തൃശ്ശൂർ: ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ.. കേരളത്തിൽ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ചുള്ള മുൻധാരണ ഇങ്ങനെയാണ്. മരിച്ചത് സി പി എമ്മുകാരനെങ്കിൽ ആദ്യം വിരൽ ചൂണ്ടുക ബിജെപിയിലേക്കായിരിക്കും; നേര തിരിച്ചും. അപൂർവ്വമായി മാത്രമാണ് ഇതിന് വിരുദ്ധമായി സംഭവിക്കാറുള്ളത്.

ഇത്തരത്തിൽ ഒരു മുൻവിധിയോടെയുള്ള അന്വേഷണത്തിന്റെയും പ്രതിചേർക്കലിന്റെയും ഒടുവിൽ സത്യങ്ങൾ തിരിച്ചറിഞ്ഞ് കാൽനൂറ്റാണ്ടിന് ശേഷമുള്ള ഏറ്റുപറച്ചിലിന്റെയും അപൂർവ്വ കഥയാണ് തൃശ്ശിരിലെ ബിജിയും ബാബുരാജും ജെയ്‌സണും പറയുന്നത്.ചോർച്ച മാറ്റാൻ ടാർപ്പായകൊണ്ട് മൂടിയ വീടിന് മുന്നിലേക്ക് അപ്രതീക്ഷിതമായാണ് ഒരു വാഹനം വന്നു നിൽക്കുന്നത്. വീട്ടുമുറ്റത്ത് ആടിന് തീറ്റ നൽകുകയായിരുന്ന ഇടത് കൈപ്പത്തിയില്ലാത്ത യുവാവ് യുവാവ് റോഡിലേക്ക് ഇറങ്ങി വന്നു. വാഹനത്തിലുള്ളവരെ കണ്ട് ആദ്യമൊന്നു അമ്പരന്നെങ്കിലും പരസ്പരമുള്ള പുഞ്ചിരിയിൽ അമ്പരപ്പ് അലിഞ്ഞില്ലാതായി. ഈ നാലുപേരുടെയും ജീവിതം മാറ്റി മറിച്ച ദുരനുഭവത്തിന് ഇരുപത്തിയഞ്ച് വർഷം പൂർത്തിയാകുന്നതിന് തലേദിവസമായിരുന്നു ഈ അപൂർവ്വ കൂടിക്കാഴ്‌ച്ച.

1995 ഡിസംബർ നാലിനാണ് തൊഴിയൂരിലെ ഈ വീട്ടിൽ സുനിൽ എന്ന ആർഎസ്എസ്. കാര്യവാഹക് വെട്ടേറ്റ് മരിക്കുന്നത്. അന്വേഷണം എത്തിനിന്നത് സി പി എം പ്രവർത്തകരിലും. പൊലീസ് 11 ദിവസം ക്രൂരമായി പീഡിപ്പിച്ചശേഷം പ്രതിചേർത്തവരാണ് ആ വീട്ടിലേക്ക് വാഹനത്തിൽ എത്തിയ മൂന്നുപേർ.സിപിഎമ്മുകാരായ നാലുപേരെയും കോടതി പത്തരവർഷം തടവിന് ശിക്ഷിച്ചു.അവരെല്ലാം കണ്ണൂർ സെൻട്രൽ ജയിലിൽ കിടന്നു.മരിച്ച സുനിലിന്റെ സഹോദരൻ സുബ്രഹ്മണ്യനാണ് കൈപ്പത്തിയില്ലാതെ, ആടിനെ വളർത്തി ജീവിക്കുന്നത്. സുനിലിനെ വെട്ടിക്കൊന്നവരാണ് ഈ കൈപ്പത്തി അന്ന് അറുത്തെടുത്തതും. അക്രമികൾ സുനിലിന്റെ അമ്മയുടെ കാതും അച്ഛന്റെ വിരലും അറുത്തെടുത്തിരുന്നു.

പക്ഷെ കൊലപാതകത്തിലും തുടരന്വേഷണത്തിലും സംശയം മണത്ത ക്രൈംബ്രാഞ്ച് വീണ്ടും അന്വേഷണം നടത്തി തീവ്രവാദസംഘടനയായ ജം അയ്യുത്തുൽ ഇസ്ഹാനിയയുടെ പ്രവർത്തകരാണ് കൊലയ്ക്ക് പിന്നില്ലെന്നും പുലർച്ചെ രണ്ടിന് വീട്ടിലെത്തിയ തീവ്രവാദികളാണ് 19-കാരനായ സുനിലിനെ വെട്ടിക്കൊന്നതെന്നും
കണ്ടെത്തി. അതോടെ ബിജിയും ബാബുരാജും ഉൾപ്പെടെ ശിക്ഷിക്കപ്പെട്ട നിരപരാധികളെ ഹൈക്കോടതി കുറ്റവിമുക്തരാക്കി.

25 വർഷം മുമ്പ് കോടതിയിൽ സാക്ഷിപറയാനെത്തിയ സുബ്രഹ്മണ്യൻ അതിനുശേഷം മൂന്നുപേരെയും കാണുന്നത് കാൽനൂറ്റാണ്ടിന് ശേഷമാണ്. ആദ്യത്തെ പരിഭ്രമത്തിന് ശേഷം സുബ്രമണ്യൻ മനസ്സുതുറന്നു...'അന്ന് പൊലീസ് നിങ്ങൾക്കെതിരേ നിർബന്ധിച്ച് സാക്ഷിമൊഴി പറയിച്ചതാണ്.രാത്രിയായതിനാൽ ആരാണ് അക്രമികളെന്ന് തിരിച്ചറിയാനായില്ല. പ്രതികളാണെന്ന് പറയാൻ പൊലീസ് പറഞ്ഞുതന്നവരുടെ പേരുകൾ വീട്ടുകാർ പറഞ്ഞെന്ന് മാത്രം'സങ്കടത്തോടെ സുബ്രമണ്യൻ പറഞ്ഞു നിർത്തി. പക്ഷെ അതിൽ ആർക്കും പരിഭവമില്ല. കാലം സത്യം തെളിയിച്ചതിൽ സന്തോഷം മാത്രം.

എങ്കിലും ഇവർക്ക് ചില പരിഭവങ്ങളുണ്ട്, നിരപരാധികളെ പ്രതികളാക്കിയ ഗുരുവായൂർ പൊലീസ് തുടരന്വേഷണം അട്ടിമറിക്കാൻ കേസ് ഡയറി നശിപ്പിച്ചുകളഞ്ഞതിൽ... കേസിൽ യഥാർഥ പ്രതികളെന്ന് കണ്ടെത്തി അറസ്റ്റ് ചെയ്ത ജം അയ്യുത്തുൽ ഇസ്ഹാനിയയുടെ അഞ്ച് പ്രവർത്തകരുടെ പേരിൽ തുടർനടപടിയുണ്ടാകാത്തതിൽ... സുനിലിന്റെ കുടുംബത്തിനും പ്രതിചേർക്കപ്പെട്ട നിരപരാധികൾക്കും കാൽനൂറ്റാണ്ട് കഴിഞ്ഞിട്ടും നീതി കിട്ടാത്തതിൽ....തങ്ങൾക്ക് പരിഭവമുണ്ടെന്നും മൂ്ന്നുപേരും പറഞ്ഞുവെക്കുന്നു.