നോർത്ത് അമേരിക്കയിലെ പ്രമുഖ സംഘടനകളായ ഫൊക്കാനയുടെയും ഫോമയുടെയും കോൺഫ്രൻസുകൾ ഏകദേശം രണ്ടാഴ്ചയ്ക്കുള്ളിൽ നടക്കുകയാണ്. അതിന്റെ കോലാഹലങ്ങളോടനുബന്ധിച്ച് ഒരു മാദ്ധ്യമസംഘടനയും ഫോമയും തമ്മിൽ നടന്ന ഏറ്റുമുട്ടലുകളെക്കുറിച്ചൊക്കെ എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ. ആ ഒരു വിഷയത്തിൽ ഒരു വിഭാഗത്തെ ന്യായീകരിക്കുകയോ പക്ഷം പിടിക്കാനോ ഞാൻ ഉദ്യേശിക്കുന്നില്ല. ഒരു പക്ഷേ, അതൊരു ശ്രദ്ധനേടാൻ വേണ്ടിയുള്ള ഒരു വ്യായാമമായി കൂടെന്നില്ല.

പക്ഷേ, ഇത് ഉയർത്തുന്ന ചില ചോദ്യങ്ങൾക്ക് മറുപടി കണ്ടെത്തേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. പ്രധാനപ്പെട്ട ചോദ്യം മാദ്ധ്യമങ്ങൾക്ക് ഈ കുടിയേറ്റ സമൂഹത്തിൽ എന്ത് പ്രധാന്യമാണുള്ളതെന്നാണ്. ഈ രണ്ടു സംഘടനകളും അവരവരുടെ പ്രവർത്തനങ്ങൾക്കും പ്രചാരണങ്ങൾക്കും വേണ്ടി സംഘടനാ ശേഷിയിൽ പിന്നോക്കം നിൽക്കുന്ന മാദ്ധ്യമപ്രവർത്തകരെ ഉപയോഗിക്കുകയും അവഗണിക്കുകയും ചെയ്തുവരാറുണ്ടായിരുന്നു ഇക്കാലം വരെ.

ഏകദേശം ആറുപതിറ്റാണ്ടുകൾക്കു മുമ്പ് ചെറിയ തോതിൽ തുടങ്ങിയ ഈ കുടിയേറ്റം ഇന്ന് അമേരിക്കയിലെ വലിയ പ്രവാസ സമൂഹമായി മാറിയിരിക്കുന്നു. അമേരിക്കയിലേയും കാനഡയിലേയും പല മേഖലകളിലും രൂപം കൊണ്ട മലയാളി അസോസിയേഷനുകളെ കോർത്തിണക്കിക്കൊണ്ട് ഫൊക്കാന എന്നുള്ള സംഘടനയുടെ രൂപീകരണം ആ കാലഘട്ടത്തിന്റെ ഒരു അനിവാര്യതയായിരുന്നു. പ്രത്യേകിച്ച് മതങ്ങൾക്കും ജാതികൾക്കും അധീതമായി രൂപം കൊണ്ട ഈ സംഘടനകൾ മലയാളി സമൂഹത്തിന്റെ സാംസ്‌കാരിക വളർച്ചയുടെ ഉന്നമനത്തിനുവേണ്ടി പ്രയോജനം ചെയ്യപ്പെട്ടിരുന്നു. അതുപോലെ തന്നെ, ഈ വലിയ സമൂഹത്തിന് ഒന്നിച്ചുകൂടുവാനും ഇടപഴകുവാനും ഒരു അവസരം രണ്ടു വർഷം കൂടുമ്പോൾ നടക്കുന്ന ഈ സമ്മേളനത്തിൽ നിന്ന് ലഭിക്കുകയെന്നത് ഒരു വലിയ കാര്യം തന്നെയാണ്.

കാലം കഴിയവേ മതവിഭാഗങ്ങളുടെ ഏകീകരണം ഉണ്ടാകുകയും അവരുടെ വലിയ കൂട്ടായ്മകളും സമ്മേളനങ്ങളും രൂപപ്പെടുകയും ചെയ്തു. ഈ പ്രവർത്തനങ്ങൾക്കും പ്രചാരണങ്ങൾക്കും വേണ്ടി മാദ്ധ്യമങ്ങളും രൂപം കൊണ്ടു. ഈ കുടിയേറ്റ സമൂഹത്തിന്റെ ചരിത്രവും സാംസ്‌കാരിക പൈതൃകവും രേഖപ്പെടുത്തിവയ്ക്കേണ്ടതും വരും തലമുറയ്ക്കു കൈമാറേണ്ടതും ഇവിടത്തെ എഴുത്തുകാരും മാദ്ധ്യമപ്രവർത്തകരും തന്നെയാണ്. അവരെ അവഗണിച്ചുകൊണ്ടോ പുച്ഛിച്ചുതള്ളിക്കൊണ്ടോ നടത്താമെന്നു വ്യാമോഹിക്കുന്ന ഈ മഹാ സമ്മേളനം കൊണ്ട് ഇവിടത്തെ കുടിയേറ്റ സമൂഹത്തിന് എന്തുനേടിക്കൊടുക്കാമെന്നാണ് ഈ സംഘടനയുടെ നേതാക്കൾ ചിന്തിക്കുന്നത്.

ദീർഘവീക്ഷണമില്ലാത്ത ചില നേതാക്കളുടെ വ്യക്തി താൽപ്പര്യങ്ങൾ മാത്രം നടപ്പിലാകുമ്പോൾ ഒരു കുടിയേറ്റ സമൂഹത്തിന്റെ ചരിത്രവും സംസ്‌കാരവുമാണ് നിലനിന്നു പോകാൻ ബുദ്ധിമുട്ടുന്നത്. ഈ സംഘടനകൾ കൊണ്ട് ഇവിടത്തെ സമൂഹത്തിന് എന്തുപ്രയോജനമാണ് ഉള്ളതെന്നു വിശദീകരിക്കേണ്ട ബാധ്യതയും ഇതിന്റെ നേതാക്കൾക്കുണ്ട്.
എന്റെയൊക്കെ ചെറുപ്പകാലത്ത് നമ്മുടെ സ്വന്തം നാട്ടിൽ അമേരിക്കക്കാർക്ക് ഒരു വിലയുണ്ടായിരുന്നു. അവർ ധാരാളം ധനം സമ്പാദിക്കുകയും സ്വന്തം നാട്ടിൽവരുമ്പോൾ പാവങ്ങളെയും ബന്ധുമിത്രാദികളെയും കൈയഴിച്ച് സഹായിക്കുകയും ചെയ്യുമായിരുന്നു. ഈ സംഘടനകൾ നടത്തുന്ന മഹാസമ്മേളനങ്ങളോടനുബന്ധിച്ച് പിരിച്ചെടുക്കുന്ന തുകകൾ ഈ സമൂഹത്തിന് പ്രയോജനപ്പെടുന്ന രീതിയിൽ അല്ല ചെലവഴിക്കപ്പെടുന്നതെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് വീട് വയ്ക്കുന്നതിനും വിവാഹം നടത്തുന്നതിനും രണ്ടായിരവും അയ്യായിരവും ഒക്കെ സംഭാവന ചെയ്യുന്ന രീതി.

