ഞാൻ ഏതാണ്ട് എണ്പതുകളുടെ തുടക്കത്തിലാണ് ബോബനും മോളിയും വായന തുടങ്ങിയത്. രണ്ട് പിള്ളേർ മലയാളികളെ ചിരിപ്പിച്ച് ഒരു വഴിക്കാക്കിയിട്ട് വർഷങ്ങൾ അമ്പത് കഴിഞ്ഞിരിക്കുന്നു. എന്നിട്ടും അവർക്ക് വയസ്സാവുന്നതേയില്ല. എന്റെ വീടിന്റെ അടുത്തുള്ള എന്റെ കൂട്ടുകാരന്റെ അച്ഛൻ ഒരു ബാർബർ ആയിരുന്നു. അതുകൊണ്ട് തന്നെ മിക്ക മാസികകളും അവന്റെ കടയിൽ വരുത്തുമായിരുന്നു. ശരിക്കും പറഞ്ഞാൽ അതൊക്കെ നമുക്ക് കിട്ടാൻ ചില കടമ്പകൾ ഉണ്ട്. ആദ്യം, രണ്ടാമത് എന്നിങ്ങനെ ഓരോരുത്തരുടെ നിര തന്നെ ഉണ്ടായിരുന്നു. നമ്മൾ കുട്ടികൾ ആയതിനാൽ മിക്കപ്പോഴും ഒരാഴ്ച കഴിഞ്ഞേ വായിക്കാൻ കിട്ടിയിരുന്നോള്ളൂ. അത് തന്നെ ഒരു ഭാഗ്യം ..

ഇരട്ട കുട്ടികളായ ബോബന്റെയും മോളിയുടെയും അച്ഛൻ കേസൊന്നുമില്ലാത്ത വക്കീലാണ്. അമ്മ മേരിക്കുട്ടി, കുട്ടികളുടെ വികാര വിചാരങ്ങൾ അതെ പോലെ തന്നെ പ്രതിഫലിക്കുന്ന അവരുടെ സന്തത സഹചാരി ആയ പട്ടിക്കുട്ടി. പിന്നെ അയൽക്കാർ പഞ്ചായത്ത് പ്രസിഡണ്റ്റ് ഇട്ടുണ്ണാൻ(ചേട്ടൻ), ഭാര്യ - മജിസ്‌ട്രേറ്റ് മറിയാമ്മ (ചേട്ടത്തി-ചേട്ടത്തിയുടെ പേർ കാർട്ടൂണിസ്റ്റ് ഒരിടത്തും പരാമർശിച്ചു കണ്ടിട്ടില്ല). ഇവരുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുകയാണ് പോത്തൻ വക്കീലിന്റെ കുടുംബം. വാടകക്കാശ് കൃത്യമായി കൊടുക്കാത്തതിനാൽ ബോബന്റേയും മോളിയുടേയും കുടുംബവുമായി മിക്കവാറും കശപിശയിലായിരിക്കും പ്രസിഡന്റും ചേട്ടത്തിയും. ബോബന്റെയും മോളിയുടെയും അദ്ധ്യാപകൻ കോര സര്, ഒരു ഇംഗ്ലിഷ് മ്യൂസിക് ബാന്റിനിടയിൽ നിന്ന് കണ്ടെടുത്ത, 70 കളിലെ ഹിപ്പി സ്‌റ്റൈലിൽ വരുന്ന മറ്റൊരു കഥാപാത്രമാണ് അപ്പി ഹിപ്പി ഇങ്ങനെ പോകും കഥാപാത്രങ്ങൾ!

കിഴുക്കാംതൂക്ക് പഞ്ചായത്തിലാണ് ബോബനും മോളിയും ചിത്രീകരിക്കപ്പെടുന്നത്. കേരളത്തിലെ മധ്യവർഗ്ഗ ജീവിതത്തിന്റെ തമാശകൾ, ആനുകാലിക രാഷ്ട്രീയ സാമൂഹിക സംഭവങ്ങൾ എന്നിവയൊക്കെ ബോബനും മോളിയിലൂടെ ടോംസ് വരച്ചുകാട്ടിക്കൊണ്ടേയിരിക്കുന്നു. കേവലം വിനോദം മാത്രമായിരുന്നില്ല. ഒരു കാലത്തെ ശക്തമായ സാമൂഹ്യ വിമർശന, ആക്ഷേപഹാസ്യ കാർട്ടൂണുകളായിരുന്നു ബോബനും മോളിയും

