- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇത് ഒരു പ്രശ്നമാക്കരുത്'; അർഷാദ് നദീം ജാവലിൻ എടുത്തത് കൃത്രിമത്വം കാണിക്കാനല്ല; ആരുടെ ജാവലിനെടുത്തും ത്രോ ചെയ്യാം; സ്പോർട്സ് പഠിപ്പിച്ചത് ഒരുമിച്ച് നിൽക്കാൻ'; ഒളിംപിക്സിൽ പാക് താരം ജാവലിൻ എടുത്തതിൽ വിവാദങ്ങൾക്ക് മറുപടിയുമായി നീരജ് ചോപ്ര
ന്യൂഡൽഹി: ടോക്യോ ഒളിംപിക്സിലെ ജാവലിൻ ത്രോ ഫൈനലിനിടെ പാക് താരം അർഷാദ് നദീം തന്റെ ജാവലിൻ എടുത്തത് കൃത്രിമത്വം കാണിക്കാനല്ലെന്ന് ഇന്ത്യയുടെ സ്വർണമെഡൽ ജേതാവായ നീരജ് ചോപ്ര. ജാവലിൻ ഫൈനലിൽ നീരജ് ചോപ്ര ആദ്യ ഏറ് എറിയുന്നതിന് മുമ്പ് പാക് താരം നീരജിന്റെ ജാവലിനിൽ കൃത്രിമത്വം കാണിച്ചെന്ന പ്രചാരണങ്ങളോട് പ്രതികരിക്കുകയായിരുന്നു നീരജ്.
ഫൈനലിൽ തന്റെ ആദ്യ ത്രോക്ക് മുമ്പ് അർഷാദ് നദീം പരിശീലനത്തിനായാണ് തന്റെ ജാവലിൻ എടുത്തതെന്നും അർക്കുവേണമെങ്കിലും ആരുടെയും ജാവലിൻ എടുക്കാമെന്നും നീരജ് ചോപ്ര ട്വിറ്ററിൽ ട്വീറ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു. എല്ലാവർക്കും സ്വന്തം ജാവലിനുണ്ടാവുമെങ്കിലും ആർക്കുവേണമെങ്കലും ആരുടെ ജാവലിനെടുത്തും ത്രോ ചെയ്യാം. അതിന് പ്രത്യേക നിയമമൊന്നുമില്ല.
'എന്നെയും എന്റെ അഭിപ്രായങ്ങളെയും നിങ്ങളുടെ സ്ഥാപിത താൽപ്പര്യങ്ങൾക്കും പ്രചാരണത്തിനും ഒരു മാധ്യമമായി ഉപയോഗിക്കരുതെന്ന് ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. സ്പോർട്സ് നമ്മെ പഠിപ്പിക്കുന്നത് ഒരുമയുടേയും ഐക്യത്തിന്റെയും സന്ദേശങ്ങളാണ്. ചിലരുടെ ചില പ്രതികരണങ്ങൾ കാണുമ്പോൾ ഞാൻ അങ്ങേയറ്റം നിരാശനാണ്. നീരജ് ചേപ്ര ട്വീറ്റ് ചെയ്തു.
मेरी आप सभी से विनती है की मेरे comments को अपने गंदे एजेंडा को आगे बढ़ाने का माध्यम न बनाए। Sports हम सबको एकजूट होकर साथ रहना सिखाता हैं और कमेंट करने से पहले खेल के रूल्स जानना जरूरी होता है ???????? pic.twitter.com/RLv96FZTd2
- Neeraj Chopra (@Neeraj_chopra1) August 26, 2021
അർഷദ് നദീം തന്റെ ജാവലിൻ എടുക്കുന്നതിൽ തെറ്റൊന്നുമില്ലെന്നും ഫൈനൽ സമയത്ത് നടന്നതെല്ലാം ചട്ടങ്ങൾ അനുസരിച്ചാണെന്നും അതിൽ വലിയ പ്രശ്‌നം ഉണ്ടാക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു അഭിമുഖത്തിൽ എന്റെ പരാമർശങ്ങളെക്കുറിച്ച് ഒരു വലിയ പ്രശ്‌നം ഉന്നയിക്കപ്പെട്ടു. എല്ലാ വ്യക്തിഗത ജാവലിനുകളും ഒരിടത്ത് സൂക്ഷിച്ചിരിക്കുന്നു, അവിടെ ഏതൊരു എറിയുന്നയാൾക്കും അത് ഉപയോഗിക്കാൻ കഴിയും, ഇതാണ് നിയമം. അർഷദ് നദീം എന്റെ ജാവലിൻ എടുത്ത് അവന്റെ ത്രോയ്ക്ക് തയ്യാറെടുക്കുന്നതിൽ തെറ്റൊന്നുമില്ല. എറിയുന്നതിനുമുമ്പ്, ഞാൻ അവനോട് അത് ചോദിച്ചു. എന്റെ അഭിപ്രായങ്ങളിൽ നിന്ന് ഒരു വലിയ പ്രശ്‌നം ഉണ്ടാകുന്നതിൽ എനിക്ക് സങ്കടമുണ്ട്. ഇത് ചെയ്യരുതെന്ന് ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു, ''നീരജ് വീഡിയോയിൽ പറഞ്ഞു.
