- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ട് ഒൻപത് വോൾട്ട് ബാറ്ററി സെൽ വാങ്ങി ശിവരശനു നൽകിയെന്ന് പേരളറിവാളൻ; ബോംബ് സ്‌ഫോടനത്തിനായി ശിവരശൻ ഇവ ഉപയോഗിച്ചെന്ന് എഴുതി ചേർത്തത് സിബിഐ എസ്‌പി വി ത്യാഗരാജനും; ഒടുവിൽ ജയിച്ചത് അർപ്പുതമ്മാളുടെ 31 വർഷത്തെ നിയമപോരാട്ടവും
ന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസിൽ, 31 വർഷം ജയിലഴിക്കുള്ളിൽ. അറസ്റ്റിലാകുമ്പോൾ 19 വയസും. ഇപ്പോൾ 50 വയസ്. സുപ്രീം കോടതി പ്രത്യേകാധികാര പ്രകാരം എ.ജി.പേരറിവാളന്റെ മോചനത്തിന് ഉത്തരവിട്ടിരിക്കുകയാണ്. ഭരണഘടനയുടെ അനുച്ഛേദം 142 ഉപയോഗിച്ചാണ് കോടതി പേരറിവാളനെ മോചിപ്പിക്കാൻ ഉത്തരവിട്ടത്. 'സത്യവും നീതിയും ഞങ്ങളുടെ ഭാഗത്തായിരുന്നു. ജനങ്ങളുടെ സ്‌നേഹവും പിന്തുണയും ഇല്ലാതെ ഇത് സാധ്യമാകുമായിരുന്നില്ല. എന്റെ അമ്മ അർപ്പുതമ്മാളുടെ 31 വർഷത്തെ പോരാട്ടങ്ങൾ ഫലം കണ്ടു'-പേരറിവാളന്റെ പ്രതികരണം ഇങ്ങനെ.
സുപ്രീംകോടതിയുടെ വിധി കേസിലെ നളിനി ശ്രീഹരൻ, ഭർത്താവ് മുരുകൻ എന്നിവരടക്കം മറ്റി ആറ് പ്രതികളുടെ മോചനത്തിനും വഴിവച്ചേക്കാം. കോടതി വിധി സംസ്ഥാനത്തിന്റെ വലിയ വിജയമാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ പുതുശ്വാസം ശ്വസിക്കുന്ന പേരറിവാളന് ആശംസകൾ നേരുന്നതായി സ്റ്റാലിൻ ട്വീറ്റ് ചെയ്തു. പേരറിവാളന് ആശംസകളർപ്പിക്കുന്നതിനോടൊപ്പം അദ്ദേഹത്തിന്റെ ജയിൽ മോചനത്തിന് വേണ്ടി വർഷങ്ങളായി പോരാടി കൊണ്ടിരിക്കുന്ന അമ്മ അർപ്പുതമ്മാളിനെയും സ്റ്റാലിൻ അഭിനന്ദിച്ചു.
മകന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ഏതറ്റം വരെയും പോകാൻ തയാറായവരാണ് അർപ്പുതമ്മാൾ. മനുഷ്യാവകാശങ്ങൾ മാത്രമല്ല സംസ്ഥാനത്തിന്റെ അവകാശങ്ങളെ കൂടി ഉയർത്തിപ്പിടിക്കുന്ന വിധിയാണ് ഇന്ന് സുപ്രീം കോടതി പുറപ്പെടുവിച്ചിരിക്കുന്നത്- സ്റ്റാലിൻ പറഞ്ഞു.
