- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാലിൽ പഠിക്കുമ്പോൾ നെല്ലിക്കുഴിയിൽ എത്തിയ യുപിക്കാരി; പത്താംക്ലാസിലും പ്ലസ് ടുവിനും മലയാളത്തിന് എ പ്ലസ് വാങ്ങിച്ചത് പഠനത്തിൽ കാട്ടിയ വാശിയിലൂടെ; ഇന്ന് സർക്കാർ സ്കൂളിലെ ഇതര സംസ്ഥാനക്കാരുടെ മലയാളം അദ്ധ്യാപിക; അർഷി മലയാളത്തെ കീഴടക്കിയ കഥ പറയുമ്പോൾ
കോതമംഗലം: ആദ്യമൊക്ക ഒന്നും മനസ്സിലായിരുന്നില്ല. വാക്കുകൾ പഠിച്ചെടുക്കാൻ വല്ലാതെ ബുദ്ധിമുട്ടി. പിന്നെ വാശിയായി. അദ്ധ്യാപകരുടെ മനനസ്സറിഞ്ഞ സഹകരണം കൂടിയായപ്പോൾ എല്ലാം എളുപ്പമായി. പരീക്ഷകളിൽ നല്ല മാർക്കും കിട്ടി. എല്ലാം ഉപേക്ഷിച്ച് നാട്ടിലേയ്ക്ക് പോകേണ്ടിവരുമോ എന്ന് സംശയിച്ചുനിന്നഘട്ടത്തിലാണ് സാർന്മാർ വിളിച്ച് മലയാളം പഠിപ്പിക്കാമോന്ന് ചോദിക്കുന്നത്.വലിയ സന്തോഷമായിയി.അത്രയ്ക്കിഷ്ടമാണ് ഇന്ന് മലയാളം.ഈ നാടിനോടും വല്ലാത്തൊരടുപ്പമായി.ഇവിടെ നിന്നും പോകാനെ തോന്നുന്നില്ല.അർഷി സലിം പറയുന്നു.
12 വർഷം മുമ്പ് നെല്ലിക്കുഴിയിൽ താമസമാക്കിയ യു പി സ്വദേശികളായ സലീം-മെഹ്റുന്നിസ ദമ്പതികളുടെ മകളാണ് അർഷി.മലയാളം,മലയാളിയെ അത്ഭുതപ്പെടുത്തും വിധം കൈകാര്യം ചെയ്യാൻ പഠിച്ച അർഷി ഇന്ന് നെല്ലിക്കുഴി ഗവൺമെന്റ് ഹൈസ്‌കൂളിലെ ഇതര സംസ്ഥാനാനക്കാരായ വിദ്യാർത്ഥികളെ മലയാളം പഠിപ്പിക്കുന്ന അദ്ധ്യാപകയാണ്.
ഞാൻ വിദ്യാർത്ഥിയായിരുന്നപ്പോൾ മലയാളം പഠിക്കാൻ അനുഭവിച്ച ബുദ്ധിമുട്ട് പറഞ്ഞറിക്കാൻ പറ്റില്ല.അദ്ധ്യാപകർ പറയുന്നത് ഒന്നും മനസ്സിലായിരുന്നില്ല.എങ്ങിനെയും പഠിച്ചെടുക്കണമെന്ന വാശിയാണ് മലയാളം അനായാസമായി കൈകാര്യം ചെയ്യുന്ന നിലയിലേയ്ക്ക് എന്നെ എത്തിച്ചത്.എന്റെ ഗതി ഇവിടുത്തെ കുട്ടികൾക്കുണ്ടാവരുത്.അവരും മലയാളത്തെ സ്നേഹിക്കണം,പഠിക്കണം.അതിന് ഞാൻ നിമിത്തമായതിൽ വലിയ സന്തോഷമുണ്ട്.അർഷി കൂട്ടിച്ചേർത്തു.
ഉത്തർ പ്രദേശിലെ സഹാറൻപൂർ ജില്ലയിലാണ് അർഷിയുടെ സ്വദേശം.കോതമംഗലം ബ്ലോക്ക് റിസോഴ്സ് സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന പരിശീലന കേന്ദ്രത്തിൽ വിദ്യാ കോ-ഓർഡിനേറ്റർ തസ്ഥികയിലാണിപ്പോൾ അർഷി ജോലിചെയ്യുന്നത്. പിതാവ് സലീം നെല്ലിക്കുഴിയിലെ ഫർണ്ണിച്ചർ സ്ഥാപനത്തിൽ കൊത്തുപണിക്കാരാനായി ജോലിചെയ്യുകയാണ്.
