ആലത്തൂർ: ചികിത്സയുടെ മറവിൽ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ വ്യാജ സിദ്ധവൈദ്യനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുവായൂർ സ്വദേശി വടക്കഞ്ചേരി പ്രധാനിയിൽ താമസിക്കുന്ന വിനോദിനെയാണ് (48) ഡിവൈഎസ്‌പി കെ.എം. ദേവസ്യ, കുഴൽമന്ദം സിഐ ഇ.പി. രാമദാസ്, എസ്‌ഐ എം.ആർ. അരുൺകുമാർ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.

യുവതിയുടെ പരാതിയെത്തുടർന്നുള്ള അന്വേഷണത്തിൽ വടക്കഞ്ചേരിയിലാണ് ഇയാൾ പിടിയിലായത്. 3 മാസം മുൻപാണ് യുവതി ഇയാളുടെയടുത്ത് ചികിത്സക്കെത്തിയതെന്നു പരാതിയിൽ പറയുന്നു. വടക്കഞ്ചേരി വള്ളിയോട് സുഹൃത്തിന്റെ വീട്ടിലും പാലക്കാട് ഹോട്ടൽ മുറിയിലും യുവതിയുടെ വീട്ടിലും വച്ചു പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു.

വർഷങ്ങൾക്കു മുൻപ് ഗുരുവായൂർ വിട്ട് കണ്ണാടി കാഴ്ചപ്പറമ്പിൽ കുറേക്കാലം താമസിച്ചിരുന്നു. ആലത്തൂർ കോടതി റിമാൻഡ് ചെയ്തു.