അറസ്റ്റിലാകുമ്പോൾ 19 വയസ്
രാജീവ് ഗാന്ധി വധത്തിൽ 1991 ജൂൺ 11നാണ് പേരറിവാളനെ സിബിഐ അറസ്റ്റ് ചെയ്യുന്നത്. മൂന്നു ദിവസങ്ങൾക്കപ്പുറം ജൂൺ 14ന് മറ്റൊരു പ്രതിയായ മുരുകനും 22ന് ശാന്തനും അറസ്റ്റിലായി. കേസ് ഏറ്റെടുത്ത സിബിഐ കൊലപാതകം, ക്രിമിനൽ ഗൂഢാലോചന എന്നിവ കുറ്റപത്രത്തിൽ ചുമത്തി. കേസിലെ പ്രതികളും എൽടിടിഇ നേതാക്കളുമായ വേലുപ്പിള്ള പ്രഭാകരൻ, പൊട്ടു അമ്മൻ, അകില എന്നിവരെ പിടികിട്ടാപ്പുള്ളികളായും പ്രഖ്യാപിച്ചിരുന്നു. ഇവരെ കൂടാതെ 23 പേരും കേസിൽ പിടിയിലായിരുന്നു.
രാജീവ് ഗാന്ധി വധക്കേസിൽ 1991 ജൂണിൽ അറസ്റ്റിലായപ്പോൾ പേരറിവാളനെന്ന അറിവിന് 19 വയസായിരുന്നു. ഗൂഢാലോചനയുടെ സൂത്രധാരനും എൽടിടിഇ പ്രവർത്തകനുമായ ശിവരശനു പേരറിവാളൻ രണ്ട് ബാറ്ററി സെൽ വാങ്ങി നൽകിയതായും ഇതാണു രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ ബെൽറ്റ് ബോംബിൽ ഉപയോഗിച്ചതെന്നും ആരോപിച്ചായിരുന്നു അറസ്റ്റ്. വധശിക്ഷയാണു പേരറിവാളനു കോടതി വിധിച്ചത്.
കസ്റ്റഡിയിലായിരുന്നപ്പോഴുള്ള പേരറിവാളന്റെ മൊഴി താൻ തിരുത്തി കുറ്റസമ്മതം പോലെയാക്കുകയായിരുന്നുവെന്നു വിരമിച്ച സിബിഐ എസ്‌പി വി ത്യാഗരാജൻ 2013 നവംബറിൽ വെളിപ്പെടുത്തിയിരുന്നു. മൊഴി തിരുത്തിയതാണു പേരറിവാളനു വധശിക്ഷ ലഭിക്കുന്നതിൽ നിർണായകമായതെന്നും ത്യാഗരാജൻ പറഞ്ഞിരുന്നു. ഇതാണു താൻ നിരപരാധിയാണെന്ന പേരറിവാളന്റെറ അവകാശവാദത്തിനു ബലമായത്.
1991 ൽ പേരറിവാളന്റെയും മറ്റു പ്രതികളുടെയും മൊഴി സിബിഐ എസ്‌പി വി ത്യാഗരാജനാണു രേഖപ്പെടുത്തിയത്. താനാണു ബാറ്ററികൾ കൈമാറിയതെന്നു പേരറിവാളൻ സമ്മതിച്ചിട്ടുണ്ടെങ്കിലും അവ ബോംബ് നിർമ്മിക്കാൻ ഉപയോഗിക്കുമെന്ന് തനിക്കറിയാമെന്ന് പറഞ്ഞിട്ടില്ലെന്നാണു ത്യാഗരാജൻ വെളിപ്പെടുത്തിയത്. രണ്ടാം ഭാഗം തന്റെ വ്യാഖ്യാനമായിരുന്നുവെന്നും ത്യാഗരാജൻ പറഞ്ഞു.
മൊഴി രേഖപ്പെടുത്തിയതു ഇപ്രകാരമാണ്: ''... മാത്രമല്ല, ഞാൻ രണ്ട് ഒൻപത് വോൾട്ട് ബാറ്ററി സെൽ (ഗോൾഡൻ പവർ) വാങ്ങി ശിവരശനു നൽകി. ബോംബ് സ്‌ഫോടനത്തിനായി ശിവരശൻ ഇവ ഉപയോഗിച്ചു.''
