മലപ്പുറം: മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ വീട്ടിൽ വിളിച്ചുവരുത്തി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. വെള്ളുവങ്ങാട് പറമ്പൻപൂള സ്വദേശി കരുവൻതിരുത്തി ഷറഫുദ്ദീൻ തങ്ങൾ (49)നെയാണ് പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

2021 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പതിനാലുകാരനെ ഷറഫുദ്ദീൻ തന്റെ താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. സംഭവം പുറത്തറിയാതിരിക്കാൻ ഷറഫുദ്ദീൻ കുട്ടിക്ക് 50 രൂപ നൽകുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ചൈൽഡ് ലൈൻ അധികൃതർ നൽകിയ കൗൺസിലിം?ഗിൽ പീഡനത്തിന് ഇരയായതായി കുട്ടി പറഞ്ഞു. പിന്നാലെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

കഴിഞ്ഞ ജനുവരിയിൽ മറ്റൊരു പതിനാലുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പീഡന പരാതി ലഭിച്ചതിന് പിന്നാലെയാണ് പൊലീസ് ഷറഫുദ്ദീനെ അറസ്റ്റ് ചെയ്തത്.