കൊച്ചി: മഹാരാജാസ് കോളേജിലെ ചുവരെഴുത്തിന്റെ പേരിലല്ല അഞ്ച് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തതെന്ന് കൊച്ചി സെൻട്രൽ പൊലീസ്. കോളേജിലെ പൊതുമുതൽ നശിപ്പിച്ചതിന്റെ പേരിൽ ഒന്നര മാസം മുമ്പ് ലഭിച്ച പ്രിൻസിപ്പൽ എൻ.എൽ ബീനയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും വി്ദ്യാർത്ഥികളെ അറസ്റ്റുചെയ്ത നടപടി വിവാദമായതിന് പിന്നാലെ പൊലീസ് വിശദീകരിക്കുന്നു.

കോളേജ് കോമ്പൗണ്ടിൽ രാത്രി കടന്നുകൂടി ഫർണിച്ചറും പൈപ്പുകളും നശിപ്പിച്ചത് രാകേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണെന്ന് വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും സെൻട്രൽ സിഐ അനന്ദലാൽ മറുനാടൻ മലയാളിയോട് വിശദീകരിച്ചു.

അതേസമയം, അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാർത്ഥികളെ എസ്.എഫ്.ഐ നേരത്തെ സംഘടനയിൽ നിന്ന് പുറത്താക്കിയതാണെന്ന് യൂണിറ്റ് സെക്രട്ടറി അശ്വിൻ മറുനാടനോട് പ്രതികരിച്ചു. നിലവിൽ പിഡിപിപി വകുപ്പ് പ്രകാരം അറസ്റ്റിലായ വിദ്യാർത്ഥികൾ എസ്എഫ്‌ഐ പ്രവർത്തകരാണ് എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണ്. സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പുറത്താക്കപ്പെട്ട വിദ്യാർത്ഥികൾ ക്യാംപസിന്റെ ചുവരുകളിൽ കഞ്ചാവ് ഉപയോഗവുമായും സാത്താൻ സേവയുമായും ബന്ധപ്പെട്ട ചിത്രങ്ങളും വികൃതരചനകളും നടത്തിയവരാണ്. എന്നാൽ കോളേജിനുള്ളിലേക്ക് പൊലീസിനെ കയറ്റിയ പ്രിൻസിപ്പലിന്റെ നടപടി പ്രതിഷേധാർഹമാണ്. ഇതിനെതിരെയാണ് എസ്.എഫ്.ഐയുടെ സമരമെന്നും അശ്വിൻ വ്യക്തമാക്കുന്നു.

വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം ശക്തമാകുകയാണ്. പ്രധാന കവാടത്തിന് സമീപം അശ്ലീലം നിറഞ്ഞ ചുവരെഴുത്തുകൾ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് അറസ്റ്റെന്നാണ് വിദ്യാർത്ഥികൾക്ക് ലഭിച്ച വിവരം. എന്നാൽ അശ്ലീല ചുവരെഴുത്തുകൾ അല്ല, ചില കവിതാശകലങ്ങളാണ് ചുവരിൽ എഴുതിയതെന്ന് ഒരു വിഭാഗം വിദ്യാർത്ഥികൾ പറയുന്നു. ബിരുദ വിദ്യാർത്ഥികളായ കൈതാരം സ്വദേശി രാകേഷ് കൽമാഡി, തിരുവാങ്കുളം സ്വദേശി നിധിൻ, കാക്കനാട് സ്വദേശി ആനന്ദ്, അർജുൻ, വെണ്ണല സ്വദേശി മുഹമ്മദ് എന്നിവരെയാണ് സെൻട്രൽ പൊലീസ് ജാമ്യമില്ലാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.

ക്യാമ്പസിനുള്ളിൽ രാത്രികാലങ്ങളിൽ കടന്ന് അനുവാദം കൂടാതെ ചുവരുകളിൽ ചിത്രം വരയ്ക്കുകയും എഴുത്തുകൾ നടത്തുകയും ചെയ്യുന്നതിനെതിരെ ഒന്നര മാസം മുമ്പാണ് പ്രിൻസിപ്പൽ പൊലീസിൽ പരാതി നൽകിയത്. ഈ പരാതിയിന്മേൽ സെൻട്രൽ സിഐ അനന്ദലാലിന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് പുതിയ ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടത്. ഇതേ തുടർന്നായിരുന്നു അറസ്റ്റ്. അറസ്റ്റ് ചെയ്ത വിദ്യാർത്ഥികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ മുഖ്യമന്ത്രിക്കും വി എസ് അച്യുതാനന്ദനും കത്തെഴുതിയിട്ടുണ്ട്.

