മലപ്പുറം: ക്വാറിയിലെ ഷെഡിൽ നിന്നും കല്ലുവെട്ട് ഉപകരണങ്ങൾ മോഷ്ടിച്ച് വിൽപ്പന നടത്തുന്ന രണ്ടു യുവാക്കൾ പിടിയിൽ. മലപ്പുറം വളാഞ്ചേരി സി.കെ.പാറ നമ്പൂതിരിപ്പടി വലിയപീടിയേക്കൽ മുഹമ്മദ് റിയാസ് (44) പട്ടാമ്പി മുതുതലസ്വദേശി വേളക്കാട്ടിൽ അഷ്റഫ് (42) എന്നിവരാണ് വാഹന പരിശോധനക്കിടെ കൊടുമുടിയിൽ വെച്ച് വളാഞ്ചേരി പൊലീസിന്റെ പിടിയിലാകുന്നത്.

മാവണ്ടിയൂരിൽ പ്രവർത്തിക്കുന്ന ചെങ്കൽ ക്വാറിയിലെ ഷെഡിന്റെ പൂട്ട് തകർത്ത് പമ്പ് സെറ്റ്, കല്ലുവെട്ട് യന്ത്ര ഉപകരണങ്ങൾ തുടങ്ങിയവ ഒന്നാം പ്രതി മുഹമ്മദ് റിയാസ് മോഷ്ടിച്ച് രണ്ടാം പ്രതി അഷ്റഫിന്റെ ഗുഡ്സ് വാഹനത്തിൽ ഇവ കടത്തിക്കൊണ്ടുപോവുകയായിരുന്നു. സാമഗ്രികൾ നഷ്ടപ്പെട്ട ക്വാറി ഉടമ ഇതു സംബന്ധിച്ച് പൊലീസിൽ നേരത്തെ പരാതി നൽകിയിരുന്നു.ഇതേ തുടർന്ന് പൊലീസ് വാഹന പരിശോധന ശക്തമാക്കുകയും ജില്ലാ അതിർത്തിയായ കൊടുമുടിയിൽ വെച്ച് സാമഗ്രികൾ കടത്തുകയായിരുന്ന വാഹനവും പ്രതികളും പിടിയിലാവുകയായിരുന്നു.

ക്വാറി ഉടമയെ വിളിച്ചു വരുത്തി മോഷണം പോയ സാമഗ്രികളാണെന്ന് ഉറപ്പ് വരുത്തി പ്രതികളെ അറസ്റ്റ് ചെയ്ത് തിരൂർ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.സബ് ഇൻസ്പെക്ടർ മാരായ കെ.ടി.ബെന്നി,സുധീർ, എസ്.സി.പി.ഒ. ദീപക്,ഡബ്ല്യു.സി.പി.ഒ.പത്മിനി എന്നിവരങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.