- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാണിക്യമലരായ ആ ഖദീജ ബീവി ആരാണ്? ബഷീർ വള്ളിക്കുന്ന് എഴുതുന്നു
ഞങ്ങൾ മൂന്ന് പേർ ഒരു രാത്രിയിൽ ഹിറായിലേക്കുള്ള പടികൾ കയറുകയാണ്. മക്കയിലെ ജബലുന്നൂർ പർവ്വതം. പർവ്വത മുകളിലാണ് ഹിറാഗുഹ. പ്രവാചകൻ മുഹമ്മദ് നബി ധ്യാനത്തിലിരുന്ന ഗുഹ. ഈ ഗുഹക്കകത്താണ് വിശുദ്ധ ഖുർആന്റെ വചനങ്ങൾ ആദ്യമായി അവതരിക്കപ്പെട്ടത്. ഒരു രാത്രി ആ ഗുഹയിൽ കഴിച്ചു കൂട്ടണമെന്ന ആഗ്രഹവുമായാണ് ഞങ്ങളുടെ മലകയറ്റം. തൊള്ളായിരം അടിയോളം ഏതാണ്ട് കുത്തനെയുള്ള കയറ്റമാണ്. വിശുദ്ധ കഅബാലത്തേയും ഹറം പള്ളിയുടെ മിനാരങ്ങളേയും തഴുകിയെത്തുന്ന തണുത്ത കാറ്റിലും ഞങ്ങൾ വിയർത്ത് കുളിക്കുന്നുണ്ടായിരുന്നു. അല്പം പടി കയറിയും അതിലേറെ സമയം പാറക്കല്ലുകളിൽ ഇരുന്നും വെള്ളം കുടിച്ചും ഏതാണ്ട് ഒരു മണിക്കൂറിലധികമെടുത്തു ഞങ്ങൾ മലമുകളിലെത്താൻ. ആയാസകരമായ ആ യാത്രയുടെ ഓരോ നിമിഷത്തിലും ഞാനോർത്തത് ഖദീജ ബീവിയെയാണ്. പ്രവാചകൻ മുഹമ്മദ് നബിയുടെ പ്രിയ പത്‌നിയെ. ശാരീരിക അവശതകൾ ഒന്നുമില്ലാത്ത ഞങ്ങൾക്ക് ഒരു തവണ ഈ പർവ്വതം കയറാൻ ഇത്രയേറെ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടെങ്കിൽ പ്രവാചകനുള്ള ഭക്ഷണ പാനീയങ്ങളുമായി ഒരു ദിവസത്തിൽ പലതവണ ഈ മലകയറിയിറങ്ങിയ ആ മഹതി സ
ഞങ്ങൾ മൂന്ന് പേർ ഒരു രാത്രിയിൽ ഹിറായിലേക്കുള്ള പടികൾ കയറുകയാണ്. മക്കയിലെ ജബലുന്നൂർ പർവ്വതം. പർവ്വത മുകളിലാണ് ഹിറാഗുഹ. പ്രവാചകൻ മുഹമ്മദ് നബി ധ്യാനത്തിലിരുന്ന ഗുഹ. ഈ ഗുഹക്കകത്താണ് വിശുദ്ധ ഖുർആന്റെ വചനങ്ങൾ ആദ്യമായി അവതരിക്കപ്പെട്ടത്. ഒരു രാത്രി ആ ഗുഹയിൽ കഴിച്ചു കൂട്ടണമെന്ന ആഗ്രഹവുമായാണ് ഞങ്ങളുടെ മലകയറ്റം. തൊള്ളായിരം അടിയോളം ഏതാണ്ട് കുത്തനെയുള്ള കയറ്റമാണ്. വിശുദ്ധ കഅബാലത്തേയും ഹറം പള്ളിയുടെ മിനാരങ്ങളേയും തഴുകിയെത്തുന്ന തണുത്ത കാറ്റിലും ഞങ്ങൾ വിയർത്ത് കുളിക്കുന്നുണ്ടായിരുന്നു. അല്പം പടി കയറിയും അതിലേറെ സമയം പാറക്കല്ലുകളിൽ ഇരുന്നും വെള്ളം കുടിച്ചും ഏതാണ്ട് ഒരു മണിക്കൂറിലധികമെടുത്തു ഞങ്ങൾ മലമുകളിലെത്താൻ. ആയാസകരമായ ആ യാത്രയുടെ ഓരോ നിമിഷത്തിലും ഞാനോർത്തത് ഖദീജ ബീവിയെയാണ്.
