ആലുവ: വ്യാജ നമ്പർ പ്ലേറ്റ് പതിച്ച കാറിൽ ഹൈവേയിൽ കവർച്ചക്കെത്തിയ സംഘത്തിലെ പ്രധാന പ്രതി പൊലീസ് പിടിയിൽ. നിലമ്പൂർ വീട്ടിച്ചൽ ഭാഗത്ത് കുരിശുംമൂട്ടിൽ വീട്ടിൽ സിറിൾ (31) നെയാണ് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം തലപ്പാടിയിലുള്ള ലോഡ്ജിൽ നിന്നും പിടികൂടിയത്. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ജൂലൈ 8 ന് പുലർച്ചെ ദേശീയ പാതയിൽ കരിയാടാണ് സംഭവം.

പൊലീസ് പരിശോധന നടത്തുമ്പോൾ വ്യാജ നമ്പർ പ്ലേറ്റ് പതിച്ച കാർ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഹൈവേയിൽ കവർച്ചയായിരുന്നു ഇവരുടെ ലക്ഷ്യം. അതിന് തയ്യാറെടുക്കുമ്പോഴാണ് പൊലീസ് സാഹസികമായി മൂന്നുപേരെ പിടികൂടിയത്. ഇയാൾ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. സംഭവത്തെക്കുറിച്ച് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നതിനിടയിലാണ് ഒളിവിൽ കഴിയുകയായിരുന്ന ഇയാൾ പിടിയിലാകുന്നത്.

നിലമ്പൂർ പൊലീസ് സ്റ്റേഷൻ ആക്രമിച്ച കേസിലും ഇയാൾ പ്രതിയാണ്. സിഐ കെ.ജെ പീറ്റർ , എസ്‌ഐ മാരായ പി.പി ബിനോയി , പി.എം ഷാജി, എസ്.സി.പി. ഒ മാരായ ശ്യാംകുമാർ , കുഞ്ഞുമോൻ, റിതേഷ് എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.