മുസാഫർനഗർ: ഉത്തർപ്രദേശിൽ പശുവിനെ കൊന്നെന്ന കുറ്റംചുമത്തി പ്രായപൂർത്തിയാവാത്ത രണ്ടു പെൺകുട്ടികളെ പൊലീസ് അറസ്റ്റ് ചെയ്തു. പന്ത്രണ്ടും പതിനാറും വയസുള്ള പെൺകുട്ടികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മുസാഫർനഗറിലെ ഖത്വാലിയിലായിരുന്നു സംഭവം. പെൺകുട്ടികളുടെ അമ്മയും മറ്റ് ആറു പേരും കൂടെ അറസ്റ്റിലായിട്ടിട്ടുണ്ട്. ഇവരെ ജില്ലാ കോടതിയിൽ പൊലീസ് ഹാജരാക്കി. എന്നാൽ പ്രായപൂർത്തിയാവാത്ത കുട്ടികളെ പിന്നീട് ജുവനൈൽ കോടതിയിൽ ഹാജരാക്കുകയും ജുവനൈൽഹോമിലേക്ക് വിടുകയും ചെയ്തു.

വെള്ളിയാഴ്ചയാണ് പൊലീസ് നടപടിയുണ്ടായത്. 10 കിന്റൽ ഇറച്ചിയും കശാപ്പ് ഉപകരണങ്ങളും ഒളിപ്പിച്ചു നിർത്തിയിരുന്ന കന്നുകാലികളെയും പിടിച്ചെടുത്തതായി പൊലീസ് പറയുന്നു. കേസിൽ ഒമ്പതു പേരാണ് അറസ്റ്റിലായത്.

ഇവരിൽ പെൺകുട്ടികൾ കൂടാതെ മൂന്നു പേർ സ്ത്രീകളാണ്. നാല് പേരെക്കൂടി പിടികൂടാനുണ്ടെന്നും പൊലീസ് പറയുന്നു. പ്രായപൂർത്തിയായവരെ കോടതി ജയിലിലേക്ക് അയച്ചു. പശു കശാപ്പിന്റെ പേരിൽ യുപിയിൽ നടക്കുന്നു പുതിയ നടപടി വലിയ ചർച്ചയായിരിക്കുകയാണ്.