പ്രവാചകൻ മുഹമ്മദ് നബിയുടെ പ്രിയ പത്‌നിയെ. ശാരീരിക അവശതകൾ ഒന്നുമില്ലാത്ത ഞങ്ങൾക്ക് ഒരു തവണ ഈ പർവ്വതം കയറാൻ ഇത്രയേറെ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടെങ്കിൽ പ്രവാചകനുള്ള ഭക്ഷണ പാനീയങ്ങളുമായി ഒരു ദിവസത്തിൽ പലതവണ ഈ മലകയറിയിറങ്ങിയ ആ മഹതി സഹിച്ച പ്രയാസങ്ങളെത്രയായിരിക്കും?. പ്രവാചകൻ ഈ പർവ്വതത്തിന്റെ ഉച്ചിയിൽ ധ്യാനത്തിലിരുന്ന നാളുകളത്രയും ആ ജീവൻ നിലനിർത്തിയത് ഖദീജ കൊണ്ടുവന്ന ഭക്ഷണ പാനീയങ്ങളാണ്. വേണ്ടത്ര പണവും പരിചാരകരുമുള്ള ധനിക കുടുംബത്തിലെ വ്യാപാരപ്രമുഖയായിരുന്നു ഖദീജ. ഭക്ഷണവുമായി എത്ര പേരെ വേണമെങ്കിലും ആ മലമുകളിലേക്ക് പറഞ്ഞയക്കുവാൻ അവർക്ക് കഴിയുമായിരുന്നു. എന്നാൽ ആ ദൗത്യം മറ്റാരേയും ഏല്പിക്കാതെ സ്വയം ഏറ്റെടുക്കുകയായിരുന്നു അവർ. പ്രവാചകനോട് എത്രമേൽ സ്‌നേഹവും കരുതലും ആ മഹതിക്കുണ്ടായിരുന്നിരിക്കുമെന്ന ചിന്തയാണ് ജബലുന്നൂറിന്റെ ഓരോ പടികൾ കയറുമ്പോഴും എന്റെ മനസ്സിലൂടെ കടന്നുപോയത്.
പ്രവാചകന്മാരുടെ ജീവിതത്തിൽ അവരുടെ നല്ലപാതികളായി കടന്നുപോയ പലരേയും ചരിത്രത്തിന്റെ താളുകളിൽ കാണാം, എന്നാൽ അവർക്കാർക്കും അവകാശപെടാൻ കഴിയാത്ത ചില സവിശേഷതകൾ മുഹമ്മദ് നബിയുടെ ആദ്യഭാര്യയായ ഖദീജയ്ക്കുണ്ട്. അവർ ഒരു ഭാര്യ മാത്രമായിരുന്നില്ല. പ്രവാചകന്റെ തൊഴിൽ ദാതാവും അദ്ദേഹത്തിന്റെ സംരക്ഷകയും കൂടിയായിരുന്നു. പൗരാണിക അറേബ്യൻ സംസ്‌കാരത്തിന്റെ സ്ത്രീ നിർവ്വചനങ്ങളുടെ കള്ളികൾക്കുള്ളിൽ അവരെ ഒതുക്കിനിർത്താൻ കഴിയില്ല. നാം ജീവിക്കുന്ന ആധുനിക കാലത്ത് പോലും മുസ്ലിം സമുദായം സ്ത്രീകൾക്ക് വരച്ചു വെച്ച അതിരുകൾക്കപ്പുറത്തേക്ക് ഖദീജയുടെ ജീവിതവും വ്യക്തിത്വവും കടന്നുപോകുന്നുണ്ട്. പെണ്ണെന്നാൽ പുരുഷന്റെ നിഴലായി മാത്രം നിർവ്വചിക്കപ്പെടുകയും അടുക്കളപ്പുകയുടെ സഞ്ചാരപരിധിയിൽ മാത്രം ആ നിഴലുകൾക്ക് വ്യക്തിത്വം അനുവദിച്ചു കൊടുക്കപ്പെടുകയും ചെയ്യുന്ന സമകാലിക സ്ത്രീപരിസരങ്ങളിൽ നമുക്കൊരു ഖദീജയെ കാണാൻ കഴിയില്ല.
