കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് തപാലിലൂടെ പാർസൽ വഴി കഞ്ചാവ് എത്തിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് നർക്കോട്ടിക്‌സ് കൺട്രോൾ മേധാവി കേണൽ മുഹമ്മദ് ഖബസാർദിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് രാജ്യത്തേക്ക് കഞ്ചാവ് കടത്താനുള്ള ശ്രമം പരാജയപ്പെടുത്താനായതെന്ന് ഔദ്യോഗിക പ്രസ്താവന പറയുന്നു.

പോസ്റ്റൽ വഴി രാജ്യത്തേക്ക് എത്തിയ പാർസലാണ് പരിശോധിച്ചത്. തുടർന്ന് മംഗഫിൽ താമസിച്ചിരുന്ന വിദേശിയാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തി. പബ്ലിക് പ്രോസിക്യൂഷനിൽ നിന്ന് ആവശ്യമായ അനുമതി വാങ്ങിയ ശേഷം ഇയാളുടെ വീട്ടിൽ റെയ്ഡ് നടത്തുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ രാജ്യത്തേക്ക് കഞ്ചാവ് എത്തിച്ച വിവരം സമ്മതിച്ചു. തനിക്ക് സഹായം നൽകുന്ന കുവൈത്ത് പൗരന്റെ വിവരങ്ങളും ഇയാൾ ഉദ്യോഗസ്ഥർക്ക് കൈമാറി. തുടർന്ന് സുറയിലെ സ്വദേശിയുടെ വീട്ടിലും പൊലീസ് റെയ്ഡ് നടത്തുകയായിരുന്നു. രണ്ട് പേരെയും ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത് തുടർ നടപടികൾ സ്വീകരിച്ചു.

അതേസമയം മയക്കുമരുന്ന് കടത്തിയ മറ്റൊരു വിദേശി ജലീബ് അൽ ശുയൂഖിലും പിടിയിലായി. ഒരു ഗ്രാം വീതമുള്ള 100 ചെറിയ പാക്കുറ്റുകളിലാക്കിയ നിലയിലാണ് ഇയാളിൽ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തതെന്നും അധികൃതർ അറിയിച്ചു. ജലീബ് അൽ ശുയൂഖിൽ അറസ്റ്റിലായത് ശ്രീലങ്കൻ പൗരനാണെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടുകളിൽ പറയുന്നത്.