തലശേരി: ധർമ്മടം താഴെ പീടികക്ക് സമീപമുള്ള ഹോട്ടലിൽ കയറി സപ്ലൈയറുമായി വഴക്കുണ്ടാക്കി അഴിഞ്ഞാടിയ കണ്ണൂർ സിറ്റി, കുറുവ ഭാഗത്തുള്ള മൂന്ന് യുവാക്കളെ ബഹളം കേട്ടെത്തിയ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി 'പൊതു സ്ഥലത്ത് ബഹളം വച്ചതിന് ' 118 പ്രകാരം മൂന്ന് പേർക്കെതിരെയും കേസെടുത്ത ധർമ്മടം പൊലീസ് പിന്നിട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.

കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെയാണ് ദേശിയ പാതയിൽ വാഹനക്കുരുക്കിന് പോലും ഇടയാക്കിയ സംഭവം അരങ്ങേറിയത് 'ഫാസ്റ്റ്ഫുഡ് ഉൾപെടെയുള്ള വിഭവങ്ങൾ വിളമ്പുന്ന ഹോട്ടലിൽ എത്തിയ മൂവർ സംഘം സ്വബോധം നഷ്ടപ്പെട്ട നിലയിൽ പെരുമാറി നാശനഷ്ടവും കൈയാങ്കളിയും നടത്തിയെന്നാണ് പ്രദേശവാസികൾ പറയുന്നത്.

ഇവരെ ചോദ്യം ചെയ്തവരെയും കൈയേറ്റം ചെയ്തതോടെയാണ് അന്തരീക്ഷത്തിന്റെ സ്വഭാവം മാറിയത്.ഇതോടെ നാട്ടുകാരും യുവാക്കളും തമ്മിൽ കൈയാങ്കളിയായി. ഇ തിനിടെ വിവരമറിഞ്ഞ് ധർമ്മടം എസ്‌ഐ.ധന്യ കൃഷ്ണന്റെ നേതൃത്വത്തിൽ പൊലീസെത്തി. കുഴപ്പംകാണിച്ച മൂവർ സംഘം പൊലീസിന് നേരെയും തട്ടിക്കയറി. ബലം പ്രയോഗിച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.

സിറ്റി, കുറുവ ഭാഗത്തെ സ്ഥിരം പ്രശ്‌നക്കാരാണ് ഇവരെന്ന് പൊലിസ് പറഞ്ഞു യുവാക്കൾക്കെതിരെ പൊതുസ്ഥലത്ത് പ്രശ്‌നമുണ്ടാക്കിയതിനും നാശനഷ്ടങ്ങൾ വരുത്തിയതിനും കേസെടുത്തിട്ടുണ്ട്.