹകരിക്കുകയായിരുന്നു. തുടർന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
2018ൽ ഒരു ഇന്റീരിയർ ഡിസൈനറായ വ്യക്തിയും അദ്ദേഹത്തിന്റെ അമ്മയും ആത്മഹത്യ ചെയ്ത സംഭവത്തിൽ അർണാബ് ഗോസ്വാമിക്കെതിരെ കേസെടുത്തിരുന്നു. ഈ സംഭവത്തിലാണ് ഇപ്പോൾ അർണാബിനെ കസ്റ്റഡിയിൽ എടുത്തതെന്നാണ് വിവരം. 53കാരനായ ഇന്റീരിയർ ഡിസൈനർ അൻവായ് നായിക്കും അദ്ദേഹത്തിന്റെ അമ്മയും 2018ൽ ആത്മഹത്യ ചെയ്തിരുന്നു. കോൺകോർഡ് ഡിസൈൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ എം.ഡിയായിരുന്നു അൻവായ് നായിക്. അദ്ദേഹവും അമ്മയും അലിഭാഗിലെ ഫാം ഹൗസിൽ മെയ് 2018ലാണ് ആത്മഹത്യ ചെയ്തത്.
അർണാബ് ഗോസ്വാമിയും ഫിറോസ് ഷെയ്ഖ്, നിതീഷ് സാർധ എന്നിവരും ചേർന്ന് തന്റെ കയ്യിൽ നിന്ന് 5.4 കോടി രൂപ വാങ്ങിയിരുന്നുവെന്ന് അൻവായ് നായിക് ആത്മഹത്യ കുറിപ്പിൽ എഴുതിയിരുന്നു. സ്റ്റുഡിയോ ഡിസൈൻ ചെയ്ത വകയിൽ അർണാബ് ഗോസ്വാമി നൽകാനുള്ള 83 ലക്ഷം രൂപ അൻവായ് നായികിന് നൽകാനുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു. ഈ പണമെല്ലാം കൊടുത്തു തീർത്തെന്നാണ് റിപ്പബ്ലിക്ക് ടി.വി പിന്നീട് പ്രതികരിച്ചത്.
സംസ്ഥാന ആഭ്യന്തര മന്ത്രിയായ അനിൽ ദേശ്മുഖ് ആണ് അന്വേഷണം പ്രഖ്യാപിച്ചത്. അലിഭാഗ് പൊലീസ് സംഭവത്തിൽ വേണ്ട അന്വേഷണം നടത്തിയില്ലെന്ന് അൻവായ് നായികിന്റെ ഭാര്യ അദന്യ നായിക് പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.