ഫൈനലിൽ ആദ്യ ത്രോ എറിയാനായി തയ്യാറെടുക്കുമ്പോഴാണ് എന്റെ ജാവലിൻ കാണാനില്ലെന്ന് മനസിലായത്. നോക്കിയപ്പോൾ പാക് താരം അർഷാദ് നദീം എന്റെ ജാവലിനെടുത്ത് പരിശീലനത്തിന് പോകുന്നത് കണ്ടു. അദ്ദേഹത്തോടെ ഭായ്, ഇതെന്റെ ജാവലിനാണ് എനിക്ക് ത്രോ ഉണ്ടെന്ന് പറഞ്ഞപ്പോൾ അദ്ദേഹം അത് തിരിച്ചുനൽകുകയും ചെയ്തു. ഇത്രയുമാണ് സംഭവിച്ചത്. അതുകൊണ്ടാണ് ആദ്യ ത്രോ ധൃതിയിൽ ചെയ്യേണ്ടിവന്നതെന്നും നിരജ് ചോപ്ര ടൈംസ് ഓഫ് ഇന്ത്യയോട് വ്യക്തമാക്കിയിരുന്നു.
എന്നാൽ കമന്റുകളിലും സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങളിലും ഈ സംഭവത്തെ പർവതീകരിച്ച് ചിത്രീകരിക്കുന്നത് കണ്ടതുകൊണ്ടാണ് ഇപ്പോൾ പ്രതികരിക്കുന്നത്. കമന്റുകളായി വന്ന ചില പ്രതികരണങ്ങൾ കണ്ടപ്പോൾ തീർത്തും നിരാശനായി. സ്പോർട്സ് ഞങ്ങളെ ഒരുമിച്ച് നിൽക്കാനാണ് പഠിപ്പിച്ചതെന്നും നീരജ് ചോപ്ര പറയുന്നു.
ഒളിമ്പിക്സ് മത്സരത്തിൽ പാക് താരം അർഷാദും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇത് പാക്കിസ്ഥാന് വലിയ രീതിയിലുള്ള പ്രചോദനം നൽകുമെന്നും നീരജ് ചോപ്ര അഭിമുഖത്തിൽ പറഞ്ഞു.അതേസമയം നീരജിന്റെ അഭിമുഖത്തിന് പിന്നാലെ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരുന്നു. ആദ്യ ശ്രമത്തിന് മുൻപ് തന്റെ ജാവലിൻ തിരയുന്ന നീരജ് ചോപ്ര, ജാവലിൻ പാക്കിസ്ഥാൻ താരമായ അർഷദ് നദീമിന്റെ കയ്യിൽ നിന്നും വാങ്ങുകയും തുടർന്ന് ധൃതിയിൽ തന്റെ ആദ്യ ശ്രമത്തിനായി പോകുന്നതും വീഡിയോയിൽ കാണാമായിരുന്നു.
