ലിവ് പബ്ലിക്കേഷൻ എഡിറ്റർ ആയിരുന്ന അർഷാദ് ബത്തേരിക്കെതിരെ ആരോപണവുമായി എഴുത്തുകാരിയായ സഹീറാ തങ്ങൾ. എഴുത്തുകാരെ വേദനിപ്പിച്ച് തകർകത്ത് നിർവൃതി അടയുന്ന കറകളഞ്ഞ സാഡിസ്റ്റാണ് അർഷാദ് ബത്തേരി. തനിക്ക് ഇഷ്ടപ്പെടാത്ത എഴുത്തുകാരെ ഒതുക്കി ഒരു മൂലയിലിട്ട് നശിപ്പിക്കാൻ യാതൊരു മടിയും ഇയാൾക്കില്ലെന്നും സഹീറാ തങ്ങൾ പറയുന്നു. ആർഷാ കബനിയുടെ ലൈംഗിക ആരോപണ പരാതിക്ക് പിന്നാലെയാണ് അർഷാദ് ബത്തേരിക്കെതിരെ ഗുരുതര ആപോണവുമായി സഹീറാ തങ്ങൾ രംഗത്തെത്തിയിരിക്കുന്നത്.

ഷാർജാ ബുക്ക് ഫെസ്റ്റിവലിൽ പ്രകാശനത്തിനെത്തിയ എം.എൻ കാരശ്ശേരി മാഷിനെ വാഹനം കൊടുക്കാതെ അപമാനിച്ചതും അർഷാദിന്റെ അശ്ലീല ചുവയുള്ള മുഖഭാവങ്ങളോട് തിരിഞ്ഞു നിന്നപ്പോൾ തന്റെ പുസ്തകങ്ങളെ ഒതുക്കി കളയാൻ അർഷാദ് നടത്തിയ നാടകങ്ങൾ വിവരിച്ചുമാണ് ഫേബ്‌സുക്കിലൂടെ അർഷാദ് ബത്തേരിക്കെതിരെ സഹീറാ തങ്ങൾ രംഗത്ത് എത്തിയിരിക്കുന്നത്. അതേസമയം അർഷാദ് ബത്തേരിക്കെതിരെയുള്ള വിവാദങ്ങൾ തുടർക്കഥയായതോടെ ഒലിവ് പബ്ലിക്കേഷനിൽ നിന്നും ഇയാളൈ പിരിച്ചു വിട്ടു. എം.കെ മുനീർ തന്നെ മുൻകൈ എടുത്ത് തന്റെ ഒലിവ് പബ്ലിക്കേഷനിൽ നിന്നും ഇയാളെ പിരിച്ചു വിടുകയായിരുന്നു. ലൈംഗിക ആരോപണം അടക്കമുള്ള പരാതികൾ വ്യാപകമായതോടെയാണ് മുനീർ തന്നെ മുൻകൈ എടുത്ത് ഇയാളെ പിരിച്ചു വിട്ടത്.

സഹീറാ തങ്ങളുടെ ആരോപണങ്ങളുടെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ
ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിൽ വെച്ച് കാരശ്ശേരി മാഷ് പ്രകാശന കർമം നിർവഹിക്കേണ്ട ചടങ്ങിലേക്ക് ഒരു മണിക്കൂർ കഴിഞ്ഞിട്ടും മാഷ് എത്തിയിട്ടില്ല. ക്ഷണിക്കപ്പെട്ട മറ്റു അതിഥികൾ, ബി.എം സുഹ്റ, ഷാജഹാൻ മാടമ്പാട്ട്, പുസ്തകം ഏറ്റു വാങ്ങാൻ എത്തിയ ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയർ കോർഡിനേറ്റർ മോഹൻ കുമാർ തുടങ്ങി എല്ലാവരും നിറഞ്ഞ സദസ്സിനു മുൻപാകെ മാഷെ കാത്തിരിക്കുന്നു. അബുദാബിയിൽ നിന്നും വരെ ആളുകൾ വേദിയിൽ എത്തിയിരുന്നു. എന്നാൽ മാഷ് മാത്രം എത്തിയില്ല. മാഷെ രാവിലെ കണ്ടപ്പോൾ അർഷാദ് വണ്ടി അയച്ചിട്ടുണ്ടെന്നും താൻ കൃത്യസമയത്ത് ഹാളിൽ എത്തിക്കോളാമെന്നും മാഷ് തന്നോട് പറഞ്ഞിരുന്നതായും സഹീറപറയുന്നു. എന്നാൽ മാഷ് വരാത്തത് കണ്ടു ഞാൻ പരിഭ്രാന്തയായി അദ്ദേഹത്തെ ഫോൺ വിളിച്ചപ്പോൾ ഒന്നര മണിക്കൂറായി ഞാൻ റെഡി ആയി ഇരിക്കയാണെന്നു മാഷ് അല്പം ക്ഷോഭത്തോടെ പറയുകയും ചെയ്തു.

