- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
എവിടെയെങ്കിലും ത്രിവർണ്ണപതാക പാറിപ്പറക്കുന്നത് കണ്ടാൽ അഭിമാനത്തോടെ നോക്കി കടന്നു പോകുന്നവാരാണ് നമ്മൾ; പൊരിവെയിലത്തും മഴയത്തും നെഞ്ചിൽ ചേർത്തുപിടിക്കുന്നത് ഈ പതാക: ദേശീയത എന്ന വികാരം ദേശീയഗാനമായി അടിച്ചേൽപ്പിക്കുന്നതിനെക്കുറിച്ച് ദീപ പ്രവീൺ എഴുതുന്നു
ഭാരതത്തിന്റെ പരമോന്നത നീതിപീഠത്തോടും, അത് കാത്തുസൂക്ഷിക്കാൻ ശ്രമിക്കുന്ന നീതിന്യായ വ്യവസ്ഥയോടും ഈ രാജ്യത്തെ ഭരണഘടനയോടുമുള്ള എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ട് ചോദിക്കട്ടെ, ''ബഹുമാനപ്പെട്ട നിയമപീഠമേ, ദേശീയഗാനം രാജ്യത്തെ എല്ലാ സിനിമാശാലകളിലും പ്രദർശനത്തിനു മുൻപ് മുഴങ്ങി കേൾക്കണമെന്നും, അത് കേൾക്കുമ്പോൾ, സ്‌ക്രീനിൽ തെളിയുന്ന പതാക കാണുമ്പോൾ ഉള്ളിൽ ഒരു ദേശസ്‌നേഹത്തിന്റെ തിരതള്ളൽ ഉണ്ടാകണമെന്നും നിർബന്ധിക്കുന്നത് ഒരു തരം അടിച്ചേൽപ്പിക്കലല്ലേ? ബഹു. കോടതി പറയുന്നു, '''Time has come for people to realise that the national anthem is a symbol of constitutional patriotism...people must feel they live in a nation and this wallowing individually perceived notion of freedom must go...people must feel this is my country, my motherland' ദേശീയ ഗാനം കേൾക്കുമ്പോൾ മാത്രമല്ല, ഈ നാട്ടിൽ ജനിച്ച നല്ലൊരു ശതമാനം ആളുകളുടെയും ഉള്ള് ഭാരതീയനാകുന്നതിൽ അഭിമാനപൂരിതമാകുന്നത്. മറുനാട്ടിലും എവിടെയെങ്കിലും ഭാരതത്തിന്റെ ത്രിവർ
ഭാരതത്തിന്റെ പരമോന്നത നീതിപീഠത്തോടും, അത് കാത്തുസൂക്ഷിക്കാൻ ശ്രമിക്കുന്ന നീതിന്യായ വ്യവസ്ഥയോടും ഈ രാജ്യത്തെ ഭരണഘടനയോടുമുള്ള എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ട് ചോദിക്കട്ടെ, ''ബഹുമാനപ്പെട്ട നിയമപീഠമേ, ദേശീയഗാനം രാജ്യത്തെ എല്ലാ സിനിമാശാലകളിലും പ്രദർശനത്തിനു മുൻപ് മുഴങ്ങി കേൾക്കണമെന്നും, അത് കേൾക്കുമ്പോൾ, സ്‌ക്രീനിൽ തെളിയുന്ന പതാക കാണുമ്പോൾ ഉള്ളിൽ ഒരു ദേശസ്‌നേഹത്തിന്റെ തിരതള്ളൽ ഉണ്ടാകണമെന്നും നിർബന്ധിക്കുന്നത് ഒരു തരം അടിച്ചേൽപ്പിക്കലല്ലേ?
ബഹു. കോടതി പറയുന്നു,
'''Time has come for people to realise that the national anthem is a symbol of constitutional patriotism...people must feel they live in a nation and this wallowing individually perceived notion of freedom must go...people must feel this is my country, my motherland'
ദേശീയ ഗാനം കേൾക്കുമ്പോൾ മാത്രമല്ല, ഈ നാട്ടിൽ ജനിച്ച നല്ലൊരു ശതമാനം ആളുകളുടെയും ഉള്ള് ഭാരതീയനാകുന്നതിൽ അഭിമാനപൂരിതമാകുന്നത്. മറുനാട്ടിലും എവിടെയെങ്കിലും ഭാരതത്തിന്റെ ത്രിവർണ്ണപതാക പാറിപ്പറക്കുന്നത് കണ്ടാൽ ഒരു നിമിഷം അതിനെ അഭിമാനത്തോടെ നോക്കി കടന്നു പോകുന്ന ഒരുപാട് ഭാരതീയരെ ഞാൻ കണ്ടിട്ടുണ്ട്. പല മത്സരവേദികളിലും ഇന്ത്യൻ പതാകയെ പ്രതിനിധീകരിക്കാൻ ഭാഗ്യം ലഭിച്ച വ്യക്തികളുടെ കണ്ണുകളിൽ ആ തിളക്കം കണ്ടിട്ടുണ്ട്.
