മുംബൈ: കാമുകിയുടെ ബിസിനസ് സ്ഥാപനത്തിന്റെ ഓഹരി നൽകാൻ സ്വകാര്യ ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയ യുവാവിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ബിസിനസിലെ തർക്കവും പ്രണയവും ഉൾപ്പെട്ട പരാതിയിലാണ് അറസ്റ്റ്. ബിസിനസ്സിലെ 30 ശതമാനം ലാഭവിഹിതം വിട്ടുനൽകാനാണ് യുവാവ് ആവശ്യപ്പെട്ടിരുന്നത്. ഇയാൾക്ക് യുവതിയുമായി നേരത്തെ ബന്ധമുണ്ടായിരുന്നു. ആ സമയത്ത് എടുത്ത സ്വകാര്യ ചിത്രങ്ങൾ ഉപയോഗിച്ചായിരുന്നു ഭീഷണിയെന്ന് പൊലീസ് പറഞ്ഞു.

2021 ഫെബ്രുവരിയിലാണ് മറ്റ് രണ്ട് പേരുമായി ചേർന്ന് യുവതി ബിസിനസ്സ് ആരംഭിക്കുന്നത്. ഇതിൽ ഒരാളുടെ സഹോദരനാണ് പ്രതി. ബിസിനസ്സ് യോഗങ്ങളിൽവെച്ച് കണ്ട് മുട്ടിയ ഇവർ പ്രണയത്തിലാവുകയായിരുന്നു. പിന്നീട് ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചെങ്കിലും കഴിഞ്ഞ ഡിസംബറിൽ ബന്ധം അവസാനിപ്പിക്കുന്നതായി യുവാവ് അറിയിക്കുകയായിരുന്നു.

ഇതിന് ശേഷം യുവാവ് പതിവായി തന്റെ സഹോദരന്റെ ഫോണിലേക്ക് ഇരുവരുടെയും സ്വകാര്യചിത്രങ്ങൾ അയക്കാറുണ്ടെന്ന് യുവതി പരാതിയിൽ പറഞ്ഞു. യുവതിയുടെ ബിസിനസ് ഷെയർ നൽകിയില്ലെങ്കിൽ കൂടുതൽ ബന്ധുക്കൾക്ക് ചിത്രങ്ങൾ അയച്ചുനൽകുമെന്നും പ്രതി ഭീഷണിപ്പെടുത്തിയിരുന്നു.

യുവാവിന്റെ ശല്യം സഹിക്കാനാകാതെ യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 384, 420, 509, 501, 34, വകുപ്പുകളും ഐടി നിയമത്തിലെ 67 എ എന്ന വകുപ്പും പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.