തിരുവനന്തപുരം: പാറ്റൂരിലെ വിവാദ ഭൂമിയിൽ ഫ് ളാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് സർക്കാർ വകുപ്പുകളുടെ ഒളിച്ചുകളി തുടരുന്നു. ആർടെക് അശോകനുവേണ്ടി ഭരണകൂടും ചലിക്കുന്നത് ഇന്നലെ വ്യക്തമായി. കർശന നിലപാടുമായി മുന്നോട്ട് പോയ ലോകായുക്തയെ പരിഹസിക്കുന്ന നിലപാടാണ് സർവ്വേ വകുപ്പും തിരുവനന്തപുരം ജില്ലാ കളക്ടറും എടുത്തത്. ഇതിനെല്ലാം കാരണം ആർടെക്ക് അശോകന്റെ ഉന്നത ബന്ധങ്ങളാണ്. ഇതു തന്നെയാണ് നിർമ്മാണം തുടരാനുള്ള ഹൈക്കോടതി വിധി നേടാനും ആർടെക് ഗ്രൂപ്പിനെ സഹായിച്ചത്.

അതിനിടെ വിവാദ ഭൂമിയിലെ നിർമ്മാണപ്രവർത്തനങ്ങൾ തടഞ്ഞുകൊണ്ടുള്ള ലോകായുക്ത ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തതോടെ ആർടെക്കിന് നിർമ്മാണ പ്രവർത്തനങ്ങൾ തുടരാം. നിർമ്മാണ പ്രവർത്തനങ്ങൾ ലോകായുക്ത പരിഗണിക്കുന്ന പരാതിയിലെ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്ന് ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ് വ്യക്തമാക്കിയിട്ടുണ്ട്. സർക്കാരിന്റെ ഒത്തുകളിയാണ് ഹൈക്കോടതിയിൽ നിന്ന് ഇത്തരമൊരു ഉത്തരവ് സംഘടിപ്പിക്കാൻ ആർടെക്കിനെ സഹായിച്ചതെന്നും ആക്ഷേപം വ്യാപകമാണ്.

പാറ്റൂർ ഭൂമിയിടപാടിലെ നിർണ്ണായ രേഖകൾ ലോകായുക്തയ്ക്ക് മുമ്പാകെ ഹാജരാക്കാൻ ജല അഥോറിറ്റി പ്രിൻസിപ്പൽ സെക്രട്ടറി, സർവ്വേ ഡയറക്ടർ എന്നിവർ തയ്യാറായിട്ടില്ല. പഴയ രേഖകൾ പൊടിഞ്ഞുപോയി എന്നാണ് സർവ്വേ ഡയറക്ടർ കോടതി നിയോഗിച്ച അഭിഭാഷകനു മുമ്പാകെ അറിയിച്ചത്. ഒത്തുകളി എത്രത്തോളമാണെന്നതിന് തെളിവാണ് ഇത്. അതിനിടെ പാറ്റൂരിലെഫ് ളാറ്റുകളിൽ മൂന്നെണ്ണം ഒഴിച്ചിട്ടിരിക്കുന്നത് ഉന്നതർക്ക് വേണ്ടിയാണെന്നും ആരോപണം ഉണ്ട്. മന്ത്രിസഭയിലെ പ്രമുഖനും ഉയർന്ന ഐഎഎസുകാരനുമുള്ള പടിയാണ് ഈ ഫ് ളാറ്റുകളെന്നാണ് ആക്ഷേപം.

പാറ്റൂരിൽ ജല അഥോറിറ്റിയുടെ പൈപ്പു കടന്നുപോകുന്ന ഭൂമിയുടെ രേഖകൾ പൊടിഞ്ഞു പോയെന്നാണ് സർവേ വകുപ്പ് ലോകായുക്തയെ അറിയിച്ചത്. തോടു പുറമ്പോക്ക് ഭൂമിയുടെ കൈവശാവകാശ രേഖകൾ കണ്ടെടുക്കാനായില്ലെന്ന് ജില്ലാ കലക്ടറും ബോധിപ്പിച്ചു. ഇതിനെ രൂക്ഷമായി വിമർശിച്ച ലോകായുക്ത പയസ്.സി.കുര്യാക്കോസും ഉപലോകായുക്ത കെ.പി. ബാലചന്ദ്രനും പുരാവസ്തു വകുപ്പ് ഡയറക്ടർ, ജലവിഭവവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, വാട്ടർ അഥോറിറ്റി എക്‌സിക്യുട്ടീവ് എൻജിനീയർ എന്നിവർക്ക് സമൻസ് അയക്കാൻ തീരുമാനിച്ചു. ഇത്തരത്തിലൊരു വിചിത്രമായ നിലപാട് അറിയിക്കുന്നതിൽ നിന്ന് തന്നെ കാര്യങ്ങൾ വ്യക്തമാണ്.