പൊരിവെയിലത്തും മഴയത്തും ക്രിക്കറ്റ് അടക്കമുള്ള മത്സരവേദികളിൽ (രാജ്യത്തിനകത്തും പുറത്തും) നെഞ്ചിൽ ചേർത്തുപിടിച്ച ഈ പതാക, ഗാലറിയിലിരുന്ന് ഏറെ ആവേശത്തോടെ, ആത്മാർത്ഥയോടെ ഉയർത്തിപ്പിടിക്കുന്ന ഏതൊരുവരും പറയാതെ പറയുന്നത് 'നാം ഭാരതീയർ' എന്ന ഒറ്റ വികാരമാണ്. സച്ചിൻ എന്ന കായികതാരത്തെ കാണുമ്പോൾ, സാക്ഷി മാലിക്, പി വി സിന്ധു, പി ടി ഉഷ ഇവരെയൊക്കെ കാണുന്‌പോൾ നമ്മുടെ മനസ്സിൽ തിരതള്ളുന്നതും ആ വികാരമാണ്. ഇനിയുമുണ്ട് പേരുകൾ, രൂപങ്ങൾ അനവധി. സി.വി രാമൻ, സലിം അലി, ഹോമി ജെ ഭാഭ, വിക്രം സാരാഭായി, കൈലേഷ് സത്യാർഥി, ലതാ മങ്കേഷ്‌ക്കർ, തുടങ്ങി അനവധി പേരുകൾ കേൾക്കുന്ന നിമിഷത്തിലും അഭിമാനത്തോടെ നമ്മൾ ഓർക്കാറുണ്ട്, നമുക്ക് ഫീൽ ചെയ്യാറുണ്ട് ഇവരൊക്കെ ഇന്ത്യക്കാരാണ്, എന്നെപ്പോലെയെന്ന്.
എന്നാൽ ഇതേ വികാരം ഒരു സൂപ്പർ സ്റ്റാറിന്റെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട പടം കാണാൻ ബ്ലാക്കിലും വൈറ്റിലുമായി ടിക്കറ്റ് വാങ്ങി തീയറ്ററിന്റെ ഇരുട്ടിലേയ്ക്ക് ഇടിച്ചുകയറുന്ന ഒരു സാധാരണ പ്രേക്ഷകനുണ്ടാകുമോ? യെന്തിരനോ പുലിമുരുകനോ കാണാൻ ആദ്യദിനം ആദ്യ ഷോയ്ക്ക് ഇടിച്ചുകയറി തിയേറ്ററിൽ സീറ്റ് ഉറപ്പിച്ച പ്രേക്ഷകന്, ദേശീയഗാനം കേൾക്കുമ്പോൾ National identity, National integrity and Constitutional Patriotism ഒക്കെ തോന്നുമോ എന്ന കാര്യം എനിക്ക് സംശയമാണ്, അവരിൽ പലരും ഒരു വ്യാജ രാജ്യസ്‌നേഹം പ്രകടിപ്പിച്ചേക്കും, എന്നാൽ അതിൽ എത്രമാത്രം ആത്മാർത്ഥയുണ്ടാവും? ഈ വിധിന്യായം യാഥാർഥത്തിൽ വിപരീതഫലമല്ലേ നൽകുന്നത്?
''When the national anthem is played it is imperative for everyone to show honour and respect It would instill a sense of committed patriotism and nationalism,' എന്നാണ് കോടതിഭാഷ്യം.
