കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കിയ ശേഷം വിദേശത്തേയ്ക്ക് കടന്ന പ്രതിയെ നാട്ടിലെത്തിയ ദിവസം വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തു. അയ്മനം മര്യാത്തുരുത്ത് വിനോദ് വില്ലയിൽ പി.എസ് പ്രശാന്തിനെ ആണ് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.ജെ അരുൺ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരിലായിരുന്നു കേസിനാസ്പദമായ സംഭവം.

പ്രദേശവാസിയായ പെൺകുട്ടിയെ ഇയാൾ പ്രണയം നടിച്ച് വിവിധ സ്ഥലങ്ങളിൽ കൊണ്ടു നടന്ന് പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വയറുവേദന അനുഭവപ്പെട്ട പെൺകുട്ടിയെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് അറിഞ്ഞത്. തുടർന്ന് പൊലീസ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

ഇതോടെ ഇയാൾ വിസിറ്റിങ് വിസയിൽ വിദേശത്തേയ്ക്ക് കടന്നു. എംബസിയുടെ സഹായത്തോടെ പൊലീസ് അന്വേഷണം ഉർജിതമാക്കിയതോടെ പ്രതി നാട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ചാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.