(ഇക്കാര്യത്തിൽ കുറെയേറേ പോസ്റ്റുകൾ വായിച്ചു. അതിനാൽ ഇങ്ങനെ ഒരു വശം കൂടി ഉണ്ട് എന്ന് മാത്രം സൂചിപ്പിക്കാൻ. വസ്തുതകൾ മാത്രം അവതരിപ്പിക്കുന്നു, കമന്റ് പൊങ്കാല താങ്ങാനുള്ള ശേഷി ഇല്ല എന്ന് കൂടി ജാമ്യമെടുക്കട്ടെ!!)

ഇനി കാര്യത്തിലേക്ക് കടക്കട്ടെ. എന്തുകൊണ്ടാണ് റിസർവ് ബാങ്ക് ഇങ്ങനെ എടിഎം ഉപയോഗം നിയന്ത്രിക്കാൻ ബാങ്കുകളെ അനുവദിച്ചത്?

പശ്ചാത്തലം: ഇക്കഴിഞ്ഞ ഓഗസ്റ്റ് 14 ന് ആർബിഐ സർക്കുലർ പ്രകാരം ഉയരുന്ന എടിഎം പരിപാലനചെലവിനെ സൂചിപ്പിച്ചിരുന്നു. ഒരു എടിഎം ഇടപാട് നടക്കുമ്പോൾ ഏകദേശം രൂ.20 ബാങ്കിന് ചെലവ് ഉണ്ടാകുന്നു, അതേ സമയം ശാഖയിലെ ഇടപാട് ഒന്നിന് രൂ.40 ന് മേലെ ചിലവും ഉണ്ടാകും. ഇത് ചെറുതായി എങ്കിലും ഒന്ന് പരിമിതപ്പെടുത്തുന്നത് ബാങ്കിന്റെ ധനകാര്യ ആരോഗ്യത്തിന് മാത്രമല്ല ഇടപാട്കാർക്കും മറ്റൊരു തരത്തിൽ നല്ലത് തന്നെ. കാരണം പരിമിതിയില്ലാത്ത എടിഎം ഉപയോഗം ക്യു ന്റെ വരി കൂട്ടുകയേ ഉള്ളൂ. സേവനം അത് എന്ത് തന്നെയായാലും ഒരു പരിധി എല്ലാ stake holders നും നല്ലതാണ്.

എന്നാൽ ഇതല്ല യഥാർത്ഥ കാരണം: നിലവിൽ പ്ലാസ്റ്റിക് പണവിനിമയം അതായത് കാർഡ് വഴിയുള്ള ഇടപാട് ഇന്ത്യയിൽ കാര്യമായ തോതിൽ ഉയരുന്നില്ല. കടകളിൽ പോയി സാധനം വാങ്ങാൻ തൊട്ടടുത്ത എടിഎം ൽ നിന്ന് പണം എടുത്ത് കടയിൽ കൊടുക്കുന്ന ഏർപ്പാട് സർവത്ര. എന്നാൽ ഇത് കടയിലെ കാർഡ് ഉരപ്പ് (PoS Terminal/Swipe Card Reader) വഴി അനായാസം സാധിക്കാവുന്നതേയുള്ളൂ.

ഇങ്ങനെ കാർഡ് കട-പണവിനിമയം വഴി എന്താണ് നേട്ടം?