ഇതോടെ ഒലിവ് മാർക്കറ്റിങ് മാനേജർ സന്ദീപിനോട് ചെന്ന് ബഹളം വെക്കുകയും ചെയ്തതിനെ തുടർന്നാണ് മാഷിനെ വിളിക്കാൻ ആരെയും അയച്ചിട്ടില്ലെന്ന പിന്നാമ്പുറ കഥ തന്നെ അവർ അറിയുന്നത്. താൻ ബഹളം വെച്ചതോടെയാണ് മാഷിന് വണ്ടി അയച്ചത്. പ്രകാശന കർമം നിർവഹിച്ച ശേഷം, തന്നെ അവഹേളിക്കും വിധം കാത്തിരിപ്പിച്ചതിന്റെ നീരസം കാരശ്ശേരി മാഷ് ആ വേദിയിൽ വെച്ച് തന്നെ അറിയിക്കുകയും ചെയ്തു.

അശ്ളീല മുഖഭാവങ്ങളും സംസാര രീതികളും അർഷാദ് ബത്തേരിക്ക് ഉണ്ടായിരുന്നു. എന്നാൽ ഇത് വേർതിരിച്ചറിയാനുള്ള സ്വതസിദ്ധമായ സ്ത്രീയുടെ കഴിവ് അല്പം കൂടിയ അളവിൽ എന്നിലുണ്ടായിരുന്നതുകൊണ്ട് ഇത്തരക്കാരനെ നിർത്തേണ്ടിടത്തു നിർത്താനും എനിക്ക് കഴിഞ്ഞു. അതിനാൽ ഇതെല്ലാം ഒരു വൈരാഗ്യം പോലെ കൊണ്ട് നടന്ന അയാൾ തന്റെ പുസ്തകത്തെ ഒതുക്കാൻ ശ്രമിച്ചതായും സഹീറ പറയുന്നു. പുസ്തകശാലകളിൽ ഒന്നിൽ പോലും എന്റെ കഥാസമാഹാരം എത്തിയില്ല. ആനുകാലികങ്ങൾക്കു പുസ്തകക്കുറിപ്പുകൾക്കായി അയച്ചു കൊടുക്കുന്ന കൂട്ടത്തിൽ ഒന്നിലും എന്റെ പുസ്തകം ഇല്ല. ഇക്കാര്യം ഞാൻ മുനീർ സാറിനോട് അന്വേഷിച്ചതിനെ തുടർന്ന്, അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ് എന്റെ പുസ്തകങ്ങൾ പല പുസ്തക ശാലകളിലും എത്തിയതെന്നും സഹീറ ഫേസ്‌ബുക്കിൽ കുറിച്ച കുറിപ്പിൽ പറയുന്നു.

സഹീറയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ചുവടെ കൊടുക്കുന്നു

ഒരു പുസ്തകത്തെ നശിപ്പിച്ച കഥ -
*************
ആർഷ കബനിയുടെ വെളിപ്പെടുത്തലിനു അഭിനന്ദനം!

പീഡനങ്ങൾ ശാരീരികം മാത്രമല്ല, മാനസികവുമാണ്. ജന്മസിദ്ധിയായി ലഭിച്ച എഴുത്തിനെ, ക്രൂശിക്കുന്നതിലൂടെ ശാരീരിക പീഡയേക്കാൾ കൊടിയ വേദന അതിന്റെ സൃഷ്ടാവ് മാനസികമായി അനുഭവിക്കുമെന്നു വ്യക്തമായ ധാരണയുള്ള, ആ വേദന കണ്ടു സന്തോഷിക്കുന്ന ഒരു കറകളഞ്ഞ സാഡിസ്‌റ് ആണ് അർഷാദ് ബത്തേരി.

