ന്യൂയോർക്ക്: ജോ ബൈഡന് പിന്തുണ പ്രഖ്യാപിച്ച് ന്യൂയോർക്കിൽ നടത്തിയ റാലിയിൽ പങ്കെടുത്ത ഇന്ത്യൻ വംശജയും, പെൻസിൽവേനിയയിൽ നിന്നും ന്യൂയോർക്കിലെത്തിയ യുവതിയുമായ ധെവീന സിംഗിനെ പൊലീസ് ഓഫീസറുടെ മുഖത്ത് തുപ്പിയ കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്തു. നവംബർ നാലിനായിരുന്നു സംഭവം.

അമ്പത് പേർ പങ്കെടുത്ത റാലി പൊലീസിനെതിരേ ആക്രമണം അഴിച്ചുവിടുകയും, റോഡിൽ തീയിട്ടുമാണ് സംഘടിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു.

പൊലീസിനെ അധിക്ഷേപിച്ചതിനും, പ്രാദേശിക നിയമങ്ങൾ ലംഘിച്ചതിനുമാണ് സിംഗിനെതിരേ കേസെടുത്തിരിക്കുന്നത്. 24 വയസുള്ള ധെവീന പൊലീസിന്റെ മുഖത്തിനു നേരേ തുപ്പുന്ന ദൃശ്യങ്ങൾ സമീപ പ്രദേശത്തെ കാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇത് ഒരിക്കലും പൊറുക്കുകയില്ലെന്നും കർശന നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

വോട്ട് ചെയ്യുന്നതിനുള്ള സമയം അവസാനിച്ചാലും ലഭിക്കുന്ന മുഴുവൻ തപാൽ വോട്ടുകളും എണ്ണെണമെന്നും, ഇതിനെതിരേ ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തകർ കോടതിയെ സമീപിച്ചതുമാണ് പ്രകടനക്കാരെ പ്രകോപിപ്പിച്ചത്. വ്യാഴാഴ്ച വൈകിട്ട് നടത്തിയ പത്രസമ്മേളനത്തിലാണ് പൊലീസ് അധികൃതർ ഇക്കാര്യം വെളിപ്പെടുത്തിയത്.