പ്രവാചകൻ ഒരിക്കൽ പറഞ്ഞു ഖദീജയേക്കാൾ മികച്ചതായി ഒന്നും അല്ലാഹു എനിക്കെന്റെ ജീവിതത്തിൽ നൽകിയിട്ടില്ല, സമൂഹം എന്നെ കയ്യൊഴിഞ്ഞപ്പോൾ ഖദീജ എന്നെ സ്വീകരിച്ചു, ജനങ്ങൾ എന്നെ സംശയിച്ചപ്പോൾ അവരെന്നിൽ വിശ്വാസമർപ്പിച്ചു.
മക്കയിലെ വ്യാപാരപ്രമുഖയായിരുന്നു ഖദീജ. പണവും പ്രതാപവും അതിന്റെ അധികാര സ്ഥാനങ്ങളും ഉണ്ടായിരുന്ന ഖുറൈശി വംശത്തിലെ പ്രശസ്ത വനിത. തന്റെ കച്ചവട വസ്തുക്കളുമായി വിശ്വസ്തരായ ആളുകളെ വിവിധ സ്ഥലങ്ങളിലേക്ക് പറഞ്ഞയക്കുന്ന പതിവുണ്ടായിരുന്നു അവർക്ക്. പഴയ കാല അറേബ്യൻ സംസ്‌കാരത്തിന്റെ പ്രത്യേകതയായിരുന്നു ഇത്തരം കച്ചവട സംഘങ്ങൾ. ചരക്കുകളുമായി മരുഭൂമിയിലൂടെ യാത്ര പോകുന്ന ഒട്ടകക്കൂട്ടങ്ങൾ. കച്ചവട കേന്ദ്രങ്ങളിലേക്ക് ആളുകൾ എത്തിച്ചേരുന്ന ഇന്നത്തെ രീതിക്ക് പകരം ആളുകൾ കൂടുന്നിടത്തേക്ക് കച്ചവട കേന്ദ്രങ്ങൾ 'നടന്നെത്തുന്ന' രീതി. ഖദീജയുടെ കച്ചവടസംഘത്തെ പലപ്പോഴും നയിച്ചിരുന്നത് ഖദീജ തന്നെയായിരുന്നു. അത്തരം യാത്രകളുടെ തയ്യാറെടുപ്പുകൾക്കിടയിലാണ് മുഹമ്മദ് എന്ന വിശ്വസ്തനായ ഒരു ചെറുപ്പക്കാരനെക്കുറിച്ച് അവർ കേൾക്കുന്നത്. അവരുടെ കച്ചവട ചരക്കുകളുമായി ശാമിലേക്ക് പോകുവാൻ തയ്യാറുണ്ടോ എന്ന് മുഹമ്മദിനോട് അവർ ആരാഞ്ഞു. മുഹമ്മദ് ആ ദൗത്യം ഏറ്റെടുത്തു.
മൈസറ എന്ന തന്റെ ഭൃത്യനേയും മുഹമ്മദിന്റെ സഹായിയായി ഖദീജ അയച്ചു. തിരിച്ചു വന്ന മൈസറക്ക് പറയാനുള്ളത് മുഹമ്മദിന്റെ വിശേഷങ്ങൾ മാത്രം. ആ വ്യക്തിത്വം, സത്യസന്ധത, പെരുമാറ്റത്തിലും ഇടപാടുകളിലുമുള്ള കുലീനത. വ്യാപാര ഇടപാടുകളിൽ മുഹമ്മദ് കാണിച്ച സത്യസന്ധതയും മൈസറയുടെ വാക്കുകളിലൂടെ അടുത്തറിഞ്ഞ അദ്ദേഹത്തിന്റെ സ്വഭാവ സവിശേഷതകളും ഖദീജയിൽ ഒരാഗ്രഹം ജനിപ്പിച്ചു. മുഹമ്മദിനെ തന്റെ ഭർത്താവായി ലഭിച്ചെങ്കിൽ.. ആ ആഗ്രഹമാണ് രണ്ടര പതിറ്റാണ്ട് നീണ്ട ഒരു ദാമ്പത്യ ജീവിതത്തിന് തുടക്കം കുറിച്ചത്.
