ജിദ്ദ: ലഹരി റാക്കറ്റിൽ ഉൾപ്പെടുന്ന അഞ്ചംഗ സംഘത്തെ ജിദ്ദയിൽ നിന്ന് മക്കാ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നാല് പേർ ഇന്ത്യക്കാരാണ്. മറ്റൊരാൾ എത്യോപ്യൻ പൗരനാണ്. മദ്യം ഉൾപ്പെടെയുള്ള നിരോധിത വസ്തുക്കളുടെ വലിയ ശേഖരം ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ലഹരി ഇടപാടുകൾ നടത്തുന്ന സംഘമാണ് ഇതെന്ന് പൊലീസ് പറഞ്ഞു.

പിടിയിലായ പ്രതികൾ മുപ്പതുകൾ മുതൽ അമ്പതുകൾ വരെ വയസ്സ് പ്രായമുള്ളവരാണെന്ന് ആഭ്യന്തര മന്ത്രാലയം സോഷ്യൽ മീഡിയയിലൂടെ വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വിവരിച്ചു. നൂറു കണക്കിന് കുപ്പി മദ്യം പ്രതികളിൽ നിന്ന് പിടിത്തെടുത്തവയിൽ പെടുന്നു. പിടിയിലായവർ കുറ്റസമ്മതം നടത്തിയതായും ഇവർക്കെതിരെയുള്ള നിയമ നടപടികളുടെ പൂർത്തീകരണത്തിനായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും മന്ത്രാലയം പ്രസ്താവന വെളിപ്പെടുത്തി. പിടിയിലാവരുടെയും കണ്ടെടുത്ത വസ്തുക്കളുടെയും വീഡിയോ ദൃശ്യം ഉൾപ്പെടയാണ് ആഭ്യന്തര മന്ത്രാലയം വാർത്ത പുറത്തു വിട്ടത്.

അതേസമയം, പിടിയിലായ ഇന്ത്യക്കാരെ സംബന്ധിച്ച വിശദവിവരങ്ങൾ അറിവായിട്ടില്ല. ഇതിൽ മലയാളികൾ ഉൾപ്പെടുന്നുണ്ടോ എന്ന് ഇനിയും സ്ഥിരീകരിക്കേണ്ടതുണ്ട്.