മുംബൈ: അവതാരകയായ അർപ്പിത തിവാരി കൊല്ലപ്പെട്ട കേസിൽ പിടിയിലായ 28 കാരൻ അമിത് ഹസ്രയുടെ നിർണ്ണായക മൊഴി പുറത്ത്. അർപ്പിതയുമായി താൻ ഡേറ്റിങ് ആഗ്രഹിച്ചിരുന്നുവെന്ന് അമിത് ഹസ്ര വെളിപ്പെടുത്തി. എന്നാൽ തന്നോടൊപ്പം ഡേറ്റിങ്ങിന് അർപ്പിതയ്ക്ക് താൽപ്പര്യമുണ്ടായിരുന്നില്ലെന്നും ഇയാൾ അറിയിച്ചു. താൻ ബാത്റൂം ജനലിലൂടെ അർപ്പിതയെ താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്നും ഹസ്ര പറഞ്ഞു. അർപ്പിതയുടെ സുഹൃത്താണ് പിടിയിലായ അമിത്.

ഡിസംബർ 11 നാണ് അർപ്പിതയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. മുംബൈ മാലാഡിലെ ഒരു ഹോട്ടൽ കെട്ടിടത്തിന്റെ പതിനഞ്ചാം നിലയിൽ നിന്ന് വീണ് മരിച്ച നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. ആത്മഹത്യയാണെന്ന വിലയിരുത്തലിലായിരുന്നു അദ്യ ഘട്ടത്തിൽ അന്വേഷണം. എന്നാൽ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തി. കാമുകൻ അടക്കം 5 സുഹൃത്തുക്കൾക്കെതിരെ പരാതിയുമായാണ് രക്ഷിതാക്കൾ രംഗത്തെത്തിയത്.

തുടർന്നുള്ള അന്വേഷണത്തിലാണ് സുഹൃത്തായ അമിത് ഹസ്ര പിടിയിലായത്. ഇയാളെ പൊലീസ് പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കിയിരുന്നു. എന്നാൽ നേരത്തെ നൽകിയ മൊഴികളിൽ നിന്ന് വിഭിന്നമായാണ് ഈ പരിശോധനയിൽ ഇയാൾ മറുപടി നൽകിയത്. ഈ പൊരുത്തക്കേടുകളുടെ പശ്ചാത്തലത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഡിസംബർ 11 ന് പുലർച്ചെയാണ് അമിത് അർപ്പിതയെ താഴേക്കെറിഞ്ഞ് കൊലപ്പെടുത്തിയത്. ഇതിന് മുൻപ് ഇരുവരും തമ്മിൽ വഴക്കുണ്ടായോയെന്ന് അന്വേഷണസംഘം പരിശോധിച്ച് വരികയാണ്.

25 കാരിയായ അർപ്പിത കാമുകനായ പങ്കജ് ജാദവിനൊപ്പമാണ് മാനവ്സ്ഥൽ അപ്പാർട്മെന്റിലെ ഹസ്രയുടെ വീട്ടിലെത്തുന്നത്. തുടർന്ന് പുറത്തുപോയി മദ്യപിച്ച ശേഷം പുലർച്ചെ 3 മണിയോടെ മൂവരും തിരിച്ചെത്തി. തുടർന്നായിരുന്നു ക്രൂരമായ കൊലപാതകം. അമിതിനെ ചോദ്യം ചെയ്ത് വരികയാണെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമാകേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു.