തുടർച്ചയായി കരഞ്ഞ നവജാത ശിശുവിനെ സഹോദരനായ ആറുവയസ്സുകാരൻ തല്ലിക്കൊന്നു. മക്കളെ കാറിനുള്ളിൽ പൂട്ടിയിട്ട് ഷോപ്പിങ്ങിന് പോയ അമ്മയ്‌ക്കെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസ്സെടുത്തു. അമേരിക്കയിലെ ഫ്‌ളോറിഡയിലാണ് സംഭവം.

62-കാരിയായ കാത്‌ലിൻ മേരി സ്റ്റീലാണ് അറസ്റ്റിലായത്. 55-ാം വയസ്സിൽ ഗർഭം ധരിച്ച കാത്‌ലിിൻ, മുൻ റിയാലിറ്റി ഷോ താരം കൂടിയാണ്. കുഞ്ഞുങ്ങളെ കാറിനുള്ളിലാക്കി ഇവർ ഷോപ്പിങ്ങിന് പോവുകയായിരുന്നു. അരമണിക്കൂർ കഴിഞ്ഞ് തിരിച്ചെത്തുമ്പോഴാണ് 13 ദിവസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചതായി കണ്ടെത്തിയത്.

കാത്‌ലിൻ എന്ന പേരുള്ള കുഞ്ഞിനെ വ്യാഴാഴ്ച ഡോക്ടറെ കാണിച്ചശേഷം വരികയായിരുന്നു ഇവർ. മൂന്നും ആറും വയസ്സുള്ള രണ്ട് ആൺമക്കളും ഒപ്പമുണ്ടായിരുന്നു. ഡോക്ടറുടെ അടുത്ത് നിന്ന് മടങ്ങുമ്പോൾ ആറുവയസ്സുള്ള കുട്ടി കാത്‌ലിന്റെ ഫോൺ താഴെയിട്ട് അതിന്റെ സ്‌ക്രീൻ പൊട്ടിച്ചു.

ഫോൺ നന്നാക്കുന്നതിനുവേണ്ടിയാണ് കാതലിൻ ഷോപ്പിങ് സെന്റിലെത്തിയത്. കുട്ടികളെ മൂന്നുപേരെയും കൂടി ഷോപ്പിലേക്ക് കൊണ്ടുപോകുന്നതിന്റെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഇവരെ കാറിനുള്ളിൽ പൂട്ടിയിട്ടത്. അമ്മ പോയതോടെ കുഞ്ഞ് കരയാൻ തുടങ്ങി. കരച്ചിൽ നിർത്തുന്നതിനുവേണ്ടിയാണ് ആറുവയസ്സുകാരൻ തുടരെ തല്ലാൻ തുടങ്ങിയത്.

മുകളിലേക്കും താഴേക്കും ഇളക്കിയും കാറിന്റെ മുകളിലേക്ക് വച്ച് ഞെക്കിയും കുഞ്ഞിന്റെ കരച്ചിൽ മാറ്റാൻ നോക്കിയെന്ന് കുട്ടി പിന്നീട് പൊലീസിനോട് പറഞ്ഞു. ഇതിനിടെ കുട്ടി ശ്വാസം മുട്ടി മരിച്ചതാകാമെന്നാണ് പൊലീസ് കരുതുന്നത്. കാത്‌ലിൻ തിരിച്ചെത്തിയപ്പോൾ സഹോദരിക്ക് വയ്യെന്ന് ആറുവയസ്സുകാരൻ പറഞ്ഞുവെങ്കിലും അത് കണക്കിലെടുത്താതെ ഇവർ കാറോചിച്ച് പോവുകയും ചെയ്തു.

അരമണിക്കൂറിനുശേഷം വീട്ടിലെത്തിയപ്പോഴാണ് ഇവർ കുഞ്ഞിനെ ശ്രദ്ധിക്കുന്നത്. അയൽപക്കത്തു താമസിക്കുന്ന നഴ്‌സിനെ വിളിച്ചുവരുത്തി പരിശോധിച്ചപ്പോൾ കുഞ്ഞ് മരിച്ചുവെന്ന് ഉറപ്പായി. തുടർന്ന് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു. കുഞ്ഞ് മരിച്ചിട്ട് ഒരുമണിക്കൂറെങ്കിലുമായെന്ന് ഡോക്ടർമാർ സ്ഥിരീകരിക്കുകയും ചെയ്തു.