ഖദീജയെ വിവാഹം കഴിക്കുമ്പോൾ മുഹമ്മദിന് പ്രായം ഇരുപത്തിയഞ്ച്. ഖദീജക്ക് നാല്പത്. പതിനഞ്ച് വയസ്സിന്റെ വ്യത്യാസം. ഇരുപത്തിയഞ്ച് വർഷങ്ങൾ അവർ ഒന്നിച്ച് ജീവിച്ചു. ഖദീജ മരിച്ചതിന് ശേഷം മാത്രമാണ് നബി മറ്റൊരു വിവാഹം കഴിച്ചത്. പ്രവാചകന്റെ വിവാഹങ്ങളെ വിമർശന വിധേയമാക്കിയവർ ധാരാളമുണ്ട്, അദ്ദേഹത്തെ സ്ത്രീ ലമ്പടൻ എന്ന് വിളിച്ചവരുമുണ്ട്. അവരൊക്കെയും സൗകര്യപൂർവ്വം വിസ്മരിക്കുന്ന ഒന്നാണ് പ്രവാചകനോടൊപ്പം രണ്ടര പതിറ്റാണ്ട് കഴിച്ചു കൂട്ടിയ ഖദീജയുടെ ജീവിതം. ഇരുപത്തിയഞ്ച് വയസ്സ് മുതൽ അമ്പത് വയസ്സ് വരെയുള്ള കാലം ഒരേ ഒരു പത്‌നിയോടൊപ്പമാണ് നബി ജീവിച്ചത്. അത് ബീവി ഖദീജയാണ്. ഏതൊരാളുടേയും ജീവിതത്തിൽ ചുറുചുറുക്കും ഓജസ്സും ലൈംഗിക തൃഷ്ണയും നിലനില്ക്കുന്ന കാലമാണതെന്ന് നമുക്കറിയാം. ആ കാലത്തിൽ പ്രവാചകന് മറ്റൊരു സ്ത്രീയുടെ സാമീപ്യം ഉണ്ടായിരുന്നില്ല. ഖദീജയുടെ മരണത്തിന് ശേഷമുള്ള പ്രവാചകന്റെ വിവാഹങ്ങൾക്കൊക്കെയും ചരിത്രപരവും ഗോത്രപരവും സാമൂഹ്യപരവുമായ കാരണങ്ങളുണ്ടായിരുന്നു. മുഹമ്മദെന്ന വ്യക്തിയുടെ ജീവിത അഭിലാഷങ്ങൾക്കപ്പുറം പ്രവാചകനെന്ന സ്ഥാനത്തിന്റേയും വിശാസി സമൂഹത്തിന് അദ്ദേഹവുമായി കുടുംബ ബന്ധം സ്ഥാപിക്കാനുള്ള ആവേശത്തിന്റേയും പിന്നാമ്പുറങ്ങളുണ്ടായിരുന്നു ആ വിവാഹങ്ങൾക്ക്. ഉടമ്പടികൾ, യുദ്ധങ്ങൾ തുടങ്ങി ചരിത്രത്തിന്റെ നാൾവഴികൾ സമ്മാനിച്ച സാമൂഹ്യ സാഹചര്യങ്ങളുടെ സ്വാധീനങ്ങളുണ്ടായിരുന്നു. ഖദീജയിൽ തുടങ്ങി ഖദീജയിൽ അവസാനിക്കുന്ന രണ്ടര പതിറ്റാണ്ടിന്റെ ദാമ്പത്യ ജീവിതത്തെ അവധാനതയോടെ വിലയിരുത്തുമ്പോൾ യുവത്വം മുറ്റിനിന്ന പ്രവാചകന്റെ ആ ജീവിത കാലഘട്ടത്തെ പിഴവുകളില്ലാതെ വായിച്ചെടുക്കാൻ പറ്റും.
