- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഴ് വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കേസുകളിൽ അറസ്റ്റിനു മുൻപ് ക്രിമിനൽ നടപടി ചട്ടം 41 എ പ്രകാരം നോട്ടിസ് നൽകണം; അറസ്റ്റിനുള്ള പൊലീസ് അധികാരം ആളുകളെ ഉപദ്രവിക്കാനാവരുത്; അർണേഷ് കുമാർ കേസിലെ വിധി കർശനമായി നടപ്പിലാക്കണമെന്ന് ഹൈക്കോടതി
കൊച്ചി: ക്രിമിനൽ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാൻ പൊലീസിനുള്ള അധികാരം ആളുകളെ ഉപദ്രവിക്കാനോ ശിക്ഷിക്കാനോ ഉപയോഗിക്കരുതെന്നു ഹൈക്കോടതി. ഇക്കാര്യത്തിൽ അർണേഷ് കുമാർ കേസിലെ വിധി വ്യാഖാനിച്ചു കൊണ്ടാണ് കോടതി നിർദ്ദേശം. അറസ്റ്റിനു മുൻപു മുൻകൂർ നോട്ടിസ് നൽകുന്ന കാര്യത്തിൽ പൊലീസ് നയം കൃത്യമായിരിക്കണമെന്നാണ് സംസ്ഥാന പൊലീസ് മേധാവി പറയുന്നത്. ജസ്റ്റിസ് എ. കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
പ്രതികളെ അറസ്റ്റ് ചെയ്യാൻ സർക്കാരിനുള്ള അധികാരം പൊലീസ് മുഖേന നടപ്പാക്കുമ്പോൾ ചട്ട വ്യവസ്ഥകളും കോടതിവിധികളും മാനിക്കണമെന്നാണു കോടതിയുടെ താക്കീത്. വാറന്റ് ഇല്ലാതെ അറസ്റ്റ് സാധിക്കുന്ന സാഹചര്യം ഏതൊക്കെയെന്നു ക്രിമിനൽ നടപടി ചട്ടം 41ൽ പറയുന്നുണ്ട്. സുപ്രീംകോടതിയുടെ ഉൾപ്പെടെ വിധികൾ നടപ്പാക്കുന്നതിൽ വിട്ടുവീഴ്ച പാടില്ല, അതിനു ന്യായീകരണം നിരത്താൻ നോക്കരുത്‌കോടതി പറഞ്ഞു.
നിയമവിരുദ്ധമായി അറസ്റ്റ് ചെയ്തു 15 ദിവസം ജയിലിൽ അടച്ചെന്ന് ആരോപിച്ചാണു വിശ്വാസവഞ്ചനാ കേസിൽ പ്രതിയായ തൃശൂർ സ്വദേശി മുഹമ്മദ് റാഫിയാണു വടക്കാഞ്ചേരി സ്റ്റേഷനിലെ ഇൻസ്‌പെക്ടർ എം വി സതീഷ് കുമാറിനെതിരെ കോടതിയലക്ഷ്യഹർജി നൽകിയത്. ഉദ്യോഗസ്ഥന്റെ മാപ്പപേക്ഷ അംഗീകരിച്ച് കോടതിയലക്ഷ്യ നടപടി അവസാനിപ്പിച്ചു.
സുപ്രീംകോടതി പറഞ്ഞത്
7 വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കേസുകളിൽ അറസ്റ്റിനു മുൻപ് ക്രിമിനൽ നടപടി ചട്ടം 41 എ പ്രകാരം നോട്ടിസ് നൽകണമെന്നാണ് അർണേഷ് കുമാർ കേസിലെ സുപ്രീംകോടതി വിധി. ഈ വിധിയനുസരിച്ചുള്ള നോട്ടിസ് വ്യവസ്ഥ നടപ്പാക്കുന്നതിൽ പൊലീസ്, അന്വേഷണ ഏജൻസികൾ വീഴ്ച വരുത്തിയാൽ കോടതികൾക്ക് ഉന്നത അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി നടപടിയെടുക്കാമെന്നു 'സതീന്ദർ കുമാർ കേസി'ലും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
നേരത്തെ സുപ്രീംകോടതിയും അന്വേഷണ ഏജൻസികൾക്ക് സമാനമായ നിർദ്ദേശം നൽകിയിരുന്നു. സി.ആർ.പി.സി യുടെ സെക്ഷൻ 41, 41 എ എന്നിവയുടെ നിർദേശങ്ങളും അർണേഷ് കുമാർ വിധിയിൽ പുറപ്പെടുവിച്ച ഉത്തരവുകളും അനുസരിക്കാൻ അന്വേഷണ ഏജൻസികൾ ബാദ്ധ്യസ്ഥരാണ്.
ഏത് വീഴ്ചയും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ശരിയായ നിർദ്ദേശങ്ങൾ പാലിക്കുകയും വേണം. സെക്ഷൻ 41, 41 എ എന്നിവയുടെ കാര്യത്തിൽ അന്വേഷണ ഏജൻസിയുടെ നടപടികളിൽ കോടതികൾ തൃപ്തരായിരിക്കണം. അല്ലെങ്കിൽ പ്രതിക്ക് ജാമ്യം ലഭിക്കാൻ അർഹതയുണ്ടാകും. സെക്ഷൻ 41, 41 എ പ്രകാരം പാലിക്കേണ്ട നടപടികൾക്കായുള്ള സ്റ്റാൻഡിങ് ഓർഡറുകൾ ഹാജരാക്കാൻ സംസ്ഥാന സർക്കാരുകളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും നിർദ്ദേശിച്ചിരുന്നു.
പ്രത്യേക കോടതികളിലെ പ്രിസൈഡിങ് ഓഫീസർമാരുടെ ഒഴിവ് വേഗത്തിൽ നികത്തണം. ജാമ്യ വ്യവസ്ഥകൾ പാലിക്കാൻ കഴിയാത്ത തടവുകാരെ കണ്ടെത്താനുള്ള നടപടി സ്വീകരിക്കാൻ ഹൈക്കോടതികൾക്ക് നിർദ്ദേശം നൽകി. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരുകളും - കേന്ദ്ര ഭരണപ്രദേശങ്ങളും 4 മാസത്തിനുള്ളിൽ സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു.