ലണ്ടൻ: ബ്രിട്ടനിലെ നഴ്‌സിങ് ഹോമിലെ ഡിമെൻഷ്യ രോഗിൾ കുഞ്ഞുങ്ങളെ പോലെ കരുതുന്ന ഡോളിനെ എടുത്ത് എറിഞ്ഞ കേസിലെ പ്രതികളായ രണ്ട് സീനിയർ കെയറർമാർക്ക് ഒരു വർഷം വരെ തടവ്. ഷൗന ഹിഗിൻ(20), വിക്ടോറിയ ജോൺസൺ( 23) എന്നിവരാണ് ഈ കേസിൽ യഥാക്രമം 13ഉം 12ഉം മാസങ്ങൾ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരിക്കുന്നത്. വയോധികരോഗികൾ സ്വന്തം കുഞ്ഞുങ്ങളെ പോലെ കരുതി പരിപാലിക്കുന്ന ഡോളുകളെ ഇവിടുത്തെ ഈ വർഷം ആദ്യം ഇവിടുത്തെ ജീവനക്കാർ തന്നെ വലിച്ചെറിഞ്ഞ് ആഘോഷിക്കുകയായിരുന്നുവെന്നാണ് കേസ്. സംഭവം വെളിച്ചത്ത് വന്നയുടൻ തന്നെ ഈ സീനിയർ കെയറർമാർ സസ്‌പെൻഷനിലാവുകയും ചെയ്തിരുന്നു. അന്ന് ഈ കെയറർമാരുടെ ക്രൂരമായ ആഘോഷത്തിന്റെ വീഡിയോ പുറത്ത് വരുകയും ചെയ്തിരുന്നു. ജോലി സ്ഥലത്ത് തമാശ കാണിക്കുന്ന മലയാളി നഴ്സുമാർക്ക് പാഠമാണ് ഇവർക്ക് ലഭിച്ചിരിക്കുന്ന ജയിൽ ശിക്ഷ.

ഈ പാവകളെ കെയറർമാർ കുക്കിങ് പോട്ടിൽ വച്ച് ചൂടാക്കുന്നതിന്റെ ചിത്രങ്ങൾ പുറത്ത് വന്നതിനെ തുടർന്ന് പൊലീസ് ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണമാണ് നടത്തിയിരുന്നത്. മറ്റൊരു ചിത്രത്തിൽ ഒരു പെൻഷനറുടെ മുറിയിൽ നിന്നും തട്ടിയെടുത്ത പാവയുടെ കഴുത്തിൽ ഇവിടുത്തെ ജീവനക്കാർ കയറിട്ട് തൂക്കിയിട്ടിരിക്കുന്നതും വെളിപ്പെട്ടിരുന്നു. സിൽവർഡെയിൽ കെയർ ഹോമാണ് ആഷ്‌ബോൺ ഹൗസ് എന്ന ഈ സ്ഥാപനം നടത്തുന്നത്. 65 വയസിന് മുകളിലുള്ള 29 പേരാണിവിടെ കഴിയുന്നത്. എല്ലാവരും നഴ്‌സിങ് കെയറോ പഴ്‌സണൽ കെയറോ ആവശ്യമുള്ളവരാണ്. ഇക്കൂട്ടത്തിൽ ഡിമെൻഷ്യ രോഗികളും പഠനവൈകല്യമുള്ളവരുമുണ്ട്. ഈ ഹോമിന്റെ ഇടനാഴിയിൽ വച്ചാണ് പാവകളെ ആക്രമിക്കുന്നതിന്റെ വീഡിയോ പകർത്തിയിട്ടുള്ളത്.

ഇതിലൊരു സ്റ്റാഫ് ഒരു പാവയെ നിലത്തിട്ട് ചവിട്ടുന്നതും കാണാം. ഈ സ്റ്റാഫിന്റെ സഹപ്രവർത്തകരനാണീ ദൃശ്യം ക്യാമറയിൽ പകർത്തിയിരിക്കുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ എന്തി വികാരമാണ് ഉണ്ടാകുന്നതെന്ന് ക്യാമറയിൽ പകർത്തുന്നയാൾ ആക്രമണകാരിയോട് ചോദിക്കുന്നതും കേൾക്കാം. പാവയുടെ ഉടമയ്ക്ക് വിഷമമുണ്ടാകുന്നതിനാൽ തനിക്ക് നല്ല സുഖം തോന്നുന്നുവെന്നാണ് വനിതാ ജീവനക്കാരിയുടെ മറുപടി. ഈ ചിത്രങ്ങളും വീഡിയോയും കെയർഹോമിലെ ചില ജീവനക്കാർ വാട്ട്‌സാപ്പിലുടെ ഷെയർ ചെയ്യുകയും ചെയ്തിരുന്നു.തങ്ങളുടെ പ്രിയപ്പെട്ടവരെ കെയർഹോമിലാക്കുമ്പോൾ അവർക്ക് ആദരവും ബഹുമാനവും കലർന്ന പെരുമാറ്റമെങ്കിലും അവിടുത്തെ ജീവനക്കാരിൽ നിന്നും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എന്നാൽ ഇവിടെ അതിൽ നിന്നം തീർത്തും വിരുദ്ധമായാണ് സംഭവിച്ചിരിക്കുന്നതെന്നുമാണ് ഇവർക്ക് തടവ് ശിക്ഷ വിധിച്ച് കൊണ്ട് ജഡ്ജ് ആൻഡ്ര്യൂ ലോകോക്ക് പ്രസ്താവിച്ചിരിക്കുന്നത്. പ്രതികൾ അന്തേവാസികളോട് വളരെ ക്രൂരമായാണ് പെരുമാറിയിരിക്കുന്നതെന്നും കോടതി ആരോപിക്കുന്നു.

