- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മീബിയ സ്വദേശിനി വന്നത് ജൊഹന്നാസ് ബർഗിൽ നിന്നും; രക്ഷിച്ചു കൊണ്ടു പോകാൻ ഒരുക്കിയത് അത്യാഡംബരക്കാറുകൾ; ബുക്ക് ചെയ്തത് പഞ്ചനക്ഷത്ര ഹോട്ടലിലെ റൂം; പിടികൂടിയ ഉടനെ റൂം ക്യാൻസൽ ചെയ്തതും സംശയത്തിൽ; ആ ആഫ്രിക്കക്കാരി ചെറിയ മീനല്ല; അന്വേഷണം സിനിമാക്കാരിലേക്കും
കൊച്ചി: കേരളത്തിലേക്ക് 32 കോടിയുടെ ഹെറോയിൻ കടത്തിയ സംഭവത്തിൽ കരിപ്പൂർ വിമാനത്താവളത്തിലും കോഴിക്കോട്ടും ഒരുക്കിയത് വൻ സന്നാഹം. സ്വർണ്ണ കടത്ത് ലോബിക്കും ഇതിൽ പങ്കുണ്ടെന്നാണ് സൂചന. അഞ്ചു കിലോ ഹെറോയിനുമായി പിടിയിലായ ആഫ്രിക്കൻ യുവതി ബിഷാല സോമോ (40) ഇന്ത്യയിൽ മയക്കുമരുന്ന് എത്തിക്കുന്ന ഇടനിലക്കാരിയാണ്. ഈ അന്വേഷണം മലയാള സിനിമയിലെ ചില പ്രമുഖരിലേക്കും എത്തുന്നതായാണ് സൂചന.
ബിഷാല സോമോയ്ക്ക് വേണ്ടി വിമാനത്താവളത്തിൽ മൂന്നു വാഹനങ്ങളാണ് ഒരുക്കിയിരുന്നത്. കോഴിക്കോട് കുതിരവട്ടത്തുള്ള പ്രമുഖ ഹോട്ടലിൽ 21 മുതൽ 28 വരെ ഇവർക്കായി മുറിയും ബുക്ക് ചെയ്തിരുന്നു. മൂന്ന് വാഹനങ്ങളിൽ ഒന്ന് ഇവരെ കയറ്റാനായിരുന്നു. മറ്റ് രണ്ടും അകമ്പടിക്കുള്ളതും. ഇവർ ഡിആർഐയുടെ പിടിയിലായി നിമിഷങ്ങൾക്കകം ഇവരെ കാത്തുകിടന്നവർ രക്ഷപ്പെട്ടു.
ഇവരെ കാത്ത് വാഹനത്തിൽ എത്തിയവരെ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ അടക്കം ഡിആർഐ പരിശോധിക്കും. കരിപ്പൂർ വിമാനത്താവളത്തിൽ ഇവർ ഇറങ്ങിയ ഉടൻ റൂം ക്യാൻസൽ ചെയ്തിരുന്നു. പിടിയിലായപ്പോൾ തന്നെ പുറത്തുള്ളവർ അറിഞ്ഞതിനാൽ, ഇവർക്കൊപ്പം വിമാനത്തിലും മയക്കുമരുന്ന് മാഫിയയുടെ ആൾക്കാർ ഉണ്ടായിരുന്നുവെന്നാണ് നിഗമനം.
ഇവർ മുമ്പ് ബെംഗളൂരുവിൽ എത്തിയിട്ടുണ്ടെന്നും യാത്രകളെല്ലാം ബിസിനസ് ക്ലാസിൽ ആയിരുന്നുവെന്നും ഡിആർഐ കണ്ടെത്തിയിട്ടുണ്ട്. ആഗോള തലത്തിലുള്ള മയക്കുമരുന്ന് റാക്കറ്റിന്റെ കണ്ണിയായ ബിഷാല കോഴിക്കോട് ഇതിന് മുമ്പ് എത്തിയിട്ടുണ്ടോ എന്നും ഡിആർഐ അന്വേഷിക്കുന്നുണ്ട്. കൃത്യമായ പരിശീലനം ലഭിച്ചിട്ടുള്ള ഇവർ ഡിആർഐയുടെ ചോദ്യം ചെയ്യലിനോട് ഇതുവരെ സഹകരിച്ചിട്ടില്ല. താൻ ഗുരുതര രോഗബാധിതയാണെന്നാണ് ഇവരുടെ നിലപാട്.
ആഫിക്കയിലെ നെയ്‌റോബിയിൽ നിന്നാണ് ഇവർ കരിപ്പൂരിലേക്ക് ഹെറോയിൻ എത്തിച്ചതെന്നാണ് വിവരം. ഖത്തറിൽ നിന്ന് രാവിലെ കരിപ്പൂരിലെത്തിയ ബിഷാല സോമോ ലഗേജുകൾക്കുള്ളിൽ ഒളിപ്പിച്ചാണ് ഹെറോയിൻ കൊണ്ടുവന്നത്. അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയത്. അന്താരാഷ്ട്ര വിപണിയിൽ 32 കോടി വിലമതിക്കുന്ന ഹെറോയിനാണ് ആഫ്രിക്കൻ വനിതയിൽ നിന്നും പിടികൂടിയത്.
മീബിയ സ്വദേശിനിയായ 41 കാരി ബിഷാല ജൊഹനാസ്ബർഗിൽ നിന്നുമാണ് വന്നത്. ഖത്തർ എയർവേസ് വിമാനത്തിൽ പുലർച്ചെ 2.15 നാണ് ഇവർ കരിപ്പൂരിലെത്തിയത്. ബിഷാലയുടെ ട്രോളി ബാഗിനടിയിൽ ഒട്ടിച്ചു വച്ച നിലയിലായിരുന്നു അഞ്ച് കിലോഗ്രാം ഹെറോയിൻ സൂക്ഷിച്ചിരുന്നത്. ഹെറോയിന് ഏറ്റുവാങ്ങാൻ വിമാനത്താവളത്തിൽ ആളെത്തുമെന്നായിരുന്നു ഇവർക്ക് കിട്ടിയ നിർദ്ദേശം. ഇവർ പ്രൊഫഷണൽ മയക്കുമരുന്ന് കാരിയറാണെന്ന് ഡിആർ ഐ അറിയിച്ചു.
ആരാണ് വിമാനത്താവളത്തിൽ ഇവരിൽ നിന്നും മയക്കുമരുന്ന് വാങ്ങാനായി എത്താനിരുന്നത് എന്നതിലും അന്വേഷണം നടക്കുന്നുണ്ട്.കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കരിപ്പൂർ വിമാനത്താവളത്തിൽ നടന്ന ഏറ്റവും വലിയ ലഹരി വേട്ടയാണ് ഇത്. ഗുജറാത്ത് അടക്കമുള്ള രാജ്യത്ത് മറ്റിടങ്ങളിൽ നടന്ന ലഹരി വേട്ടകളുമായി ഇതിന് ബന്ധമില്ലെന്നും മയക്കുമരുന്ന് സംഘത്തിന്റെ അഫ്ഗാൻ ബന്ധം സ്ഥിരീകരിച്ചിട്ടില്ലെന്നുമാണ് ഡിആർഐ അന്വേഷണ സംഘം അറിയിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