ബുറൈദ: രാജ്യത്ത് പൊലീസിന്റെ നേതൃത്വത്തിലുള്ള ഇഖാമ പരിശോധന തുടരുന്നതിനിടെ അനധികൃത താമസക്കാരെയും തൊഴിൽ നിയമലംഘകരെയും കണെ്ടത്തുന്നതിനായി തൊഴിൽ വകുപ്പും രംഗത്തെത്തി. അൽ ഖസീമിലെ വിവിധ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ മലയാളികളടക്കം നിരവധി പേരാണ് പിടിയിലായിരിക്കുന്നത്.

സ്‌പോൺസറുടെ കീഴിലല്ലാതെ ജോലി ചെയ്യുന്നവരും സ്വദേശികൾക്ക് മാത്രമായി നിജപ്പെടുത്തിയ തൊഴിലുകളിൽ ഏർപ്പെട്ടവരുമാണ് പിടിക്കപ്പെടുന്നത്. സാധാരണ വേഷത്തിൽ എത്തുന്ന ഉദ്യോഗസ്ഥർ ഇത്തരക്കാരെ പിടികൂടി തർഹീൽ അധികൃതർക്ക് കൈമാറുകയാണ്. അഫ്ഗാനിസ്താൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവടങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് കൂടുതലായി പിടിക്കപ്പെടുന്നത്.

പിടിക്കപ്പെടുന്നവരെ സൗദിയിലേക്ക് പ്രവേശനം വിലക്കിയാണ് നാടുകടത്തുന്നത്. ഉപഭോക്താവിന്റെ വേഷത്തിലെത്തി തൊഴിൽ മന്ത്രാലയ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നുണ്ട്. ഇതിനകം പിടിയിലായ നിരവധിപേർ മടക്കയാത്ര കാത്ത് തർഹീലിൽ കഴിയുകയാണ്.ഉനൈസ, അൽറസ്, ദവാദ്മി എന്നിവിടങ്ങളിലും മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ സ്‌പെഷ്യൽ സ്‌ക്വാഡ് പരിശോധനയിൽ പിടിയിലായിട്ടുണ്ട്. രേഖകളില്ലാതെ പിടിക്കപ്പെട്ടവരെ ഇഖാമയുമായി സ്‌പോൺസർ എത്തുമ്പോൾ 1000 റിയാൽ പിഴ ഈടാക്കി വിട്ടയക്കുന്നുണ്ട്.