അതേസമയം, അറസ്റ്റുചെയ്ത നടപടിയെ ന്യായീകരിച്ച് എസ്എഫ്‌ഐ രംഗത്തെത്തിയതും വിവാദമായിട്ടുണ്ട്. കുരീപ്പുഴയുടെ കവിതകൾ എഴുതിയതിനാണ് അറസ്റ്റ് എന്നത് വ്യാജ പ്രചരണമാണെന്നും ഇപ്പോഴത്തെ കേസിന് ആധാരം പഴയ സംഭവങ്ങളാണെന്നുമാണ് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി വിജിൻ പ്രതികരിച്ചിട്ടുള്ളത്.

 

കുരീപ്പുഴയുടെ കവിതകൾ കുറിച്ചതിനാണ് അറസ്റ്റെന്ന് വിഷയത്തെ വഴിതിരിച്ചുവിടാനാണ് പ്രചരിപ്പിക്കുന്നതെന്നും ക്യാംപസിൽ മതസ്പർധ വളർത്തുന്ന പോസ്റ്ററുകൾ പതിച്ചതിനാണ് നടപടിയെന്നും വിജിൻ പറയുന്നു. അതിന്റെ ഫോട്ടോ എസ്എഫ്‌ഐ പ്രവർത്തകർ അയച്ചുതന്നിട്ടുണ്ടെന്നും കഞ്ചാവ് ഉപയോഗിക്കുകയും ക്യാംപസിലെ വാതിലും ജനലുകളും തകർക്കുകയും ചെയ്ത വിദ്യാർത്ഥികളെയാണ് നിലവിൽ അറസ്റ്റ് ചെയ്തതെന്നുമാണ് വിജിൻ പറയുന്നത്.

അറസ്റ്റിനെ ന്യായീകരിക്കുമ്പോഴും സാംസ്‌കാരികവും ഭൗതികവുമായ ലക്ഷ്യം മുൻനിർത്തിയുള്ള ചുവരെഴുത്തുകളെയും അതെഴുതുവാനുള്ള വിദ്യാർത്ഥിയുടെ സ്വാതന്ത്ര്യത്തെയും തടയുന്ന അധികാരികളുടെ നടപടി അവസാനിപ്പിക്കണമെന്നും എസ്എഫ്‌ഐ ആവശ്യപ്പെടുന്നുണ്ട്. അറസ്റ്റിലായ വിദ്യാർത്ഥികളുടെ ചുവരെഴുത്തുകൾ എസ്എഫ്‌ഐ നേതൃത്വം ഇടപെട്ട് നീക്കം ചെയ്തിരുന്നു.

അതേസമയം, വിഷയത്തിൽ ശക്തമായി പ്രതികരിക്കാൻ ക്യാമ്പസിൽ ഒരുവിഭാഗം തീരുമാനിച്ചിട്ടുണ്ട്. ഈ ചുമരുകൾ നമ്മുടേതാണെന്ന് വ്യക്തമാക്കിയും വിദ്യാർത്ഥികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടും ഇന്ന് കോളേജിന് മുന്നിൽ പ്രതിഷേധ പരിപാടി നടത്താനും ഇവർ തീരുമാനിച്ചിട്ടുണ്ട്. വിദ്യാർത്ഥികളെ പിഡിപിപി ചുമത്തി ജയിലിൽ ഇട്ടതിനെതിരെ ഇന്നുവൈകിട്ട് മഹാരാജാസ് കോളേജിന് മുന്നിൽ വിദ്യാർത്ഥികളും സാംസ്‌കാരിക പ്രവർത്തകരും പ്രതിഷേധിക്കുന്നുണ്ട്. സംഗീത ബാൻഡായ ഊരാളിയും പങ്കെടുക്കും.