രണ്ടാമത്തെ വാചകം പേരറിവാളൻ പറഞ്ഞതല്ലെന്നു ത്യാഗരാജൻ സമ്മതിച്ചു. ഇതെന്നെ ധർമസങ്കടത്തിലാക്കി. 'ബാറ്ററി വാങ്ങി നൽകിയതു ഗൂഢാലോചനയുടെ ഭാഗമാണെന്നു സമ്മതിക്കാതെ അതു കുറ്റസമ്മതമൊഴിയാവില്ല. ഞാൻ പേരറിവാളന്റെ മൊഴിയുടെ ഒരു ഭാഗം ഒഴിവാക്കി എന്റെ വ്യാഖ്യാനം ചേർത്തു. ഞാൻ ഖേദിക്കുന്നു,'' ത്യാഗരാജൻ പറഞ്ഞിരുന്നു.
പേരറിവാളന്റെ മൊഴിയിൽ ''ഇതുതാൻ രാജീവ് ഗാന്ധിയിൻ കൊലക്കു പയാൻ പദുത്തപ്പെട്ടത്'' എന്നു തമിഴിൽ ത്യാഗരാജൻ കൂട്ടിച്ചേർത്തത് ഇതാണ് (ബാറ്ററികൾ) അയാൾ ബോംബ് സ്‌ഫോടനത്തിന് ഉപയോഗിച്ചത്'എന്നാണു വിവർത്തനം ചെയ്തത്. ഗൂഢാലോചനയെക്കുറിച്ച് തനിക്കറിയാമെന്നും അല്ലെങ്കിൽ ബോംബ് നിർമ്മാണത്തിനാണെന്ന് അറിഞ്ഞുകൊണ്ടാണു ബാറ്ററികൾ വാങ്ങിയതെന്നും പേരറിവാളൻ ഒരിക്കലും പറഞ്ഞിട്ടില്ലെന്നു സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ത്യാഗരാജൻ വ്യക്തമാക്കിയിരുന്നു.
വർഷങ്ങൾ നീണ്ട വിചാരണകൾക്കു ശേഷം 1998 ജനുവരി 28ന് കേസിൽ പ്രതികളായ 26 പേർക്കും സുപ്രീം കോടതി വധശിക്ഷ വിധിച്ചു. 1999 മെയ് 11ന് അപ്പീൽ പരിഗണിച്ച കോടതി മൂന്നു പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കുകയും 19 പേരെ വെറുതെ വിടുകയും ചെയ്തു. എന്നാൽ നളിനി, ശാന്തൻ, മുരുകൻ, പേരറിവാളൻ എന്നിവരുടെ വധശിക്ഷ ശരിവയ്ക്കുകയായിരുന്നു.
സുപ്രീം കോടതി വധശിക്ഷ ശരിവച്ചതിനെത്തുടർന്ന് സമർപ്പിച്ച ദയാഹർജി 2011ന് രാഷ്ട്രപതിയും തള്ളി.
ഇതിനിടെ തമിഴ്‌നാട് മന്ത്രിസഭയുടേയും കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടേയും അഭ്യർത്ഥനകൾ പരിഗണിച്ച് നളിനിയുടെ വധശിക്ഷ ജീവപര്യന്തമാക്കി ഗവർണർ ഇളവുചെയ്തിരുന്നു. 23 വർഷത്തിനുശേഷം 2014 ഫെബ്രുവരി 18 ന് അന്നത്തെ ചീഫ് ജസ്റ്റിസ് പി സദാശിവം, ജസ്റ്റിസുമാരായ രഞ്ജൻ ഗൊഗോയ്, ശിവകീർത്തി സിങ് എന്നിവർ ഉൾപ്പെട്ട സുപ്രീം കോടതി ബെഞ്ച് പേരറിവാളന്റെയും മുരുകൻ, സന്തൻ എന്നീ പ്രതികളുടെയും വധശിക്ഷ ജീവപര്യന്തം തടവായി കുറച്ചു.
മറുനാടന് മലയാളി ബ്യൂറോ