ഫൈനലിൽ ആത്മവിശ്വാസത്തോടെ മത്സരിച്ച നീരജ് 87.59 മീറ്റർ ദൂരം കണ്ടെത്തിയാണ് സ്വർണ മെഡൽ കഴുത്തിലണിഞ്ഞത്. ഫൈനലിൽ 87 മീറ്റർ കണ്ടെത്തിയ ഏക താരവും നീരജ് തന്നെയായിരുന്നു. രണ്ട് തവണ നീരജ് 87 മീറ്ററിന് മുകളിൽ ദൂരം കണ്ടെത്തിയപ്പോൾ ഒപ്പം മത്സരിച്ച മറ്റ് താരങ്ങളിൽ ആർക്കും തന്നെ നീരജിന് വെല്ലുവിളി ഉയർത്താൻ കഴിഞ്ഞതുമില്ല.
ഫൈനലിന് മുമ്പ് നടന്ന ഈ സംഭവങ്ങൾ നീരജിന്റെ സ്വർണത്തിലേക്കുള്ള കുതിപ്പിൽ തടസ്സമായിരുന്നില്ല. പക്ഷെ പാക് താരത്തിന്റെ പെരുമാറ്റത്തെ ചോദ്യം ചെയ്തുകൊണ്ട് ഒരുപാട് ആരാധകർ രംഗത്ത് വരുന്നിരുന്നു. മറ്റൊരു താരത്തിന്റെ ജാവലിൻ എടുക്കാൻ പാക് താരം എന്തിന് മുതിരണം എന്നാണ് കൂടുതൽ പേരും ചോദിച്ചത്.
നീരജിന്റെ ജാവലിനിൽ എന്തോ കൃത്രിമം കാണിക്കുന്നതിനു വേണ്ടിയായിരുന്നു പാക് താരം ജാവലിൻ എടുത്തത് എന്നും ഒരു കൂട്ടം ആരാധകർ വാദിച്ചു. കൃത്രിമം നടത്തി എന്ന ആരോപണത്തെ എതിർത്തും നിരവധി പേർ രംഗത്തെത്തി. ഇതിന് പിന്നാലെയാണ് അനാവശ്യ വിവാദത്തിൽ മറുപടിയുമായി നീരജ് ചോപ്ര നേരിട്ട് രംഗത്ത് എത്തിയത്.
ടോക്യോയിൽ യോഗ്യത റൗണ്ടിൽ മികച്ച പ്രകടനം നടത്തി ഒന്നാമനായി ഫൈനലിൽ പ്രവേശിച്ച നീരജ് ചോപ്ര ഫൈനലിലും അതേ പ്രകടനമാണ് തുടർന്നത്. ഫൈനലിൽ ആത്മവിശ്വാസത്തോടെ ഇറങ്ങിയ താരം ആദ്യത്തെ ശ്രമത്തിൽ 87.02 മീറ്റർ കണ്ടെത്തി, രണ്ടാം ശ്രമത്തിൽ ഈ ദൂരം മെച്ചപ്പെടുത്തി 87.59 മീറ്റർ കണ്ടെത്തിയാണ് ഒളിമ്പിക്‌സ് മാമാങ്കത്തിൽ ഇന്ത്യക്കായി ചരിത്ര നേട്ടം കുറിച്ചത്.
നീരജ് ചോപ്രയുടെ സ്വർണ മെഡലിന്റെ ബലത്തിൽ ഇന്ത്യ ഒളിമ്പിക്‌സിൽ തങ്ങളുടെ എക്കാലത്തെയും മികച്ച മെഡൽവേട്ട കുറിക്കുകയും ചെയ്തിരുന്നു. നീരജിന്റെ സ്വർണമുൾപ്പെടെ ഏഴ് മെഡലുകളാണ് ഇന്ത്യ ടോക്യോയിൽ നിന്നും നേടിയത്. സ്വർണം നേടി രാജ്യത്തിന്റെ അഭിമാനം ഉയർത്തിയ താരത്തിന് സമ്മാനപ്പെരുമഴയാണ് ലഭിച്ചത്. സമ്മാനത്തുക ഇനത്തിൽ ഏകദേശം 13 കോടിയോളം രൂപ ലഭിച്ച താരത്തിന് സർക്കാർ ജോലിയും വാഹന നിർമ്മാതാക്കളായ മഹീന്ദ്രയുടെ പുതിയ മോഡലായ എക്‌സ്യുവി 700ഉം സമ്മാനമായി ലഭിച്ചിരുന്നു.