ഖദീജയെ വായിക്കുമ്പോൾ ഖദീജ ജീവിച്ച കാലഘട്ടത്തെക്കൂടി വായിക്കണം. പെൺകുഞ്ഞുങ്ങൾ ജനിക്കുന്നത് അപമാനമായി കണ്ടിരുന്ന അറേബ്യൻ ഗോത്രസംസ്‌കൃതിയുടെ ഇരുണ്ട കാലഘട്ടം. പെൺകുഞ്ഞുങ്ങൾ ജനിച്ചാൽ അവരെ ജീവനോടെ കുഴിച്ചു മൂടിയിരുന്ന മനുഷ്യരുടെ കാലം. ആ കാലത്തിൽ നിന്നാണ് അറേബ്യൻ ചരിത്രത്തിലേക്ക് സ്ത്രീശക്തിയുടെ പ്രതീകമായി ഖദീജ കാലെടുത്ത് വെക്കുന്നത്. വർത്തക പ്രമുഖയായി, കച്ചവടസംഘത്തെ ഒട്ടകപ്പുറത്ത് കയറി നയിക്കുന്ന നായികയായി, കഴിവുകളും യോഗ്യതയും നോക്കി പുരുഷന്മാരെ റിക്രൂട്ട് ചെയ്യുന്ന തൊഴിൽ ദാതാവായി ഖദീജ തലയുയർത്തി നില്ക്കുമ്പോൾ അത് ചരിത്രത്തിന്റെ ഒരു തിരുത്തിയെഴുത്താണ്. സ്ത്രീയെ അടിച്ചമർത്തുന്ന, അവരുടെ വ്യക്തിത്വത്തെ അവമതിക്കുന്ന, അവരെ ഒരു ഉപഭോഗവസ്തുവായി മാത്രം കാണുന്ന അനീതിയുടെ സാമൂഹ്യക്രമത്തെ സൃഷ്ടിപരമായി ചോദ്യം ചെയ്ത അറേബ്യൻ വനിതയുടെ പ്രതീകം. സ്ത്രീത്വം അതിന്റെ എല്ലാ അർത്ഥത്തിലും അവഹേളിക്കപ്പെടുകയും ജനിക്കുമ്പോൾ തന്നെ കുഴിച്ചുമൂടപ്പെടുകയും ചെയ്ത ആ കാലത്തിലും താൻ ഇഷ്ടപ്പെട്ട പുരുഷനെ വിവാഹ അഭ്യർത്ഥനയുമായി സമീപിക്കാൻ സ്വാതന്ത്ര്യവും തന്റേടവും കാണിച്ച സ്ത്രീയെന്ന നിലയിലും ചരിത്രത്തിൽ ഖദീജക്ക് സ്ഥാനമുണ്ട്. മുസ്ലിം സ്ത്രീകൾ കൂടുതൽ കൂടുതൽ പാർശ്വവത്കരിക്കപ്പെടുകയും പൊതുധാരയിൽ നിന്ന് അകറ്റിനിർത്തപ്പെടുകയും ചെയ്യുന്ന വർത്തമാന കാലത്തിലും അവർക്ക് പ്രചോദനവും ആവേശവും നൽകാൻ ഇസ്ലാമിക ചരിത്രത്തിലെ ഖദീജയുടെ സാന്നിധ്യത്തിന് കഴിയും.
പ്രവാചകന്റെ ജീവിതത്തിലെ ഏറ്റവും സമാധാനപൂണ്ണമായ ഘട്ടങ്ങളിലും ഏറ്റവും സംഘർഷഭരിതമായ ഘട്ടങ്ങളിലും ഖദീജയാണ് കൂടെയുണ്ടായിരുന്നത്. അവരുടെ സമ്പത്തും ഗോത്രശക്തിയും പ്രവാചകന് കരുത്ത് പകർന്ന അവസരങ്ങൾ ധാരാളമുണ്ടായിട്ടുണ്ട്. എന്നാൽ അതിനേക്കാൾ പ്രവാചകന് ശക്തി പകർന്നത് പ്രതിസന്ധി ഘട്ടങ്ങളിൽ ഖദീജ കാണിച്ച മനക്കരുത്തും പകർന്ന് നൽകിയ സ്ഥൈര്യവുമാണ്.
പ്രവാചകൻ ഹിറാഗുഹയിൽ ധ്യാനത്തിലിരുന്ന വിശുദ്ധ റമദാൻ മാസത്തിലെ ഒരു ദിനം. ദൈവത്തിന്റെ വെളിപാടുമായി ജിബ്രീൽ മാലാഖ പ്രത്യക്ഷപ്പെട്ട ദിവസം. പേടിച്ച് വിറച്ച് പ്രവാചകൻ ഓടിയെത്തിയത് ഖദീജയുടെ ചാരത്ത്. ഭയചകിതനും അസ്വസ്ഥനുമായ പ്രവാചകനെ വിവേകവും സ്‌നേഹവും ഗുണകാംക്ഷയും കലർന്ന വാക്കുകളിൽ ഖദീജ സമാശ്വസിപ്പിച്ചു, ധൈര്യം പകർന്നു.
