ചെറുപുഴ: സമൂഹമാധ്യമത്തിലൂടെ പ്രണയം നടിച്ചു വശീകരിച്ച പെൺകുട്ടിയെ ശിവകാശിയിലേക്ക് കടത്തിയ യുവാവ് റിമാൻഡിൽ. കണ്ണുർ -കാസർകോട് അതിർത്തിയായ ബളാന്തോടുനിന്ന് കാണാതായ പ്ലസ്ടു വിദ്യാർത്ഥിനിയെ ശിവകാശിയിൽ നിന്നാണ് കണ്ടെത്തിയത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട മലപ്പുറം ജില്ലയിലെ കൽപ്പകഞ്ചേരി സ്വദേശി മനാഫിനൊപ്പമാണ് 17 കാരിയായ പെൺകുട്ടിയെ കണ്ടെത്തിയത്.

ശിവകാശിയിലെ സ്വകാര്യ കമ്പനി ജീവനക്കാരനായ മനാഫിനെതിരേ പോക്സോ നിയമപ്രകാരം കേസെടുത്തു. പയ്യന്നൂരിലെത്തിയാണ് പ്രതി പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. സ്‌കൂളിലേക്കു പോയ പെൺകുട്ടി തിരിച്ചെത്താതിരുന്നതിനെ തുടർന്ന് കുടുംബം രാജപുരം പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി ശിവകാശിയിലുണ്ടെന്ന് കണ്ടെത്തിയത്.

സീനിയർ സിപിഒമാരായ രഘുനാഥ്, മനോജ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ശിവകാശിയിലെത്തിയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. മനാഫിനെ ഹൊസ്ദുർഗ് ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെൺകുട്ടിയെ വീട്ടുകാർക്കൊപ്പം അയച്ചു.