വിടെ പറയാൻ തുടങ്ങുന്നത് സംസ്ഥാന സ്‌ക്കൂൾ കലോത്സവത്തെക്കുറിച്ചാണ്. എന്നാൽ മലയാളി സമൂഹത്തിന്റെ കുഴപ്പം പിടിച്ച ചില സ്വഭാവ ദൂഷ്യങ്ങളെക്കുറിച്ചുള്ള തിരിച്ചറിവിൽ നിന്നുകൊണ്ടു വേണം ഇതിനെയും കാണാൻ. മലയാളിയുടെ ഇന്നത്തെ ജീവിതം കുറെ പൊങ്ങച്ചങ്ങളുടെയും വൃഥാഭിമാനങ്ങളുടെയും ആഘോഷം മാത്രമാണെന്ന് തോന്നിപ്പോകുന്നു. നൂറു ശതമാനം സാക്ഷരത, അന്തർദേശീയ ചലച്ചിത്രമേളകൾ തുടങ്ങിയവ അതിന്റെ ഉദാഹരണങ്ങളാണ്.

നമ്മുടെ പൊങ്ങച്ചക്കാര്യങ്ങളിൽ പ്രധാനപ്പെട്ട മറ്റൊരിനമാണ് സംസ്ഥാന സ്‌ക്കൂൾ കലോത്സവം. ഏഷ്യയിലെ ഏറ്റവും വലിയ പന്തൽ, ഏറ്റവുമധികം പേർക്ക് സദ്യ, ഏറ്റവും കൂടുതൽ വിഭവങ്ങൾ, വർണ്ണാഭമായ ഘോഷയാത്രയും കലോത്സവ ഉദ്ഘാടനവും, തീർന്നു. ഇവിടെ വരെ പെരുത്ത ആഡംബരവും പകിട്ടുമാണ്. മാമാങ്കം എന്ന വാക്കുതന്നെയാണ് നമ്മൾ ഉപയോഗിക്കുന്നതും. പക്ഷേ മത്സരം തുടങ്ങുന്നതോടെ മത്സരാർത്ഥികളായ കുട്ടികളെ ബാധിക്കുന്ന കാര്യം വരുന്നതോടെ പ്രശ്‌നങ്ങളുമായി. ലൈറ്റ് ആൻഡ് സൗണ്ടിന്റെതു മുതൽ ജഡ്ജസിന്റെ കാര്യം പരിതാപകരമായിരിക്കും. കുട്ടികൾ മേക്കപ്പിട്ട് മണിക്കൂറുകൾ കാത്തു നിന്നിട്ടാണ് മത്സരം നടക്കുന്നത്. പരാതികളുടെ പ്രളയം. ആർക്കുവേണ്ടിയാണ് ഇങ്ങനെയൊരു മാമാങ്കം എന്ന ദാർശനിക ചോദ്യം പോലും ഉയരുന്നു. എന്നാൽ ഒരു മാറ്റവും കൂടാതെ അടുത്ത വർഷവും ഇതെല്ലാം ആവർത്തിക്കുന്നു. പാപപരിഹാരമായി ഒരു പക്ഷേ ഞെട്ടിക്കുന്ന ചില നിർദ്ദേശങ്ങൾ വയ്ക്കുകയാണിവിടെ.

സ്‌ക്കൂൾ കലോത്സവ പ്രശ്‌നങ്ങളുടെ ഒന്നാമത്തെ കാരണം, ഈ മേളയുടെ വലുപ്പം അഥവാ സങ്കീർണ്ണത തന്നെയാണ്. രണ്ടാമത്തെ പ്രശ്‌നം മത്സരാർത്ഥികൾക്കുണ്ടാകുന്ന പണച്ചിലവും മേളയുടെ സംഘാടനത്തിലെ ധൂർത്തും. മൂന്നാമത്തേത് മത്സര നടത്തിപ്പിലും വിധി നിർണ്ണയത്തിലുമുള്ള പിഴവുകളാണ്. ഇതിൽ ഒന്നും രണ്ടും പ്രശ്‌നങ്ങൾ പരിഹരിച്ചാൽ മൂന്നാമത്തേത് അനായാസം തീർക്കാവുന്നതേയുള്ളൂ.

മത്സരാർത്ഥികൾക്കു പേടിസ്വപ്‌നമായിരിക്കുന്ന അധികരിച്ച പണച്ചെലവാകട്ടെ ഇവിടെ നമ്മൾ ആദ്യം ചർച്ച ചെയ്യുന്നത്. അവിശ്വസനീയമായി തോന്നാമെങ്കിലും ഏറ്റവും എളുപ്പത്തിൽ പരിഹരിക്കാവുന്ന കാര്യമാണിത്. മുതിർന്നവരായ നമ്മളുടെ ചില കാഴ്ച ശീലങ്ങളും തെറ്റിദ്ധാരണകളും ഉപേക്ഷിക്കണം എന്നേയുള്ളൂ. പണച്ചെലവിന്റെ കാര്യത്തിലും കുട്ടികളുടെ പങ്കാളിത്തത്തിന്റെ കാര്യത്തിലും ഒന്നാമതു നിൽക്കുന്ന ഭരതനാട്യം തന്നെ ഉദാഹരണമായി എടുക്കാം.