ഇതിലെ ഒരു ഭാഗം ഇവിടെ പറയാതെ വയ്യ.
സ്‌കൂളിൽ പോയി ബോബനും മോളിയും വേഗം മടങ്ങിയെത്തി.
അമ്മ: എന്താ കുട്ടികളേ സ്‌കൂളിൽ നിന്നും വരാൻ സമയമായില്ലല്ലോ...
കുട്ടികൾ: അമ്മച്ചിയല്ലേ പറഞ്ഞത് ഇംഗ്ലീഷിൽ 'എ' എന്ന് എഴുതിവച്ചിരിക്കുന്നിടത്ത് കയറരുതെന്ന്അമ്മ: അതിനെന്താ?
കുട്ടികൾ: ഞങ്ങളുടെ ക്ലാസിന്റെ മുന്നിൽ 3 'എ' എന്ന് എഴുതിവച്ചിരിക്കുന്നു

വർഷങ്ങൾ കടന്നു പോയി. ബോബനും മോളിയും പുസ്തക രൂപത്തിൽ അച്ചടിച്ചിറങ്ങി. (പിന്നെ അതിന്റെ ആനിമെഷനും സിനിമയും വന്നു) ഏത് പ്രസാധകനും അന്തംവിട്ടുപോകുന്ന വിൽപനയായിരുന്നു അന്നതിന്. ഒരു ജനത നെഞ്ചിലേറ്റിയ കഥാപാത്രങ്ങൾക്കുള്ള അംഗീകാരം. ഇത്രയും പ്രശസ്തമായ കാർട്ടൂണുകളെക്കുറിച്ച് ഗൗരവമാർന്ന ഒരു പഠനം തന്നെ വന്നത് അത് ഒരു വിവാദം ആയപ്പോളാണ്. പിതൃത്വം നൽകിയ കാർട്ടൂണിസ്റ്റിനാണോ, പ്രസിദ്ധീകരിച്ച വാരികയ്ക്കാണോ അവകാശം എന്നൊരു തർക്കം ഏറെ നാളായി മനോരമയും ടോംസും തമ്മിലുണ്ടായിരുന്നു എന്നാണറിവ്.

ഓരോ കാലഘട്ടത്തിലേയും ബോബനും മോളിയുടെ വര വ്യത്യാസപ്പെട്ടിരുന്നു. ശ്രീ ടോംസ് വര തുടങ്ങിയപ്പോഴുള്ളതിൽ നിന്നും പാടെ വ്യത്യസ്ഥമാണ് എഴുപതുകളിലേത്. എൺപതുകളിൽ ബോബന്റെയും മോളിയുടേയും പൊക്കം അൽപം കുറഞ്ഞു. ആദ്യകാലങ്ങളിൽ പോത്തൻ വക്കീലിന്റെ മുടി പാറിപ്പറന്ന് കിടക്കുമായിരുന്നു. ദരിദ്രവാസിയായ ഒരു വക്കീലിന്റെ ലക്ഷണങ്ങൾ അദ്ദേഹത്തിലുണ്ടായിരുന്നു. പിന്നീട് കാലാനുസൃതമായി മുടി കുറച്ചുകൂടി ഒതുക്കിവച്ചു കൊടുത്തത് കാണം. ഇപ്പോഴത്തെ ഡ്രോയിങ് സ്‌റ്റൈൽ പഴയതിൽ നിന്നും വളരെ വ്യത്യസ്തമാണ്. ഒരു വാരികയിൽ നാല്പതിലേറെ വർഷങ്ങൾ രണ്ടു കഥാപാത്രങ്ങളെ വായനക്കാർക്ക് ഉൾക്കൊള്ളാനായി എന്നത് തന്നെ ആ കാർട്ടൂണിന്റെ മികവു തന്നെ !

തൊട്ടതിനും പിടിച്ചതിനുമെല്ലാം അവാർഡുകൾ വാരിക്കോരിക്കൊടുക്കുകയും ,അവാർഡുകൾ അധികമാകുമ്പോൽ അത് നിരസിച്ച് കൊണ്ട് വാർത്തകളിൽ ഇടം പിടിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ബുദ്ധിജീവികൾ ഉള്ള നമ്മുടെ നാട്ടിൽ, ടോംസിനെപ്പോലുള്ള ഒരു ബുദ്ധിജീവിക്ക് വേണ്ടത്ര അംഗീകാരം നൽകിയിട്ടുണ്ടോ എന്ന് സംശയമാണ്.

അവസാനം ഒന്നുകൂടി പറഞ്ഞ് നിർത്തുന്നു. ചിലപ്പോൾ ഇങ്ങനെ തോന്നാറുണ്ട്, മലയാളികളുടെ അവസാന പേജിൽതുടങ്ങി പുറകോട്ടുള്ള മാസിക വായനാ ശീലം ബോബനും മോളിയും എന്ന കാർട്ടൂണിൽ നിന്നാണെന്ന് തോന്നുന്നു!