കള്ളപ്പണം കാര്യമായ തോതിൽ കുറയ്ക്കാനാകും. നികുതിവരവ് വർധിപ്പിക്കാം. ഇപ്പോൾ നിങ്ങൾ വാങ്ങുന്ന ഉത്പന്നത്തിന് എല്ലാ തലത്തിലും കൃത്യമായി നികുതി സർക്കാർ ഖജനാവുകളിലേക്ക് എത്തുന്നുണ്ടോ എന്ന് ഉറപ്പാക്കൽ കടുകട്ടി ഏർപ്പാട് ആണ്. ഇപ്പറയുന്നതിന്റെ സാധുത അറിയണമെങ്കിൽ സ്വർണം എടുക്കാൻ പോകുമ്പോൾ നാമെല്ലാം കാർഡ് വഴി മാത്രമേ പണം നൽകൂ എന്ന് ഒന്ന് പറഞ്ഞ് നോക്കൂ അപ്പോൾ അറിയാം തനി സ്വഭാവം. നികുതി വരും എന്ന് മറുപടി ടപേ എന്ന് എത്തും. അപ്പോൾ പണം കൈകൊണ്ട് രൊക്കം കൊടുത്താലോ? അതിന്റെ ഗുട്ടൻസ് നിങ്ങൾക്കും മനസിലായിക്കാണും എന്ന് കരുതുന്നു. സ്വർണക്കടക്കാരുടെ ആൾക്കാരുടെ ഇഷ്ടക്കാരും നികുതിവെട്ടിപ്പിന് കൂട്ടായി അറിഞ്ഞോ അറിയാതെയോ കൂട്ടിരിക്കുന്നവരുടെയും കമന്റ് പൊങ്കാല ഒഴിവാക്കാനായി അക്കാര്യം വിശദീകരിക്കുന്നില്ല.

ഈ എടിഎം ഉപയോഗം പരിമിതപ്പെടുത്തുന്നതിന്റെ മുഖ്യകാരണം നിങ്ങളുടെ കാർഡ് ഉപയോഗരീതി/ ശീലം Behavioural Shift മാറ്റിയെടുക്കുക തന്നെയാണ്. കടകളിൽ ചെല്ലുമ്പോൾ കാർഡ് നൽകുക. അത് വഴി മറ്റൊരു നേട്ടവും ഉണ്ട്, ഉപയോക്താവ് ഒരു പക്ഷെ കടയിലെ ബിൽ തുക/തീയതി എന്നിവ മറന്ന് പോയാൽ പോലും വിശദ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് വഴി അറിയാവുന്നതേയുള്ളൂ.

ലഭ്യമായ പുതിയ കണക്ക് അനുസരിച്ച് ഇന്ന് ഇന്ത്യയിൽ എടിഎമ്മിന്റെ ആറര ഇരട്ടി PoS Terminal (കടകളിലെ കാർഡ് ഉരസൽ യന്ത്രം) ഉണ്ട്. എന്നാൽ എടിഎം ഇടപാടുകളുടെ അഞ്ചിലൊന്ന് പോലും കടകളിലെ കാർഡ് ഇടപാട് വഴി നടക്കുന്നില്ല. ഈ സ്ഥിതി പതിയെ മാറ്റിക്കൊണ്ട് വരുന്നതാണ് റിസർവ് ബാങ്ക് ലക്ഷ്യം.

മറ്റൊരു നേട്ടം പൗരന്മാരുടെ പക്കൽ കറൻസി നോട്ട് വയ്ക്കുന്നതിലും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് നേട്ടം അത് ബാങ്ക് ടു ബാങ്ക് ഇടപാട് ആക്കുന്നതാണ്. കടകളിൽ കാർഡ് നൽകുമ്പോൾ യഥാർത്ഥത്തിൽ സംഭവിക്കുന്നത് ഒരു ബാങ്കിൽ നിന്ന് മറ്റൊരു ബാങ്കിലേക്ക് പണം ഇലക്‌ട്രോണിക് ആക്കി മാറ്റുക മാത്രമാണ്. അത് വഴി സമ്പദ് വ്യവസ്ഥയുടെ കൃത്യമായ ചിത്രം, മെച്ചപ്പെട്ട നികുതിവരവ് ഒക്കെ ലഭിക്കും
ഒരു പക്ഷെ ഇതൊക്കെ നടക്കുമോ എന്ന് ചിന്തിക്കുന്ന കുറച്ചധികം വായനക്കാർ എങ്കിലും ഉണ്ടാകും. എന്നാൽ ഒന്നറിയുക ഇന്ത്യയിൽ എടിഎം വന്നപ്പോൾ, ഇകൊമേഴ്‌സ് വന്നപ്പോൾ ഒക്കെ ഇതെവിടെ വരെ പോകാൻ എന്ന് ശങ്കിച്ചവർ പുരികം വളച്ചവർ ഒക്കെ ഉണ്ടായിരുന്നു. പിന്നീട് എന്തായി എന്നത് ചരിത്രം.