ധർമ്മക്കാർക്കു പോലും ആവശ്യമില്ലാത്ത ഇത്തരം സഹായ ഹസ്തങ്ങൾ ഈ സമൂഹത്തിന്റെ മാന്യത തന്നെ കളഞ്ഞകുളിക്കുകയാണ് ചെയ്യുന്ന്. കാലത്തിന്റെ ചുവരെരഴുത്ത് മനസിലാക്കാത്ത ഈ സംഘടനാ നേതൃത്വത്തെക്കുറിച്ചും സംഘടനകളെക്കുറിച്ചും ഇവിടത്തെ പൊതുസമൂഹം ചിന്തിക്കേണ്ടിയിരിക്കുന്നു. ഇന്ന് അമേരിക്കയിൽ നിന്ന് ചെല്ലുന്ന പ്രവാസി മലയാളികൾക്ക് പണ്ട് കിട്ടിയിരുന്ന ആദരവിന് പകരം പുച്ഛവും പരിഹാസവും നേടിക്കൊടുക്കുന്നതിൽ ഈ സംഘടനകൾ വഹിക്കുന്ന പങ്ക് ചെറുതല്ല.
മുമ്പ് പറഞ്ഞതുപോലെ ഇവിടത്തെ വിരലിലെണ്ണാവുന്ന മാദ്ധ്യമങ്ങളെയും മാദ്ധ്യമപ്രവർത്തകരെയും നിലനിർത്തിക്കൊണ്ടു പോകേണ്ട പരമപ്രധാനമായ ബാധ്യത ഈ സംഘടനകൾക്ക് ഉണ്ടെന്നു മനസിലാക്കേണ്ടിയിരിക്കുന്നു. ഇതിനൊപ്പം തന്നെ, ഇവിടത്തെ നേതാക്കൾ തീർച്ചയായും വായിച്ചിരിക്കേണ്ട ശ്രീ ജോർജ് മണ്ണിക്കരോട്ടിന്റെ 'അമേരിക്കയിലെ മലയാള സാഹിത്യ ചരിത്രം' എന്ന പുസ്തകം, അത് രേഖപ്പെടുത്തിവയ്ക്കേണ്ട ചരിത്രം അതിൽ പ്രതിപാദിക്കുന്ന ആദ്യകാല നേതാക്കൾ, ആദ്യകാല മാദ്ധ്യമങ്ങൾ ഇതൊക്കെ ചരിത്രത്തിന്റെ രേഖപ്പെടുത്തലാണ്.

ഈ വലിയ കുടിയേറ്റ സമൂഹത്തിന്റെ ചരിത്രവും വളർച്ചയും രേഖപ്പെടുത്തേണ്ടത് ഇവിടത്തെ മാദ്ധ്യമപ്രവർത്തകരും എഴുത്തുകാരുമാത്രമാണെന്ന് ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നു. അവരെ അവഗണിച്ചുകൊണ്ടും പുച്ഛിച്ചുകൊണ്ടുമുള്ള എല്ലാ സംഘടനാ പ്രവർത്തനങ്ങളും ഈ സമൂഹത്തിനു നേരെയാണെന്നതിൽ യാതൊരു സംശയവുമില്ല.

നേതൃശേഷിയോ, നേതൃപാടവമോ തൊട്ടുതീണ്ടിയിട്ടില്ലാത്ത ചിലരെങ്കിലും ഈ സംഘടനകളുടെ നേതൃതലങ്ങളിൽ കടിച്ചുതൂങ്ങിക്കിടക്കുന്നുണ്ട്. അവർ ഈ സമൂഹത്തിന് ഒരു ബാധ്യതയും അവർക്കു കാലം ഒരിക്കലും മാപ്പുനൽകുകയുമില്ലെന്നും ഓർമപ്പെടുത്തുവാൻ ഈ അവസരം വിനിയോഗിക്കട്ടേ. ഇന്ന് അമേരിക്കയിലെ പൊതു സമൂഹത്തിന് ഒന്നിച്ചുകൂടുവാനും ഇടപെഴകുവാനും ഈ സംഘടനകളുടെ ആവശ്യമേതുമില്ല. പക്ഷേ, ഈ സംഘടനകൾ തളരാതെ വളർന്ന് കൂടുതൽ കാര്യങ്ങൾ നമ്മുടെ സമൂഹത്തിന് ചെയ്യാനുള്ള കർമ്മശേഷി നേടിയെടുക്കണമെന്നുതന്നെയാണ് എന്റെ അഭിപ്രായം