എഡിറ്റർ എന്ന ലേബൽ വെച്ച് , തന്റെ സ്വാർത്ഥ താൽപര്യങ്ങൾക്കു അനുസൃതമല്ലാത്ത എഴുത്തുകാരൻ / എഴുത്തുകാരിയുടെ പുസ്തകങ്ങൾ ബത്തേരി യുടെ കയ്യിലൂടെ ചവറ്റു കുട്ടയിലേക്കു ആണ് പോയിരുന്നത് . അതിനെ മറികടന്നു അത് പബ്ലിഷ് ചെയ്യപ്പെട്ടാൽ ആ എഴുത്തുകാർ നേരിടേണ്ടി വരുന്ന സംഭവബഹുലമായ കഥ ഇനിയെങ്കിലും വായനക്കാർ അറിയണം.

എന്റെ കഥാസമാഹാരം '' പ്രാചീനമായ ഒരു താക്കോൽ '' പ്രസിദ്ധീകൃതമായപ്പോൾ അതിന്റെ പ്രിന്റിങ് വർക്ക് മുതൽ പ്രകാശന ചടങ്ങു വരെ എന്തെല്ലാം ചരടുവലികൾ നടത്താമോ അതെല്ലാം നടത്തി. ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിൽ വെച്ച് ശ്രീ. എം. എൻ കാരശ്ശേരി പ്രകാശന കർമം നിർവഹിക്കേണ്ട ചടങ്ങിലേക്ക് ഒരു മണിക്കൂർ കഴിഞ്ഞിട്ടും മാഷ് എത്തിയിട്ടില്ല. ക്ഷണിക്കപ്പെട്ട മറ്റു അതിഥികൾ , ബി.എം സുഹ്റ , ഷാജഹാൻ മാടമ്പാട്ട്, പുസ്തകം ഏറ്റു വാങ്ങാൻ എത്തിയ ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയർ കോർഡിനേറ്റർ ശ്രീ മോഹൻ കുമാർ തുടങ്ങി എല്ലാവരും നിറഞ്ഞ സദസ്സിനു മുന്പാകെ മാഷെ കാത്തിരിക്കുന്നു.

ദുബായിൽ എന്റെ താമസ സ്ഥലത്തു നിന്നും ഇറങ്ങുമ്പോൾ മാഷെ കൂട്ടാൻ കാർ അയക്കട്ടെ എന്ന് ചോദിച്ചപ്പോൾ , അർഷാദ് വണ്ടി അയച്ചിട്ടുണ്ടെന്നും മാഷ് പ്രകാശന ഹാളിലേക്ക് എത്തിക്കൊള്ളാമെന്നും പറഞ്ഞത് ഞാൻ ഓർമിച്ചു. അബുദാബിയിൽ നിന്ന് പോലും ചടങ്ങിൽ സംബന്ധിക്കാനായി ആളുകൾ എത്തി ചേർന്നിട്ടും മാഷ് വരാത്തത് കണ്ടു ഞാൻ പരിഭ്രാന്തയായി. വീണ്ടും ഞാൻ കാരശ്ശേരി മാഷെ വിളിക്കുകയും '' ഒന്നര മണിക്കൂറായി ഞാൻ റെഡി ആയി ഇരിക്കയാണെന്നു മാഷ് അല്പം ക്ഷോഭത്തോടെ പറയുകയും ചെയ്തു.
എന്റെ എല്ലാ സമചിത്തതയും നഷ്ടപ്പെടുകയും, എന്റെ പുസ്തകത്തിന്റെ എല്ലാ കാര്യങ്ങൾക്കും ഞാൻ കോർഡിനേറ്റ് ചെയ്തിരുന്ന ഒലിവ് മാർക്കറ്റിങ് മാനേജർ സന്ദീപിനോട് ചെന്ന് ബഹളം വെക്കുകയും ചെയ്തതിനെ തുടർന്നാണ് മാഷിനെ വിളിക്കാൻ ആരെയും അയച്ചിട്ടില്ലെന്ന പിന്നാമ്പുറ കഥ തന്നെ അവർ അറിയുന്നത്. പ്രകാശന കർമം നിർവഹിച്ചു; തന്നെ അവഹേളിക്കും വിധം കാത്തിരിപ്പിച്ചതിന്റെ നീരസം കാരശ്ശേരി മാഷ് ആ വേദിയിൽ വെച്ച് തന്നെ അറിയിക്കുകയും ചെയ്തു.

അതെല്ലാം സദസ്സിനു പിന്നിൽ നിന്ന് പൊളിഞ്ഞു പോയ ഗൂഢാലോചനയിൽ കുതിർന്നു അർഷാദ് നോക്കുന്നത് വേദിയിലിരുന്നു ഞാൻ കാണുന്നുണ്ടായിരുന്നു. മഹത്തായ ഒരു പ്രസാധകശാലയുടെ പേരിനെ അവർ പോലും അറിയാതെ അയാൾ ദുരുപയോഗം ചെയ്യുകയായിരുന്നു.

