- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആർടെക്കിന്റെ വെള്ളയമ്പലത്തെ 'വജ്രം' കൊണ്ടു പോയത് രണ്ട് ഇതര സംസ്ഥാന തൊഴിലാളികളുടെ ജീവൻ; മതിയായ സുരക്ഷാ ക്രമീകരണമില്ലാതെയുള്ള നിർമ്മാണ പ്രവർത്തനം ദുരന്തമായി; ലോഡിറക്കുന്നതിനിടെ ലോറിയിൽ നിന്ന് തെന്നിമാറി മാർബിൾ വീണത് നാല് തൊഴിലാളികളുടെ ദേഹത്ത്; രണ്ട് മരണം; മുഖ്യധാരാ മാധ്യമങ്ങൾ പറയാൻ മടിക്കുന്നത് ആർടെക് അശോകന്റെ ഫ്ളാറ്റിന്റെ പേര്
തിരുവനന്തപുരം:വെള്ളമ്പലത്ത് ഫ്ളാറ്റ് നിർമ്മാണ സൈറ്റിൽ വലിയ മാർബിൾ പാളി ലോറിയിൽ നിന്ന് ഇറക്കുന്നതിനിടെ ശരീരത്തിലൂടെ മറിഞ്ഞു വീണ് 2 ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചത് ആർടെക് സൈറ്റിൽ. ഇന്നലെ വൈകിട്ട് അഞ്ചിനായിരുന്നു അപകടം. തമിഴ്നാട് സ്വദേശിയും ടൈൽ പാകുന്ന കരാറുകാരനുമായ കിങ്സിൽ (38), തൊഴിലാളിയായ പശ്ചിമ ബംഗാൾ സ്വദേശി രഞ്ജിത് റായ് (43) എന്നിവരാണു മരിച്ചത്.
കണ്ടെയ്നറിൽ എത്തിയ മാർബിൾ ഇറക്കുന്നതിനിടെ ലോറിയിൽ നിന്നു താഴേയ്ക്കു മറിഞ്ഞു 4 പേരുടെ ശരീരത്തിലേക്കു പതിക്കുകയായിരുന്നു. കിങ്സിൽ മെഡിക്കൽ കോളജിലേയ്ക്കു കൊണ്ടു പോകുന്ന വഴിക്കും രഞ്ജിത് ആശുപത്രിയിൽ എത്തിച്ച ശേഷം രാത്രി ഒൻപതിനും ആണു മരിച്ചത്. പരുക്കേറ്റ വിജയ് ഹാൾഡർ, റിങ്കു വർമ്മൻ എന്നിവർ ചികിൽസയിലാണ്. ഇവരുടെ പരുക്ക് ഗുരുതരമല്ല. വെള്ളയമ്പലം ജംക്ഷനിലാണ് അപകടം നടന്ന ഫ്ളാറ്റ്.
കണ്ടെയ്നർ ലോറിയിൽ എത്തിയ ലോഡ് ഇറക്കുന്നതിനിടെ മാർബിൾ തൊഴിലാളികളുടെ മുകളിലേക്ക് വീഴുകയായിരുന്നു. ലോഡിറക്കുന്നതിനിടെ മാർബിൾ പാളികൾ ലോറിയിൽ നിന്നു തെന്നി താഴേയ്ക്കു മറിഞ്ഞു. ലോറിയുടെ താഴെ നിന്നിരുന്ന നാല് പേരുടെ ശരീരത്തിലേക്കു മാർബിൾ പാളികൾ വീഴുകയായിരുന്നു. മതിയായ സുരക്ഷാക്രമീകരണങ്ങൾ ഇവിടെ ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക സൂചന. പൊലീസ് കേസെടുക്കും. എന്നാൽ ഫ്ളാറ്റ് നിർമ്മാതാക്കളെ പ്രതിയാക്കുന്നതിൽ തീരുമാനം എടുത്തിട്ടില്ല.
ഫ്ളാറ്റ് നിർമ്മാണ സൈറ്റിൽ മതിയായ സുരക്ഷാ ക്രമീകരണമില്ലാത്തതാണ് ദുരന്തത്തിന് കാരണം. കോഴിക്കോടും സമാന ദുരന്തം ഈയിടെ ഉണ്ടായിരുന്നു. വൻ പരസ്യം നൽകുന്ന സ്ഥാപനങ്ങളായതു കൊണ്ട് തന്നെ മുഖ്യധാരാ വാർത്തകൾ ഫ്ളാറ്റിന്റെ പേരു പോലും കൊടുക്കില്ല. രാഷ്ട്രീയക്കാരും പ്രതിഷേധത്തിന് എത്തില്ല. ഈ സാഹചര്യത്തിൽ സാധാരണക്കാരുടെ ജീവൻ വച്ചുള്ള കളികളാണ് ഇത്തരം നിർമ്മാണ സൈറ്റുകളിൽ നടക്കുന്നത്. അതിനാൽ ജീവനും നഷ്ടമാകുന്നു. വെള്ളയമ്പലത്തെ ദുരന്തത്തിലും മുഖ്യധാരാ മാധ്യമങ്ങൾ ഫ്ളാറ്റിന്റെ പേരു കൊടുത്തിട്ടില്ല.
ആർടെക് ഡൈമണ്ട് എൻക്ലേവിലാണ് ഇന്നലെ ദുരന്തം ഉണ്ടായത്. 1994ൽ സ്ഥാപിതമായത് മുതൽ കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ മാറ്റത്തിന്റെ വെളിച്ചം വീശുന്ന പ്രൊജക്ടുകളും, സേവനങ്ങളും കാഴ്ചവെച്ച് ജനപ്രിയമായി മാറിയ ആർടെക് റിയാൽറ്റേഴ്സ് മികവിന്റെ പുതിയ പര്യായങ്ങൾ ഒരുക്കുന്നു എന്ന തരത്തിൽ പ്രചരണം നടത്തുന്ന ഗ്രൂപ്പാണ് ആർടെക്. പാറ്റൂരിലെ വിവാദം അടക്കം പലതും ഉണ്ടായെങ്കിലും ഒന്നും സ്ഥാപനത്തിന് വലിയ കുരുക്കായി മാറിയില്ല. തിരുവനന്തപുരം, കൊല്ലം, തിരുവല്ല, കോട്ടയം, തൃശ്ശൂർ തുടങ്ങിയ കേരളത്തിലെ മുൻനിര നഗരങ്ങളിലാണ് ആർടെക് റിയാൽറ്റേഴ്സ് പ്രൊജക്ടുകൾ സ്ഥിതി ചെയ്യുന്നത്.
പുതിയ തലമുറയ്ക്ക് അനുയോജ്യമായ രീതിയിൽ സുരക്ഷിതത്വം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉറപ്പാക്കാൻ സ്മാർട്ട് സംവിധാനങ്ങളോടെയാണ് ആർടെക് റിയാൽറ്റേഴ്സ് ഓരോ പ്രൊജക്ടും നിർമ്മിക്കുന്നതെന്നാണ് അവരുടെ അവകാശവാദം. ആർടെക്കിന്റെ സൂപ്പർ ലക്ഷ്വറി അപ്പാർട്ട്മെന്റ് പ്രോജക്ടകാണ് വെള്ളയമ്പലത്തെ ഡൈമണ്ട് എൻക്ലേവ്. ഇവിടെയാണ് ദുരന്തം ഉണ്ടായത്.
മറുനാടന് മലയാളി ബ്യൂറോ