എന്നാൽ ഇന്ത്യയുടെ നല്ലൊരു ശതമാനം സിനിമ തീയേറ്റർ പ്രേക്ഷകരും ഒരു യഥാർത്ഥ പൗരന്റെ കടമകളെക്കുറിച്ചും കർത്തവ്യങ്ങളെക്കുറിച്ചും എപ്പോഴും ബോധവാനാവുകയും അതനുസരിച്ചു പ്രവർത്തിക്കുകയും ചെയ്യുന്നവനല്ല എന്നതാണ് യാഥാർഥ്യം. അതുകൊണ്ടു തന്നെ മുൻ പറഞ്ഞതു പോലെ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ചല്ലാതെ ദേശീയഗാനത്തോട് പ്രതികരിക്കുന്ന ഒരു ജനതയാവും നമ്മുടെ മുന്നിൽ ഉള്ളത്/ ഉണ്ടാകുന്നത്. മനുഷ്യനിൽ മറ്റുള്ളവനെ അനുകരിക്കാനും അതനുസരിച്ചു തന്റെ പെരുമാറ്റ രീതിയെ പോലും മാറ്റാനുമുള്ള ത്വര രൂഢമൂലമാണ്. അനന്തരഫലമായി തിയേറ്റർ മുറിയിലെ ഇരുളിൽ എങ്ങനെയെങ്കിലുമൊക്കെ ആലപിക്കാവുന്ന ഒരു സാധാരണ ഗീതമായി ദേശീയഗാനം മാറും. നമ്മുടെ ഒപ്പമുള്ള വളർന്നു വരുന്ന തലമുറയ്ക്കും വളരെ സാധാരണമായ ഒരു പാട്ടു മാത്രമായി ദേശീയഗാനമൊതുങ്ങാനും ഈ ചിരപരിചിതത്വം കാരണമായേക്കാം.
ഇവിടെ ദേശീയത എന്ന വികാരം ദേശീയഗാനമായി അടിച്ചേൽപ്പിക്കപ്പെടുമ്പോൾ, അത് വെറുമൊരു അധരവ്യായാമമായി മാറുകയല്ലേ? അതായത് ഏറെ ആദരവോടെ ഉരുവിടണം എന്ന് നമ്മുടെ പൊതുബോധം നമ്മെ പഠിപ്പിക്കുന്ന ദേശീയ ഗാനാലാപനം, ഇങ്ങനെ തിയേറ്ററിന്റെ ഇരുട്ടിൽ അടിച്ചേല്പിക്കപ്പെട്ട് എങ്ങനെയൊക്കെയോ 'ആലപിച്ചു' കഴിയുമ്പോൾ, അതുകൊണ്ട് ഉണ്ടാകാൻ സാധ്യതയുള്ള അനന്തരഫലം, ഈ ദേശീയഗാനത്തിന്റെ, പരിപാലിക്കപ്പെടേണ്ട പവിത്രത നഷ്ടപ്പെടുക എന്നത് തന്നെയാണ്.
അപ്പോൾ എന്താണോ ബഹുമാനപ്പെട്ട സുപ്രീം കോടതി നടപ്പിൽ വരുത്താൻ ആഗ്രഹിച്ചത് അതിന്റെ നേർ വിവരീത ഫലമാണ് ഈ വിധിന്യായത്തിന്റെ നടത്തിപ്പ് മൂലം ഉണ്ടാകാൻ പോകുന്നത്. വ്യക്തമായ ഒരു മേൽനോട്ട സംവിധാനമില്ലാത്ത ഒരു സിനിമാഹാളിൽ ദേശീയഗാനം മുഴങ്ങി കേൾക്കാൻ ആവശ്യപ്പെടുമ്പോൾ അവിടെ കൂടിയിരിക്കുന്ന ആബാലവയോധികം ജനങ്ങൾക്കും ദേശീയഗാനം പാടുമ്പോൾ പിന്തുടരേണ്ട പ്രോട്ടോക്കോൾ അനുസരിക്കാൻ ഒരു പോലെ കഴിയില്ല എന്ന് തിരിച്ചറിഞ്ഞു തന്നെ, കോടതി ഇങ്ങനെയൊരു വിധി പറയുമ്പോൾ യഥാർത്ഥത്തിൽ കോടതി തന്നെ ജനങ്ങൾക് The Prevention of Insults to National Honour Act, 1971 പരിധിയിൽ വരുന്ന നിർദ്ദേശങ്ങൾ ലംഘിക്കാനുള്ള കളമൊരുക്കുകയല്ലേ, ഒട്ടും യുക്തിഭദ്രവും പ്രയോഗികവുമല്ലാത്ത ഈ വിധിന്യായത്തിലൂടെ?
ഇവിടെ ദേശീയഗാനത്തെ വാണിജ്യപരമായി ഉപയോഗിക്കരുതെന്നും, അത് റിയാലിറ്റിഷോയിലും, എന്റർറ്റെയിന്മെന്റിനും ഉപയോഗിക്കരുതെന്നും കോടതി പറയുന്നുണ്ട്. എന്നാൽ ഇനിയും കൃത്യമായി, എന്താണ് ദേശീയ പതാകയുടെ ദുർവിനിയോഗം എന്നോ, എന്താണ് അനാദരവെന്നോ നമുക്കു മുന്നിൽ ഒരു നിയമ നിർവചനം ഉണ്ടോ? അങ്ങനെ ഒരുപാട് നൂലാമലകളല്ലേ ഈ വിധിന്യായം നമുക്ക് തുറന്നു തരുന്നത്?