4-ാം ക്ലാസ് വിദ്യാർത്ഥിയായിരിക്കെയാണ് അർഷി നെല്ലിക്കുഴിയിലെത്തുന്നത്.തുടർന്ന് നെല്ലിക്കുഴി ഗവ. ഹൈസ്‌കൂളിലായിരുന്നു വിദ്യാഭ്യാസം.എസ് എൽ സി യ്ക്ക് മലയാളം ഫസ്റ്റിനും സെക്കന്റിനും ഈ യു പി ക്കാരി എപ്ലസ് സ്വന്തമാക്കി.ചെറുവട്ടൂർ ഗവ. മോഡൽ ഹയർ സെക്കന്ററി സ്‌കൂളിലായിരുന്നു പ്ലസ്ടു പഠനം.സലീം-മെഹ്റുന്നിസ ദമ്പതികളുടെ 4 മക്കളിൽ മൂത്തയാളാണ് ആർഷി.ജോലിക്കുശേഷം കംപ്യൂട്ടർ പഠനത്തിലും അർഷി സമയം നീക്കിവച്ചിട്ടുണ്ട്.
ഉമ്മയ്ക്ക് ഇടയ്ക്കിടെ ഉണ്ടാവുന്ന അസുഖങ്ങളാണ്് മനസ്സിനെ നോവിക്കുന്ന പ്രധാനഘടകം.ഇതുവരെ സമ്പാദ്യമൊന്നുമില്ല.സ്വന്തമായൊരുവീട് എന്നത് വലിയ സ്വപ്നമാണ്.പ്ലാനൊക്കെ റെഡിയാക്കി വച്ചിട്ടുണ്ട്.അർഷി പറഞ്ഞു.മലയാളി പയ്യനെ വിഹാഹം കഴിക്കാൻ ഇഷ്ടമാണോ എന്ന് ചോദിച്ചപ്പോൾ വരട്ടെ ..ആലോചിക്കാം എന്നായിരുന്നു അർഷിയുടെ ചിരിച്ചുകൊണ്ടുള്ള മറുപിടി. നെല്ലിക്കുഴിയിൽ പ്രവർത്തിച്ചുവരുന്ന പ്രത്യക പഠന കേന്ദ്രത്തിൽ 15 ഓളം കുട്ടികളെയാണ് ആർഷി പഠിപ്പിക്കുന്നത്.പകർച്ചവ്യാധി സമയത്ത് സമഗ്ര ശിക്ഷ കേരളം (എസ്എസ് കെ) ആരംഭിച്ച കേന്ദ്രത്തിൽ കേരളത്തിന് പുറത്തുനിന്നുള്ള 30 ഓളം കുട്ടികൾ ഇപ്പോൾ മലയാളം പഠിക്കുന്നുണ്ട്.
ഇത്തരത്തിലുള്ള 41 പ്രത്യേക പരിശീലന കേന്ദ്രങ്ങൾ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്. ഓൺലൈൻ ക്ലാസുകളില്ലാത്ത സ്‌കൂൾ കുട്ടികളെ പഠിപ്പിക്കുക എന്നതാണ് ലക്ഷ്യം.പൊതു വിദ്യാഭ്യാസ വകുപ്പിലെ എസ് എസ് എ യും അർ എം എസ് എ യും കൂടിച്ചേർന്നു 2018 ൽ ആണ് സമഗ്ര ശിക്ഷ കേരളം എന്ന പദ്ധതി ആരംഭിച്ചത്. എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം എന്നതാണ് ഇതിന്റെ ലക്ഷ്യം.കുടിയേറ്റത്തൊഴിലാളികളുടെയും ആദിവാസി മേഖലകളിൽ നിന്നുള്ളവരുടെയും കുട്ടികൾ ഈ കേന്ദ്രങ്ങളിലെ ക്ലാസുകളിൽ പങ്കെടുക്കുന്നുണ്ട്.
മറുനാടന് മലയാളി ലേഖകന്.