പതിനാറ് സെന്റ് സർക്കാർ ഭൂമി സംസ്ഥാന ചീഫ് സെക്രട്ടറിയുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ തട്ടിയെടുത്തെന്നാണ് ആരോപണം. ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷൺ, പ്രിൻസിപ്പൽ സെക്രട്ടറി സത്യജിത് രാജൻ, ലാൻഡ് റവന്യൂ കമീഷണർ എം സി മോഹൻദാസ്, ഫഌറ്റ് നിർമ്മാതാക്കൾ അടക്കമുള്ളവരെ പ്രതിയാക്കിയാണ് ലോകായുക്തയിൽ പരാതി നൽകിയത്. ഇതിലൊരാൾക്കാണ് ആർടെക്കിൽ ഫ് ളാറ്റ് ഒഴുപ്പിച്ചിട്ടിരിക്കുന്നതെന്ന വാദമാണ് ഉയരുന്നത്.

കെട്ടിടത്തിന്റെ മധ്യഭാഗത്തുള്ള സർക്കാർ ഭൂമി വെറും പുറമ്പോക്കു ഭൂമിയാണെന്നു കാട്ടി വിവാദങ്ങൾ അവസാനിപ്പിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഇതിന്റെ പ്രതിഫലനമായിരുന്നു ലോകായുക്തയിൽ നടന്നത്. എല്ലാ വകുപ്പുകളുടേയും ഏകോപനം ആർടെക്കിന് അനുകൂലമാക്കാൻ ഉന്നതർ തന്നെ ചരട് വലിക്കുന്നതായി മറുനാടൻ മലയാളി രേഖകൾ സഹിതം പുറത്തു കൊണ്ടു വന്നിരുന്നു. ഇത് ശരിവയ്ക്കുന്നത് കൂടിയാണ് ലോകായുക്തയിലെ നടപടികൾ. ആർടെക്കിന് എതിരായി ലോകായുക്ത വിധി വന്നാൽ മേൽക്കോടതിയിൽ നിന്ന് അനുകൂല തീരുമാനം സംഘടിപ്പിക്കാനുള്ള ഒത്തുകളിയും സജീവമാണ്.

16 ഏക്കർ ഭൂമി പുറമ്പോക്കാണെന്നുള്ള വാദമാണ് ഇപ്പോൾ ഉയർത്തുന്നത്. കെട്ടിടം ഇരിക്കുന്ന പ്രദേശം സർക്കാർ ഭൂമിയിലായിരിക്കെ ഇത് പുറമ്പോക്കാണെന്നു വരുത്തിത്തീർത്തു പ്രശ്‌നം ഒതുക്കാനുള്ള ശ്രമമാണു നടക്കുന്നത്. കെട്ടിടം ഇരിക്കുന്ന സ്ഥലം സർക്കാർ ഭൂമിയാണെന്ന രേഖകളിൽ മാറ്റം വരുത്തിയാണ് ഇപ്പോൾ പുറമ്പോക്കായി കാണിച്ചിരിക്കുന്നത്. സർക്കാരും ഭൂമാഫിയയുമെല്ലാം ചേർന്ന് ഒരു ഒത്തുതീർപ്പിനാണ് കളമൊരുങ്ങിയിരിക്കുന്നത്. വിവാദത്തിൽപ്പെട്ട സ്ഥലം പിന്നീട് പാർക്കിങ് മേഖലയായി ഉപയോഗിക്കാനാണ് നീക്കം. ഭൂമി ഇടപാടിൽ കുറ്റാരോപിതരായവരെ സംരക്ഷിക്കാൻ എല്ലാ ഏജൻസികളും ഒരുമിച്ചാണ് രംഗത്തെത്തുന്നത്.

പാറ്റൂരിൽ ഫ് ളാറ്റ്  വിവാദത്തിലെ ഭൂമിയിൽ കയ്യേറ്റം നടന്നതു പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടെന്നു ലോകായുക്ത നിയോഗിച്ച അമിക്കസ് ക്യൂറി അറിയിക്കുമ്പോഴും പുറമ്പോക്കു ഭൂമിയാണ് ഇതെന്ന വിലയിരുത്തലാണു നടത്തിയിരിക്കുന്നത്. 16 സെന്റ് തോട് പുറമ്പോക്കു കയ്യേറിയതായി ഭൂമി അളന്നുതിട്ടപ്പെടുത്തിയപ്പോൾ വ്യക്തമായെന്നാണ് അമിക്കസ് ക്യൂറി പറയുന്നത്. ജല അഥോറിറ്റിയുടെ സ്ഥലം കയ്യേറിയിട്ടുണ്ടോയെന്നു പരിശോധന പൂർത്തിയാകുമ്പോഴേ അറിയാനാകൂവെന്നാണ് അമിക്കസ് ക്യൂറി അഡ്വ. കെ ബി പ്രദീപ് അറിയിച്ചത്.