മക്ക: വിശുദ്ധ മക്കയിലെ മസ്ജിദുൽ ഹറമിൽ വെച്ച് ജനങ്ങൾക്കിടയിൽ ഭീതി സൃഷ്ടിച്ച് നീങ്ങിയ ഒരാളെ ഹറം ശരീഫ് സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു. കൈ ഉയർത്തി അത്യുച്ചത്തിൽ മുദ്രാവാക്യം മുഴക്കി നീങ്ങിയ ഇയാളിൽ നിന്ന് കത്തി കണ്ടെടുക്കുകയും ചെയ്തു. തീവ്രവാദി വിഭാഗങ്ങളുടെ മുദ്രാവാക്യങ്ങളായിരുന്നു ഇയാൾ മുഴക്കിയിരുന്നത്. സമയോചിതമായ ഇടപെടലിലൂടെ ഹറം പൊലീസ് ഇയാളെ ഉടനടി കീഴ്പ്പെടുത്തി - മക്കാ പ്രവിശ്യാ സുരക്ഷാ വകുപ്പ് വ്യാഴാഴ്‌ച്ച വെളിപ്പെടുത്തി.

ഹറം പള്ളിയുടെ ഒന്നാം നിലയിൽ കഴിഞ്ഞ ചൊവാഴ്ച അസർ നിസ്‌കാരത്തിന് ശേഷമായിരുന്നു സംഭവം. ഇയാൾ ജനങ്ങൾക്കിടയിൽ ഒച്ചയിട്ട് നീങ്ങുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ പ്രചാരണം നേടുകയാണ്. രാഷ്ട്രീയ ചുവയുള്ളതും തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് അനുകൂലവുമായ ആഹ്വാനങ്ങളുമായിരുന്നു ഇയാളിൽ നിന്ന് ഉയർന്നു കേട്ടതെന്നും പൊലീസ് തുടർന്നു. ഇയാൾക്കെതിരിൽ നിയമാനുസൃത നടപടികൾ കൈക്കൊള്ളുമെന്നും പൊലീസ് അറിയിച്ചു.

ഹറമുകൾ ആരാധനാനുഷ്ട്ടാനങ്ങൾക്കും ആത്മീയ കാര്യങ്ങൾക്കും മാത്രമെന്ന ഇസ്ലാമിക രീതിക്കും സൗദിയുടെ പ്രഖ്യാപിത നയത്തിനും എതിരേയായിരുന്നു ഇയാളുടെ ചെയ്തികളെന്നാണ് വിലയിരുത്തൽ. തിവ്രവാദ ഗ്രൂപ്പിൽ പെട്ടയാളാണ് ഇയാളെന്നാണ് വിവരം.

അതേസമയം, ഹറമിൽ അസ്വസ്ഥത സൃഷ്ടിച്ച് പെരുമാറിയയാളെ അവസരോചിതമായി പിടികൂടിയതിന് ഇരുഹറം ഭരണസമിതി അധ്യക്ഷനും ഹറം മസ്ജിദ് ഇമാമുമായ ശൈഖ് ഡോ. അബ്ദുൾറഹ്മാൻ അൽസുദൈസ് ബന്ധപ്പെട്ടവരെ അഭിനന്ദിച്ചു. ഇസ്ലാമിന്റെ ഋജുവായ ആശയങ്ങൾ തള്ളിക്കളഞ് തീവ്രവാദം പ്രചരിപ്പിക്കാൻ വിശുദ്ധ ഹറം വേദി ദുരുപയോഗപ്പെടുത്താനുള്ള ശ്രമം അനുവദിക്കില്ലെന്നും അദ്ദേഹം ആവർത്തിച്ചു.