ഇടുക്കി: നെടുങ്കണ്ടത്ത് സമാന്തര ബാർ സംവിധാനമൊരുക്കി മദ്യവിൽപ്പന നടത്തിയ ആൾ അറസ്റ്റിൽ. നെടുങ്കണ്ടം ചക്കക്കാനം സ്വദേശി ആലുങ്കൽ ജയനാണ് അറസ്റ്റിലായത്. 25 കുപ്പികളിലായി സൂക്ഷിച്ചിരുന്ന വിദേശമദ്യം പിടികൂടി. മദ്യം സൂക്ഷിച്ചിരുന്ന വാഹനം കസ്റ്റഡിയിൽ എടുത്തു. പ്രതിയെ റിമാൻഡ് ചെയ്തു.

ചക്കക്കാനത്തെ സ്വകാര്യ വർക്ക് ഷോപ്പിനോട് ചേർന്നുള്ള പ്രദേശം കേന്ദ്രീകരിച്ചാണ് ഇയാൾ മദ്യ വിൽപ്പന നടത്തിയിരുന്നത്. കോൺക്രീറ്റ് മിക്‌സചർ കൊണ്ടുപോകുന്നതിനായി ഉപയോഗിക്കുന്ന വാഹനത്തിൽ നിന്നും സമീപത്ത് റോഡരുകിൽ ഒളിപ്പിച്ച നിലയിലും മദ്യം കണ്ടത്തുകയായിരുന്നു.

ലോക്ക്ഡൗണിന് മുന്നോടിയായി ബെവ്‌കോ ഷോപ്പിൽ നിന്നും പല തവണയായി മദ്യം വാങ്ങി സൂക്ഷിച്ചുവെന്നാണ് ജയൻ നൽകുന്ന വിവരം. 25 കുപ്പികളിലായി പത്ത് ലിറ്ററോളം മദ്യമാണ് കണ്ടെത്തിയത്. ബെവ്‌കോ ഔട്ട്‌ലെറ്റുകൾ, കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ടതോടെയാണ് ഇയാൾ ചില്ലറ വിൽപ്പന ആരംഭിച്ചത്.