കോട്ടയം: ചായ കൊടുക്കാൻ വൈകി എന്ന് ആരോപിച്ച് തട്ടുകടക്കാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടി. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ കോട്ടയം പുതുപ്പള്ളി തച്ചുകുന്ന് വെട്ടിമറ്റം വീട്ടിൽ വിശ്വജിത്തിനെ (19) ആണ് കോട്ടയം ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ യു.ശ്രീജിത്ത്, എസ്‌ഐ എം.എച്ച്. അനുരാജ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

ചായ കിട്ടാൻ വൈകിയെന്നാരോപിച്ച് കടക്കാരനുമായി വാക്കേറ്റമുണ്ടാക്കി മടങ്ങിപ്പോയ സംഘം പിന്നീട് കമ്പിവടിയുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആക്രമണം അഴിച്ചുവിടുകയായിരുന്നു.പുതുപ്പള്ളി കൈതേപ്പാലത്ത് തട്ടുകട നടത്തുന്ന സന്തോഷിനെ (49) യാണ് നാലംഗ സംഘം കമ്പിവടിക്ക് അടിച്ചുവീഴ്‌ത്തിയത്.

സംഭവത്തിൽ ഒന്നാം പ്രതിയായ ഇയാളുടെ അച്ഛൻ വിനോദ്, മറ്റൊരു പ്രതി പുതുപ്പള്ളി തച്ചുകുന്ന് തൊട്ടിയിൽ അമിത്ത് അമ്പിളി(33) എന്നിവരെയും പ്രായപൂർത്തിയാകാത്ത മറ്റൊരാളെയും പൊലീസ് നേരത്തേ അറസ്റ്റുചെയ്തിരുന്നു. കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14-ദിവസത്തേക്ക് റിമാൻഡ് ചെയ്തു.