ഒന്നോർക്കുക എടിഎം ഉപയോഗത്തിന് മാത്രമേ മാസത്തിൽ നിയന്ത്രണം കൊണ്ട് വന്നിട്ടുള്ളൂ, കടകളിലെ കാർഡ് യന്ത്രത്തിൽ ഉപയോഗിക്കുന്നതിന് ഒരു പരിധിയും ഇല്ല.

പതിയെ കാർഡ് ഉപയോഗം വ്യാപകമാകും. എണ്ണം 5+3 ആക്കി നിർത്താൻ എങ്കിലും കാർഡ് കടകളിൽ കൊടുത്ത് തുടങ്ങും, അത് അനായാസ പരിപാടി ആണെന്ന് ബോധ്യമാകുന്നതോടെ ഇപ്പോഴുള്ള underutilised PoS Terminal ഉഷാറാകും. രാജ്യത്ത് 1.66 ലക്ഷം എടിഎം മാത്രമേ ഉള്ളൂ എന്നാൽ കടകളിൽ 10.81 ലക്ഷം മെഷീനുകൾ ഉണ്ട്. ഇവയിൽ ഉപയോഗത്തിന് നിയന്ത്രണമേതുമില്ല.
കാർഡ് വഴി പണമിടപാട് നടത്തുന്നത് ശരിയായ തരത്തിൽ നിങ്ങൾ നികുതി കൊടുക്കുന്ന നികുതി സർക്കാരിലേക്ക് എത്തുന്നു എന്ന് ഉറപ്പാക്കൽ കൂടിയാണന്ന് ഓർക്കുമല്ലോ. ഒരു പക്ഷെ 5 വർഷം കഴിഞ്ഞ് ഈ പോസ്റ്റ് വായിക്കുമ്പോൾ നിങ്ങൾക്ക് തന്നെ ചിരി വന്നേക്കാം, കാരണം ഇപ്പോൾ ആരും ബാങ്ക് ശാഖയിലേക്ക് പോയി ക്യൂ നിൽക്കാറില്ലല്ലോ. നമുക്ക് എടിഎം ഉണ്ട്. ഈ ശൈലീമാറ്റം Behavioural Shift സംഭവിച്ചത് പോലെ, എടിഎം ൽ നിന്ന് കാർഡ് പേയ്‌മെന്റ് എന്ന നിലയിലേക്ക് മാറിക്കോളും, അതിനുള്ള നിലമൊരുക്കൽ ആണ് ഈ കാർഡ് ഉപയോഗ നിയന്ത്രണം

എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ നിലവിലുള്ള 5:3, 5(നേരത്തെ unlimited)+3(നേരത്തെ അഞ്ച്) എന്നത് 10:3 എന്നതിലേക്ക് മാറ്റാവുന്നതാണ്. അതായത് സ്വന്തം ബാങ്ക് എടിഎം 10 തവണ അന്യബാങ്ക് എടിഎം 3 തവണ എന്ന രീതി വന്നാൽ തത്കാലം പരാതിക്ക് ഇട കൊടുക്കാതെ മുന്നോട്ട് പോകാം.

വിരാമതിലകം: ആദ്യം നെല്ലിക്ക കയ്ക്കും, പിന്നെ മധുരിക്കും (കൊച്ചി മേട്രോ പരസ്യം ഞാൻ കണ്ടിട്ടേയില്ല)

വിവരത്തിന് കടപ്പാട്: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, ലോകബാങ്ക്, ദി മിന്റ് ദിനപത്രം, How india lives DOT com