കുവൈറ്റ് സിറ്റി: പെരുമ്പാവൂരിൽ അതിനിഷ്ഠൂരമായി കൊല ചെയ്യപ്പെട്ട നിയമ വിദ്യാർത്ഥി ജിഷയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് പ്രതിരോധ സംഗമം സംഘടിപ്പിച്ചു. കല കുവൈറ്റ് അബു ഹലീഫ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മംഗഫ് കല ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ചടങ്ങിൽ പങ്കെടുത്തവർ ജിഷയുടെ കുടുംബത്തിന് നീതി ലഭിക്കുന്നതിനായി രാപ്പകൽ പോരാട്ടഭൂമിയിൽ കൊടുങ്കാറ്റുയർത്തുന്നവർക്കും ഒപ്പമാണെന്നും ഇത്തരം അനുഭവങ്ങൾ ഇല്ലാത്ത ഒരു പുതിയ കേരളം രൂപപ്പെടുത്തുന്നതിനായി തങ്ങളാൽ കഴിയുന്നത് ചെയ്യുമെന്നും പ്രതിജ്ഞയെടുത്തു. സൗമ്യയും, നിർഭയയും ഇപ്പോൾ ജിഷയും... അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ ഇത്തരം നിരവധി സംഭവങ്ങൾ ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു.

ഭരണത്തലപ്പത്തുള്ളവർ ഇത്തരം സംഭവങ്ങളോട് കുറ്റകരമായ അലംഭാവം പുലർത്തുന്നു. ഇതിനെതിരായുള്ള പോരാട്ടങ്ങൾക്ക് കരുത്ത് കൂട്ടേണ്ടിയിരിക്കുന്നു. സ്ത്രീകളോടുള്ള ഭൂരിഭാഗത്തിന്റേയും മനോഭാവത്തിൽ മാറ്റമുണ്ടാവണം. ഇതിനായുള്ള പ്രവർത്തനങ്ങൾ കുടുംബത്തിൽ നിന്ന് തന്നെ ആരംഭിക്കണം. എങ്കിൽ മാത്രമേ സമൂഹത്തിൽ നടക്കുന്ന സ്ത്രീകൾക്കെതിരായ അക്രമങ്ങൾക്ക് കുറവുണ്ടാവുകയുള്ളൂവെന്നും, ഇത്തരം പോരാട്ടങ്ങൾക്കൊപ്പം എന്നും ഈ പ്രവാസഭൂമികയിൽ നിന്നുള്ളവർ ഉണ്ടാകുമെന്നും പ്രതിരോധ സംഗമം ഉറപ്പു നൽകി.

കല കുവൈറ്റ് അബു ഹലീഫ മേഖല പ്രസിഡന്റ് ജ്യോതിഷ് ചെറിയാന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് കല കുവൈറ്റ് പ്രസിഡന്റ് ആർ. നാഗനാഥൻ ഉദ്ഘാടനം ചെയ്തു. ഫഹാഹീൽ മേഖല സെക്രട്ടറി പ്രസീദ് കരുണാകരൻ, സാഹിത്യവിഭാഗം സെക്രട്ടറി സജീവ് എം. ജോർജ്ജ്, കേന്ദ്രക്കമ്മിറ്റി അംഗങ്ങളായ ടി.വി. ഹിക്മത്ത്, ശുഭ ഷൈൻ, വനിതാവേദി ആക്ടിങ് പ്രസിഡന്റ് ഷെറിൻ ഷാജു, എൻ. അജിത്ത് കുമാർ, കെ.വി. പരമേശ്വരൻ എന്നിവർ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസാരിച്ചു. ശോഭ സുരേഷ് ചടങ്ങിൽ പങ്കെടുത്തവർക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കല കുവൈറ്റ് അബു ഹലീഫ മേഖല സെക്രട്ടറി മുസ്ഫർ സ്വാഗതം ആശംസിച്ച ചടങ്ങിന് മേഖല കമ്മിറ്റിയംഗം ശ്യാമള നാരായണൻ നന്ദി രേഖപ്പെടുത്തി.