കൊടുവള്ളി: ബുള്ളറ്റ് മോഷ്ടാക്കളായ നാല് യുവാക്കളെ കൊടുവള്ളി പൊലിസ് അറസ്റ്റ് ചെയ്തു. വയനാട് പൊഴുതന മാക്കൂട്ടത്തിൽ മുഹമ്മദ് ഫസൽ (22), അടിവാരം കണലാട് സഫ്വാൻ (21), പുതുപ്പാടി പയോണ മക്കരതൊടിയിൽ ഷാക്കിർ (24), കൈതപ്പൊയിൽ തേക്കുള്ളകണ്ടി സിറാജ് (24) എന്നിവരാണ് അറസ്റ്റിലായത്.

താമരശ്ശേരി ഡിവൈഎസ്‌പിയുടെ നിർദ്ദേശാനുസരണം കൊടുവള്ളി ഇൻസ്പെക്ടർ ടി. ദാമോദരൻ, എസ്ഐ എൻ. ദിജേഷ് എന്നിവരുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച പുലർച്ചെ നടത്തിയ വാഹന പരിശോധനയിൽ കൊടുവള്ളി ബസ് സ്റ്റാന്റിന് സമീപത്ത് നിന്നാണ് പ്രതികൾ പിടിയിലായത്. ഇവരിൽ നിന്ന് ഒമ്പത് ബുള്ളറ്റുകളും രണ്ട് ബൈക്കുകളും പൊലിസ് കണ്ടെടുത്തു. ജില്ലയിലെ വിവിധ ഇടങ്ങളിൽ നിന്ന് മോഷണം പോയ ബുള്ളറ്റുകളും ബൈക്കുകളുമാണ് പിടിച്ചെടുത്തത്. കൂടുതൽ ബൈക്കുകൾ ഇവർ മോഷണം നടത്തിയിട്ടുണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്ന് പൊലിസ് പറഞ്ഞു.

ഹാന്റ്ലോക്ക് ചെയ്യാതിടുന്ന ബുള്ളറ്റുകളാണ് ഇവർ മോഷ്ടിക്കുന്നത്. മോഷ്ടിച്ച ബൈക്കുകൾ പണയത്തിനും വാടകക്കും നൽകുകയാണ് ഇവരുടെ രീതി. പ്രതികളെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി. എസ്ഐമാരായ എ. രഘുനാഥ്, ശ്രീകുമാർ, സിദ്ധാർത്ഥൻ, എഎസ്ഐ സജീവൻ, എസ്സിപിഒ മാരായ സജീവൻ, അബ്ദുൽറഷീദ്, ഇ. പി അബ്ദുൽറഹിം, ബിജു, ജയരാജൻ, സുനിൽകുമാർ, കരീം,സിപിഒമാരായ അഭിലാഷ്, ബോബി, ഹോംഗാർഡ് വാസു എന്നിവരും പൊലിസ് സംഘത്തിലുണ്ടായിരുന്നു.