ചെന്നൈ: തമിഴകത്തിന്റെ തലസ്ഥാനത്ത് വൻതോതിൽ കള്ളപ്പണ ഇടപാടുകൾ നടക്കുന്നതായ വിവരത്തെ തുടർന്ന് ആദായനികുതി ഉദ്യോഗസ്ഥർ ആരംഭിച്ച റെയ്ഡിൽ കുടുങ്ങിയ റെഡ്ഡിമാർ ഉൾപ്പെടെയുള്ള വ്യവസായികൾക്ക് എഐഎഡിഎംകെ നേതാക്കളുമായി അടുത്ത ബന്ധമുള്ളതായി സൂചനകൾ. രണ്ടുദിവസമായി തുടരുന്ന റെയ്ഡിൽ ഇതിനകം 106 കോടി രൂപയും 127 കിലോഗ്രാം സ്വർണവും ഇവരിൽനിന്ന് കണ്ടെടുത്തതായാണ് റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് വ്യവസായികളായ ശേഖർ റെഡ്ഡി, ശ്രീനിവാസ റെഡ്ഡി, അവരുടെ ഓഡിറ്റർ പ്രേം എന്നിവരെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. മുന്നു വ്യവസായികളുടെ ഇടപാടുകളാണ് പരിശോധിക്കുന്നത്.

അതേസമയം, ജയലളിതയുടെ നിര്യാണത്തെ തുടർന്ന് അവരുടെ ബന്ധത്തിലുള്ള നേതാക്കളുടേയും വ്യവസായികളുടേയും കൈവശമുണ്ടെന്ന് കരുതുന്ന കള്ളപ്പണത്തിനായുള്ള തിരച്ചിലിലിലാണ് റെഡ്ഡിമാർ ഉൾപ്പെടെയുള്ളവർ കുടുങ്ങിയതെന്ന സൂചനകളാണ് പുറത്തുവരുന്നത്.

വരും ദിവസങ്ങളിൽ ഇത്തരത്തിൽ സംശയമുള്ള മറ്റു വ്യവസായികളുടേയും നേതാക്കളുടേയും ഇടപാടുകളിൽ അന്വേഷണം തുടരുമെന്നാണ് വിവരം. മുഖ്യമന്ത്രി ഒ.പന്നീർ ശെൽവവും ഇപ്പോൾ പിടിയിലായ ശേഖർ റെഡ്ഡിയും ഒരുമിച്ചു നിൽക്കുന്ന ചിത്രങ്ങളും തമിഴ് മാദ്ധ്യമങ്ങളിൽ പുറത്തുവന്നിട്ടുണ്ട്. അതേസമയം, അത് തിരുപ്പതി ക്ഷേത്രദർശനത്തിന് എത്തിയപ്പോഴത്തെ പടം മാത്രമാണെന്നും ഇതിന് മറ്റ് അർത്ഥങ്ങൾ കൽപിക്കേണ്ടതില്ലെന്നുമാണ് എഐഎഡിഎംകെയുടെ നിലപാട്.

പിടിച്ചെടുത്തതിൽ 96 കോടി രൂപയും അസാധുവാക്കപ്പെട്ട 500, 1000 രൂപാ നോട്ടുകളാണ്. ബാക്കി 10 കോടി രൂപയുടേതാകട്ടെ, പുതിയ 2000 രൂപയുടെ നോട്ടുകളും. ഇതോടെ ഏതെങ്കിലും ബാങ്ക് മാനേജർമാരുമായി ബന്ധപ്പെട്ട് ഇവർ ഈ പത്തുകോടി വെളുപ്പിച്ചെടുക്കാൻ ശ്രമിച്ചതായും സംശയം ഉയർന്നിട്ടുണ്ട്. ചെന്നൈയിലും വെല്ലൂരിലുമായി വിവിധയിടങ്ങളിലായി റെയ്ഡ് പുരോഗമിക്കുകയാണ്.

ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരായ നൂറോളം പേരാണ് റെയ്ഡിൽ പങ്കെടുക്കുന്നത്. നോട്ട് അസാധുവാക്കൽ പ്രഖ്യാപനത്തിനുശേഷം രാജ്യവ്യാപകമായി ആദായനികുതി വകുപ്പ് റെയ്ഡുകൾ നടത്തിയിരുന്നു. കള്ളപ്പണം ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകളെ പിൻപറ്റിയായിരുന്നു ഇത്. ഇത്തരം റെയ്ഡുകളിൽ പിടികൂടുന്ന ഏറ്റവും ഉയർന്ന തുകയാണ് ഇപ്പോൾ ചെന്നൈയിൽ കണ്ടെത്തിയിട്ടുള്ളത്.

പണമിടപാടുകൾ സംബന്ധിച്ച ഒട്ടേറെ രേഖകൾ കണ്ടെടുത്തിട്ടുണ്ട്. ക്വാറികൾ ഏറ്റെടുത്തു മണൽവിൽപന നടത്തുന്ന റെഡ്ഡി അസോഷ്യേറ്റ്‌സ് എന്ന സ്ഥാപനം കമ്മിഷൻ വാങ്ങി കള്ളപ്പണം വെളുപ്പിച്ചു നൽകുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് വ്യാഴാഴ്ചയാണ് റെയ്ഡ് ആരംഭിച്ചത്. റെയ്ഡ് ഇനിയും പൂർത്തിയായിട്ടില്ലെന്നും കൂടുതൽ പണവും സ്വർണവും ഇനിയും ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

പിടിച്ചെടുത്തതെല്ലാം തന്റെ പണവും സ്വർണവുമാണെന്നാണ് ശേഖർ റെഡ്ഡിയുടെ നിലപാട്. എന്നാൽ, ഇയാളുടെ അക്കൗണ്ടുകളും മറ്റു രേഖകളും പരിശോധിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരുത്താനാകൂവെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ശേഖർ റെഡ്ഡിക്കു തമിഴ്‌നാട്ടിലെ പല പ്രമുഖ രാഷ്ട്രീയ നേതാക്കളുമായും അടുത്ത ബന്ധമുണ്ടെന്നാണ് സൂചന. ഇയാളുടെ ബന്ധുവാണു ശ്രീനിവാസ റെഡ്ഡി. പ്രേം കള്ളപ്പണം വെളുപ്പിക്കാൻ ഏജന്റായി പ്രവർത്തിക്കുകയായിരുന്നും അധികൃതർ പറയുന്നു.

അതേസമയം, തിരുപ്പതിയിലെ തിരുമല ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരു ട്രസ്റ്റിലെ അംഗമാണ് ശേഖർ റെഡ്ഡി. ഇവിടെ ദർശനത്തിനെത്തുന്ന നേതാക്കളിൽ പലർക്കും ദർശനത്തിന് ഉൾപ്പെടെ സൗകര്യം ചെയ്തുകൊടുത്തിരുന്നതും റെഡ്ഡിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ പന്നീർ ശെൽവം തിരുപ്പതിയിൽ എത്തിയപ്പോൾ അദ്ദേഹത്തെ സ്വീകരിച്ചതിന്റെ ചിത്രമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.

കഴിഞ്ഞമാസം ശേഖർ റെഡ്ഡി അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ജയലളിതയെ സന്ദർശിച്ചിരുന്നതായും തിരുപ്പതിയിലെ പ്രസാദം നൽകിയിരുന്നതായും വ്യക്തമായിട്ടുണ്ട്. ഇതോടെയാണ് ഇപ്പോൾ പിടിയിലായ പണം രാഷ്ട്രീയ നേതാക്കളുടേതു കൂടിയാണോ എന്ന പരിശോധനകളും നടക്കുന്നത്. ഇതെല്ലാം നിഷേധിക്കുന്ന എഐഎഡിഎംകെ നേതാക്കൾ പറയുന്നത് പന്നീർ ശെൽവം അവിടെ ചെന്നപ്പോൾ അദ്ദേഹം സ്വീകരിച്ചു എന്ന ബന്ധം മാത്രമേ ഇരുവരും തമ്മിലുള്ളു എന്നാണ്.