പ്രവാചകനെ മക്കയിലെ ശത്രുക്കൾ ഊരുവിലക്കിയ ഘട്ടം. മൂന്ന് വർഷം ഒരു മലമുകളിൽ പ്രവാചകനൊപ്പം കൊച്ചു കുഞ്ഞുങ്ങളുമായി ഖദീജ കഴിച്ചുകൂട്ടി. വലിയ സാമ്പത്തിക നിലയും സൗകര്യങ്ങളുമുള്ള ഒരു കുടുംബത്തിൽ വളർന്ന വ്യക്തിയെന്ന നിലയ്ക്ക് ഇത്തരം പ്രയാസഘട്ടങ്ങൾ ഖദീജക്ക് താങ്ങാൻ കഴിയില്ല എന്ന് തിരിച്ചറിഞ്ഞ പ്രവാചകൻ കുട്ടികളുമായി മടങ്ങിപ്പോകാൻ ഖദീജയോട് ആവശ്യപ്പെട്ടെങ്കിലും അവരതിന് തയ്യാറായിരുന്നില്ല. പ്രവാചകന് സ്‌നേഹവും സാന്ത്വനവുമായി ആ ദുരിതകാലത്തിലും കൂടെക്കഴിയാനാണ് അവർ തീരുമാനിച്ചത്.
നബിയുടെ അമ്പതാം വയസ്സിലാണ് ഖദീജ മരണമടയുന്നത്. പ്രവാചക പത്‌നി ആയിശ ഒരിക്കൽ പറഞ്ഞു 'ജീവിതത്തിൽ എനിക്ക് അസൂയ തോന്നിയിട്ടുള്ളത് ഒരേ ഒരാളോട് മാത്രമാണ്. നബിയുടെ ആദ്യ ഭാര്യ ഖദീജയോട്. ഞാൻ അവരെ കണ്ടിട്ട് പോലുമില്ല. എന്നാൽ നബി അവരെക്കുറിച്ച് എപ്പോഴും പുകഴ്‌ത്തി സംസാരിക്കുന്നതും അവരെ ഓർക്കുന്നതും കാണുമ്പോൾ എനിക്കവരോട് അസൂയ തോന്നാറുണ്ട്'.
മുഹമ്മദ് നബിയുടെ ജീവിതവും ദർശനവും ഒരു സ്ത്രീപക്ഷ വായനയ്ക്ക് വിധേയമാക്കുന്ന പക്ഷം ആ വായനയ്ക്ക് ഗതിവേഗം നല്കുവാനും ഊർജ്ജം പകരുവാനും ഖദീജ ബിൻത് ഖുവൈലിദ് എന്ന ഐതിഹാസിക നാമത്തിന് സാധിക്കും. സമൂഹത്തിന്റെ മുഖ്യധാരാ വ്യവഹാരങ്ങളിൽ പുരുഷൻ ആധിപത്യം പുലർത്തുകയും സ്ത്രീ ഒരു പ്രസവയന്ത്രവും അടുക്കള യന്ത്രവുമായി പരിമിതപ്പെടുകയും ചെയ്യുന്ന ഒരു വ്യവസ്ഥിതിയുടെ വർത്തമാന പരിസരത്ത് നിന്ന് കൊണ്ട്, സ്വന്തമായി കച്ചവടം നടത്തുകയും നിരവധി പുരുഷന്മാർക്ക് ജോലി നൽകുകയും സാമൂഹിക വ്യവഹാരങ്ങളിൽ സക്രിയമായി ഇടപെടുകയും ചെയ്ത ഒരു വനിത, ഇസ്ലാമിക ചരിത്രത്തിൽ പ്രവാചകന്റെ ഭാര്യയായി ഉണ്ടെന്ന യഥാർത്ഥ്യം ഉൾകൊള്ളാൻ ചിലർക്കെങ്കിലും പ്രയാസം കണ്ടേക്കും. അവർ എത്ര കിണഞ്ഞു ശ്രമിച്ചാലും മായ്ച്ചു കളയാൻ സാധിക്കാത്ത വിധം ശക്തമായ അടയാളപ്പെടുത്തലുകൾ ഖദീജയുടേതായി ഇസ്ലാമിക ചരിത്രത്തിലുണ്ട്. ആ അടയാളപ്പെടുത്തലുകൾ ഇസ്ലാമിനകത്ത് നിന്ന് കൊണ്ട് തന്നെ ലിംഗനീതിയുടെ സമരങ്ങളെ ശക്തിപ്പെടുത്താനുള്ള ഭാവിയിലേക്കുള്ള നീക്കിയിരുപ്പുകൾ കൂടിയാണ്.
(ഹണി ഭാസ്‌കർ എഡിറ്റ് ചെയ്ത് കൈരളി ബുക്‌സ് പ്രസിദ്ധീകരിച്ച 'സ്ത്രീ: പുരുഷ വീക്ഷണങ്ങൾ' എന്ന പുസ്തകത്തിന് വേണ്ടി എഴുതിയത)