- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താമരശ്ശേരിയിൽ 1410 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാൾ പിടിയിൽ; പൊലീസ് പിടികൂടിയതിന് ശേഷവും പ്രതിയുടെ ഫോണിലേക്ക് വിളിച്ചത് ഇരുന്നൂറിലേറെ ആവശ്യക്കാർ
കോഴിക്കോട്: താമരശ്ശേരിയിൽ 1410 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാൾ പിടിയിൽ.താമരശ്ശേരി കുടുക്കിലുമ്മാരം കയ്യേലിക്കുന്ന് സ്വദേശി കെ.കെ.നാസറിനെയാണ് താമരശ്ശേരി പൊലീസ് പിടികൂടിയത്. ഇയാളിൽ നിന്നും 1045 പായ്ക്കറ്റ് ഹാൻസ്, 365 പായ്ക്കറ്റ് കൂൾ എന്നീ പുകയില ഉത്പന്നങ്ങളാണ് പൊലീസ് പിടികൂടിയത്.
താമരശ്ശേരി കുടുക്കിലുമ്മാരം കവലയിൽ വെച്ച് ആവശ്യക്കാർക്ക് വിൽപന നടത്തുന്നതിനിടയിലാണ് നാസർ പിടിയിലായത്. അയൽ സംസ്ഥാനങ്ങളിൽ നിന്നാണ് ഇയാൾ പുകയില ഉത്പന്നങ്ങൾ എത്തിച്ചിട്ടുള്ളത്. പിടിയിലാകുന്ന സമയത്ത് ഇയാളുടെ കയ്യിലുണ്ടായിരുന്നതിന് പുറമെ വിവിധയിടങ്ങളിൽ ഇയാൾ രഹസ്യമായി സൂക്ഷിച്ചിരുന്ന പുകയില ഉത്പന്നങ്ങളും പൊലീസ് പിടിച്ചെടുത്തു.
അതേ സമയം നാസർ പൊലീസിന്റെ പിടിയിലായതിന് ശേഷവും പൊലീസിന്റെ പക്കലുള്ള നാസറിന്റെ ഫോണിലേക്ക് നിരവധി പേരാണ് പുകയില ഉത്പന്നങ്ങൾ ആവശ്യപ്പെട്ട് കൊണ്ട് വിളിച്ചിട്ടുള്ളത്. രണ്ട് മണിക്കൂറിനിടെ ഇരുന്നൂറിലേറെ ആളുകൾ വിളിച്ചതായി പൊലീസ് പറയുന്നു.പുകയില ഉത്പന്നങ്ങൾ ആവശ്യപ്പെട്ട് കൊണ്ട് വിളിച്ചവരുടെ ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
താമരശ്ശേരി പ്രിൻസിപ്പൾ എസ്‌ഐ ശ്രീജേഷ്, സി പി ഒ മാരായ ബീവീഷ്, ജിലു സെബാസ്റ്റ്യൻ, അബ്ദുൽ റഹൂഫ്, അനന്ദു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