ഇവിടം കൊണ്ടും തീർന്നില്ല ;പുസ്തകശാലകളിൽ ഒന്നിൽ പോലും എന്റെ കഥാസമാഹാരം എത്തിയില്ല. ആനുകാലികങ്ങൾക്കു പുസ്തകക്കുറിപ്പുകൾക്കായി അയച്ചു കൊടുക്കുന്ന കൂട്ടത്തിൽ ഒന്നിലും എന്റെ പുസ്തകം ഇല്ല. ഇക്കാര്യം ഞാൻ മുനീർ സാറിനോട് അന്വേഷിച്ചതിനെ തുടർന്ന്, അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം സന്ദീപ് അത് നേരിട്ട് ആഴ്ചപ്പതിപ്പുകൾക്കു എത്തിച്ചു കൊടുക്കുകയായിരുന്നു.

സൈനുൽ ആബിദ് വളരെ മനോഹരമായി ചെയ്ത കവർ ഡിസൈൻ , ഓരോ കഥകൾക്കും തീമിനു അനുസൃതമായ ചിത്രങ്ങളോട് കൂടിയ ഉള്ളടക്കം ; തുടങ്ങി പുസ്തകത്തിന്റെ സമചതുരത്തിലുള്ള സൈസ് പോലും എടുത്തു പറയേണ്ടതു തന്നെ. പ്രശംസാർഹമായ രീതിയിൽ അത് ഭംഗിയാക്കിയതിനു മുനീർ സാഹിബിനെയും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം അതെല്ലാം എക്‌സിക്യൂട്ട് ചെയ്ത സന്ദീപിനെയും നന്ദിപൂർവം ഇവിടെ ഓർമ്മിക്കുന്നു. വ്യത്യസ്തമായ കവർ ഡിസൈൻസ് ചെയ്തു കാണിച്ചിട്ടും മതിവരാതെ കൂടുതൽ ഓപ്ഷൻസ് ആവശ്യപ്പെട്ട എന്നെക്കൊണ്ട് ആബിദ് കുഴങ്ങിക്കാണും അന്ന്. അത്രമാത്രം ശ്രദ്ധാലുവായിരുന്നു എന്റെ ഓരോ പുസ്തകങ്ങൾ ഇറങ്ങുമ്പോഴും ഞാൻ.

എന്റെ കഥാസമാഹാരത്തിനു ആഴത്തിൽ അപഗ്രഥിച്ചു ആമുഖക്കുറിപ്പു നൽകിയ നമ്മുടെയൊക്കെ പ്രിയപ്പെട്ട സാഹിത്യകാരൻ സക്കറിയ സർ , പ്രകാശനച്ചടങ്ങിൽ ഓരോ കഥകളെക്കുറിച്ചും വ്യത്യസ്ത അർത്ഥതലങ്ങൾ കണ്ടെത്തി നല്ല വാക്കു പറഞ്ഞ ഗുരുതുല്യനായ കാരശ്ശേരി മാസ്റ്റർ എന്നിവരെല്ലാം അപമാനിക്കപ്പെട്ടത് പോലെ. ആ വേദന എന്നെ എന്ത് മാത്രം തളർത്തി എന്ന് പറയാൻ ഇപ്പോഴും വാക്കുകൾ ഇല്ല.

അശ്ളീല മുഖഭാവങ്ങളും സംസാര രീതികളും വേർതിരിച്ചറിയാനുള്ള സ്വതസിദ്ധമായ സ്ത്രീയുടെ കഴിവ് അല്പം കൂടിയ അളവിൽ എന്നിലുണ്ടായിരുന്നു എന്നതും ഇത്തരക്കാരനെ നിർത്തേണ്ടിടത്തു നിർത്തി എന്നതും ഒരു വൈരാഗ്യം പോലെ കൊണ്ട് നടന്നു എന്നതിന് തെളിവാണ് തക്കം കിട്ടിയപ്പോൾ അയാൾ എന്റെ പുസ്തകത്തെ ഒതുക്കുന്നതിലൂടെ തീർത്തത്.

