അടൂർ: വീട് വാടകയ്‌ക്കെടുത്ത് പെൺവാണിഭം നടത്തിയ കേസിൽ സ്ത്രീകളുൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. വീട് കേന്ദ്രീകരിച്ച് കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിക്കച്ചവടം നടക്കുന്നതായുള്ള രഹസ്യവിവരത്തെത്തുടർന്ന് വ്യാഴാഴ്ച എക്‌സൈസ് സംഘം ഈ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. 30 ഗ്രാം കഞ്ചാവ് കണ്ടെത്തുകയും ചെയ്തു.

ലഹരി കച്ചവടത്തിന് ചോദ്യം ചെയ്തപ്പോൾ പരസ്പര വിരുദ്ധമായ മറുപടിയാണ് ലഭിച്ചത്. പൊലീസെത്തി ചോദ്യം ചെയ്തതോടെയാണ് പെൺവാണിഭ സംഘം അറസ്റ്റിലായത്.

നടത്തിപ്പുകാരായ കോഴിക്കോട് ഫറൂക്ക് കൈതോലിപാടത്തിൽ ജംഷീർ ബാബു (37), പുനലൂർ മാത്ര വെഞ്ചേമ്പ് സുധീർ മൻസിൽ ഷമീല (36), സംഘത്തിൽപ്പെട്ട പാലക്കാട് കോട്ടായി ചേന്നംകോട് വീട്ടിൽ അനിത(26) എന്നിവരെയാണ് അടൂർ പൊലീസ് അറസ്റ്റുചെയ്തത്. പന്നിവിഴ ഭാഗത്ത് വീട് വാടകയ്‌ക്കെടുത്താണ് സംഘം പ്രവർത്തിച്ചിരുന്നത്. ഏഴുമാസം മുൻപാണ് ഇവർ വീട് വാടകയ്‌ക്കെടുത്തത്.

വാട്സാപ്പ് ഉപയോഗിച്ചാണ് ഇവർ ഉപഭോക്താക്കളെ കണ്ടെത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. പിടിയിലായവരുടെ വാട്സാപ്പിൽ നമ്പർ കണ്ടെത്തിയ പ്രമുഖരുടെ വിവരങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്. സിഐ. യു.ബിജു, എസ്‌ഐ.മാരായ ധന്യ, ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റുചെയ്തത്.

റെയ്ഡിനിടയിൽ വീടിനുള്ളിൽ രണ്ട് സ്ത്രീകളുള്ളതായി എക്‌സൈസ്സംഘം കണ്ടെത്തിയിരുന്നു. ചോദ്യംചെയ്തപ്പോൾ പരസ്പരവിരുദ്ധമായ മറുപടി ലഭിച്ചതോടെയാണ് അടൂർ സിഐ. യു.ബിജുവിനെ എക്‌സൈസ് വിവരമറിയിച്ചത്. പൊലീസെത്തി കൂടുതൽ ചോദ്യംചെയ്തപ്പോഴാണ് പെൺവാണിഭം സംബന്ധിച്ച വിവരങ്ങൾ പുറത്തറിയുന്നത്.