ദേശീയതയും ദേശസ്‌നേഹവുമൊന്നും അടിച്ചേല്പിക്കപ്പെടേണ്ട ഒരു വികാരമല്ല. മറിച്ച് അത് രാജ്യത്തെ ജനങ്ങൾക്ക് സ്വയം തോന്നേണ്ട ഒന്നാണ്. ഉടലും ഉയിരും കൊടുത്ത് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി തെരുവിലിറങ്ങിയ എത്രയോ ആയിരങ്ങളുടെ ചോരയും വിയർപ്പും വീണ മണ്ണാണ് നമ്മുടേത്. ഒരു ഗാനത്തിന്റെയോ ഒരു പതാകയുടെയോ കീഴിലായിരുന്നില്ല അവർ 'പിറന്ന മണ്ണിനു വേണ്ടി' പോരാടിയത്. ഡൽഹിയിൽ ഒരു പെൺകുട്ടിക്ക് വേണ്ടി നാം രാജ്യമൊട്ടാകെ തിരിനാളങ്ങൾ കൊളുത്തിയപ്പോഴും, കാർഗിലിൽ യുദ്ധഭൂമിയുടെ വേദന ഒരു രാഷ്ട്രമൊന്നായി ഏറ്റുവാങ്ങിയപ്പോഴും, ബോംബെ ഭീകരാക്രമണത്തിന്റെ, ചെന്നെ വെള്ളപൊക്കത്തിന്റെ ഒക്കെ കെടുതിയിൽ നിന്ന് അവരെ തിരികെ ജീവിതത്തിലേയ്ക്ക് പിടിച്ചു കയറ്റാനുള്ള ഒരു കൈത്താങ്ങായപ്പോഴുമെല്ലാം നാം തോളോട് തോൾ ചേർന്ന് നിന്നത് ഭാരതത്തിനു വേണ്ടിയാണ്, നാനാത്വത്തിൽ ഏകത്വം നല്ലൊരു ശതമാനം മനുഷ്യമനസ്സിലും പുലരുന്നതുകൊണ്ടാണ്. ഈ സന്ദർഭങ്ങളിലെല്ലാം എല്ലാ വിഭാഗീയതകളും മറന്നു കൊണ്ട് ഒന്നിച്ചു നിന്ന ഒരു ജനതയോട് - 'people must feel they live in a nation and this wallowing individually perceived notion of freedom must go...' എന്ന് ആവർത്തിക്കണ്ട കാര്യമുണ്ടോ? കോടതിയുടെ ഇത്തരം നിരീക്ഷണങ്ങൾ ഒരു ജനതയ്ക്ക് അവരുടെ പിറന്ന മണ്ണിനോടുള്ള, കുറിനോടുള്ള വിശ്വാസമല്ലേ ചോദ്യം ചെയ്യുന്നത് ?
പിൻകുറിപ്പ് : ഇന്ത്യ അമേരിക്കയല്ല എന്നറിയാം. എന്നാലും പല കേസുകളിലും സുപ്രീം കോടതിയും കീഴ്‌ക്കോടതികളും മറ്റു രാജ്യങ്ങളിലെ ചില സുപ്രധാന വിധികളും അവിടുത്തെ സമാന നിയമ വ്യവസ്ഥയുമൊക്കെ ഒരു Extrinsic Aids ആയി നോക്കാറുണ്ട്. അതുകൊണ്ടു തന്നെ ഡൊണാൾഡ് ട്രമ്പിന്റെ അടുത്തകാലത്തെ ഒരു ട്വീറ്റ് കൊണ്ട് വീണ്ടും വിവാദമായ Texas v. Johnson, 491 U.S. 397 (1989) എന്ന കേസ്സ് ഓർമ്മയിൽ വരുന്നു. ആ കേസ് പ്രകാരം ദേശീയ പതാക കത്തിക്കുന്നത് അമേരിക്കയിൽ ഒരു സിംബോളിക് സ്പീച്ചിന്റെ ഭാഗമാണ്. എങ്കിലും ഞങ്ങൾ നല്ലൊരു ശതമാനം ഭാരതീയരുടെയും മനസ്സ് പതാകയുടെ മേൽ വീണു തീകെടുത്തുന്ന റോജയിലെ അരവിന്ദ് സ്വാമിയുടെ ഒപ്പമാണ്. അതുകൊണ്ട് തന്നെ പ്രിയപ്പെട്ട കോടതി, നിലവിൽ ദേശീയപതാകയോടും ദേശീയഗാനത്തോടും ഏറെ ബഹുമാനം പുലർത്തുന്ന ഞങ്ങളുടെ ആ ബഹുമാനത്തെ പരിപോഷിപ്പിച്ച് ഇല്ലാതാക്കരുതേ!