പ്രമുഖ ആനുകാലികങ്ങളിൽ പലപ്പോഴായി പ്രസിദ്ധീകരിച്ച പത്തു മുപ്പതു കഥകളിൽ നിന്നും പന്ത്രണ്ടു കഥകൾ തിരഞ്ഞെടുത്തു പുസ്തകമാക്കാൻ എനിക്ക് വർഷങ്ങൾ തന്നെ വേണ്ടി വന്നു. കൊല്ലന്റെ ആലയിലെ തീച്ചൂളയിൽ കഥകൾക്കൊപ്പം ഞാനും എരിഞ്ഞു തീർന്നാണ് ആ ശ്രമം പൂർത്തിയാക്കിയത്. വായനക്കാർക്കു നൽകുമ്പോൾ ഏറ്റവും നല്ലത് എന്ന് മിനിമം എഴുത്തുകാരനെങ്കിലും ബോധ്യം വരാതെ ഒരു സൃഷ്ടി അച്ചടി മഷി പുരളാൻ സാഹസപ്പെടരുത് എന്ന് വിശ്വസിക്കുന്ന എഴുത്തുകാരുടെ കൂട്ടത്തിൽ തന്നെ ഞാനും. അങ്ങിനെ വര്ഷങ്ങളുടെ തപസ്യയും അധ്വാനവുമാണ് ഒരു പുസ്തകം. പ്രത്യകിച്ചും ഒരു സ്ത്രീ എഴുതുമ്പോൾ കഷ്ടപ്പാട് കൂടുതലും. മൾട്ടിപ്ൾ റോൾസ് കൈകാര്യം ചെയ്യുക എന്നത് പറഞ്ഞു കേൾക്കും പോലെ അത്ര ഈസി അല്ല. ജോലി , കുട്ടികൾ, കുടുംബം എന്നിവയ്ക്ക് നടുവിൽ ജീവവായു പോലെ ചേർത്ത് നടന്നതാണ് എന്റെ എഴുത്ത്. അവ്വിധം ഉണ്ടായ ഒരു പുസ്തകമാണ് ബത്തേരിയുടെ കുടില ബുദ്ധിക്കു ഇരയായത്. ഇയാളുടെ കൂടെ സദാ കറങ്ങി നടക്കുന്ന മറ്റൊരു പബ്ലിക്കേഷൻ മാനേജരും ഈ പുസ്തകം നല്ല നിലയിൽ പുറം ലോകം കാണാതിരിക്കാനുള്ള ഗൂഢാലോചനയിൽ പങ്കാളിയായിരുന്നുവെന്നും സമാന അനുഭവങ്ങൾ ഉണ്ടായ ചിലരിൽ നിന്നും പിന്നീട് അറിയാൻ സാധിച്ചിരുന്നു. അവരുടെ അധമശ്രമത്താൽ എന്റെ പുസ്തകം ഏതോ അധോമണ്ഡലത്തിലെ ശബ്ദമില്ലാത്ത നിലവിളിയായി.

നന്നായി പഠിച്ചു പരീക്ഷക്കിരിക്കുന്ന ഒരു വിദ്യാർത്ഥിയുടെ ആത്മവിശ്വാസവും , തൊട്ടടുത്തിരിക്കുന്ന മിടുക്കന്റെ ഉത്തരക്കടലാസിനെ ആശ്രയിച്ചു വരുന്നവന്റെ ആത്മവിശ്വാസവും ഒരിക്കലും ഒന്നായിരിക്കില്ല. ഒളിഞ്ഞും തെളിഞ്ഞും മുമ്പിലിരിക്കുന്നവന്റെ തല പിടിച്ചു താഴ്‌ത്തിയും തൻ കാര്യം നടത്താൻ അവൻ സദാ ജാഗരൂഗനായിരിക്കും. എല്ലായ്‌പോഴും ആ വക്ര ഉദ്യമം വിജയിക്കുകയില്ല. ഡി- ബാർ ചെയ്യാൻ ഒരു വായനക്കാരനെങ്കിലും മുന്നോട്ടു വരാതെയുമിരിക്കില്ല.സ്വർണ മൂടി കൊണ്ട് മറച്ചുവച്ചാലും സത്യം കാലത്തിന്റെ ശക്തിയാൽ പുറത്തു വരും. ഇത്തരം നീലക്കുറുക്കന്മാരെ തിരിച്ചറിയപ്പെടുകയും ചെയ്യും.

ആർഷ കബനി എന്ന മിടുക്കി അതിനു നിമിത്തമായി എന്ന് മാത്രം !

സഹീറാ തങ്ങളുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

 

ആർഷാ കബനിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്