സംഭവം വെളിച്ചത്ത് വന്നതിനെ തുടർന്ന് കെയർ ക്വാളിറ്റി കമ്മീഷനിൽ വിവരമറിയിക്കുകയും സംഭവം ഹെൽത്ത് ആൻഡ് കെയർ പ്രഫഷൻസ് കൗൺസിലിലേക്കും ഡിസ്‌ക്ലോഷർ ആൻഡ് ബാറിങ് സർവീസിലേക്കും റഫർ ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ കെയർ ആൻഡ് ക്വാളിറ്റി കമ്മീഷൻ ഇവിടെ പരിശോധന നടത്തിയതിന് ശേഷം ഈ കെയർഹോമിൽ പുരോഗമനപരമായ പ്രവർത്തനങ്ങൾ നടന്ന് വരുകയായിരുന്നു.ചില സ്റ്റാഫുകളുടെ മനോഭാവത്തിൽമാറ്റമുണ്ടാകേണ്ടിരിയിരിക്കുന്നുവെന്നാണ് ഒഫീഷ്യലുകൾ പ്രതികരിക്കുകയും ചെയ്തിരുന്നു. തങ്ങൾ വയോധികരോഗികളോട് കഴിഞ്ഞ വർഷം ഡിസംബർ ഒന്ന് മുതൽ 26 വരെയുള്ള ദിവസങ്ങൾക്കിടയിൽ വളരെ മോശമായിട്ടാണ് പെരുമാറിയിരിക്കുന്നതെന്ന് രണ്ട് പ്രതികളും കോടതിയിൽ സമ്മതിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

തങ്ങളെ തടവിലിടാനുള്ള വിധി മാഞ്ചസ്റ്ററിലെ മിൻഷുൾ സ്ട്രീറ്റ് ക്രൗൺ കോടതി പുറപ്പെടുവിപ്പിക്കുമ്പോൾ രണ്ട് കെയറർമാരും കരയുന്നത് കാണാമായിരുന്നു. പാവകളെ തട്ടിപ്പറിച്ച് വയോധികരോഗികളെ വിഷമിപ്പിക്കുന്ന വീഡിയോ തദ്ദേശവാസിയായ ഒരാൾ പ്രാദേശിക പത്രത്തിന് അയക്കുകയും തുടർന്ന് ഇക്കഴിഞ്ഞ ജനുവരിയിൽ ഇക്കാര്യം പൊലീസിൽ റിപ്പോർട്ട് ചെയ്യപ്പെടുകയുമായിരുന്നു.തന്റെ കക്ഷിയുടെ പ്രവർത്തി അപക്വത മൂലം സംഭവിച്ച് പോയതാണെന്നാണ് ഷൗന ഹിഗിന്റെ അഭിഭാഷകനായ ജോൺ മാർഷ് കോടതിയിൽ വാദിച്ചത്. മാദ്ധ്യമങ്ങളിൽ ഈ വാർത്ത റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് ഹിഗിന് വധഭീഷണി വരെ ലഭിച്ചിരുന്നുവെന്നും മാർഷ് ബോധിപ്പിച്ചു. വിക്ടോറിയ ജോൺസൺ സംഭവത്തിന് ശേഷം മാനസികമായി ആഘാതത്തിലായതിനാൽ കൗൺസിലിംഗിന് വിധേയമായിക്കൊണ്ടിരിക്കുന്നുവെന്നാണ് അവരുടെ അഭിഭാഷകനായ സ്റ്റീവൻ സുള്ളിവൻ കോടതിയിൽ ബോധിപ്പിച്ചിരുന്നത്. അപക്വതയും ചിന്തയില്ലായ്മയും നിരുത്തരവാദിത്വവും മൂലമാണ് ഈ തെറ്റ് സംഭവിച്ചിരിക്കുന്നതെന്നും ആരെയും മനഃപൂർവം ദ്രോഹിക്കാൻ ഉദ്ദേശിച്ചിട്ടുള്ളതായിരുന്നില്ലെന്നും സുള്ളിവൻ ബോധിപ്പിച്ചെങ്കിലും കോടതി ചെവിക്കൊണ്ടില്ല. കെയർ ഹോമുകളിലെ രോഗികളോട് തെറ്റായി പെരുമാറുന്ന കെയറർമാരെ നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് കഴിഞ്ഞ വർഷമായിരുന്നു പുതിയ നിയമം നിലവിൽ വന്നിരുന്നത്. ഇത് പ്രകാരം ശിക്ഷ ലഭിക്കുന്ന ആദ്യത്തെ കെയറർമാരായി ഈ രണ്ട് പേർ മാറിയിരിക്കുകയാണ്.