ചെലവു കുറയ്ക്കാം, പത്തിലൊന്നായിട്ട്

മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടി, ഭരതനാട്യത്തിന്റെ നിർദ്ദിഷ്ടമായ വേഷവിധാനങ്ങൾ ധരിക്കേണ്ടതില്ല. വെളുത്ത പൈജാമയും ഷർട്ടും മതി. ഇത് ഒട്ടും മോശം കാര്യമല്ല. കഥകളിയിലെ മഹാനടന്മാർ ചൊല്ലിയാട്ടം നടത്തുന്നത് അങ്ങനെയാണ്. മുഖത്തൊടുവിൽ ദൃഷ്ടിയുടെ വെടിപ്പിനുവേണ്ടി കണ്ണെഴുതുകയും ചുണ്ടിനു നിറം കൊടുക്കുകയും ചെയ്യാം. കാലിൽ ചിലങ്കയും. കാഴ്ചക്കാർക്കും അതിഥികൾക്കും മത്സരം കാണുമ്പോഴുള്ള രസം കുറയും എന്നേയുള്ളൂ. അത് സാരമില്ല.

എല്ലാവരും ഒരേ നൃത്തമാണ് ചെയ്യേണ്ടത്

ഒരേ നൃത്തം ഒരേ പശ്ചാത്തലത്തിൽ അവതരിപ്പിക്കുമ്പോഴേ മത്സരാർത്ഥികളുടെ യഥാർത്ഥ കഴിവ് മനസ്സിലാക്കാൻ പറ്റുകയുള്ളൂ. അതിനായി ഓരോ വർഷവും ഓരോ സംഗീതം-പാട്ട് മത്സരത്തിനായി തെരഞ്ഞെടുക്കുക. നല്ല ഗായകരെയും നല്ല വാദ്യക്കാരെയും വച്ച് അത് പാടിച്ച് റിക്കാർഡു ചെയ്ത് സിഡി പുറത്തിറക്കുക. ഗവൺമെന്റാണ് ഇത് ചെയ്യേണ്ടത്. മത്സരാർത്ഥികൾ എല്ലാം ഈ സിഡി ഇട്ടാണ് നൃത്തം അവതരിപ്പിക്കേണ്ടത്.

ആദ്യം കേൾക്കുമ്പോൾ ഇതിൽ വലിയ ശേലുകേടു തോന്നിയേക്കാം. കൂടുതൽ ആലോചിക്കുമ്പോൾ ഇതാണ് യുക്തിസഹമായ കാര്യം എന്നു തോന്നും. അതിന്റെ കാരണം വിശദമാക്കട്ടെ.

കലോത്സവത്തിലെ മത്സരം ഒരു പരീക്ഷയാണല്ലോ കലാപ്രകടനമല്ല. എങ്ങനെയാണ് സാധാരണമായി പരീക്ഷ എഴുതുന്നത്. എല്ലാ വിദ്യാർത്ഥികളും ഒരേ ചോദ്യങ്ങൾക്കല്ലേ ഉത്തരമെഴുതേണ്ടത്. അതു തന്നെയാണ് ഇവിടെയും വേണമെന്നു നാം നിർദ്ദേശിക്കുന്നത്. വാസ്തവത്തിൽ ഇപ്പോഴത്തെ രീതി എന്താണ്. ഓരോ മത്സരാർത്ഥിയും അയാൾക്കിഷ്ടമുള്ള ഓരോ ചോദ്യം കണ്ടുപിടിച്ച് ഏറ്റവും സമർത്ഥനായ ഗുരുവിനെക്കൊണ്ട് ഉത്തരം തീർപ്പിച്ച് കൊണ്ടു വന്ന് അവതരിപ്പിക്കുന്നു.

എല്ലാ കുട്ടികളും ഒരേ നൃത്തം അവതരിപ്പിക്കുമ്പോൾ ജഡ്ജസിന് കുട്ടിയുടെ കഴിവിനെക്കുറിച്ച് കൃത്യമായ കാഴ്ച കിട്ടുന്നു. മത്സരാർത്ഥികളുടെ പ്രകടനത്തിന്റെ ഓരോ ഘടകത്തെയും താരതമ്യം ചെയ്ത് വിലയിരുത്തി വിധിയെഴുതാം. അതായത് പൊതുവായ ഒരു മാനദണ്ഡം ഉണ്ടാകുന്നു. ജഡ്ജസ് മനപ്പൂർവ്വം വിചാരിച്ചാൽപോലും പക്ഷഭേദം കാണിക്കാനുള്ള സാധ്യതയും കുറയും.

ചോദ്യക്കടലാസിൽ ചോദ്യങ്ങൾക്ക് ചോയിസ് കൊടുക്കാറുണ്ടല്ലോ. അതുപോലെ ഇവിടെയും വേണമെങ്കിലാകാം. ഓരോ വർഷവും അവതരിപ്പിക്കാൻ ഒരു ഗീതം തിരഞ്ഞെടുക്കുന്നതിനുപകരം രണ്ട് അല്ലെങ്കിൽ മൂന്ന് എണ്ണം തിരഞ്ഞെടുത്ത് സിഡി ഇറക്കാം.

ക്ലാസിക്കലും നാടോടിയുമായ വിവിധ നൃത്ത രൂപങ്ങൾക്കും നൃത്തേതരമായ മറ്റ് ചില ഇനങ്ങൾക്കും മേൽപറഞ്ഞ രീതി അവലംബിക്കാവുന്നതാണ്. മത്സരാർത്ഥികളുടെ എത്രയോ വേവലാതികളും പണച്ചോർച്ചയും ഒഴിവാക്കാം.

കലാമേളയുടെ വലുപ്പവും സങ്കീർണ്ണതയും കുറയ്ക്കാൻ ആത്മാർത്ഥമായ ആഗ്രഹമുണ്ടെങ്കിൽ സ്വീകരിക്കാവുന്ന ഒരു മാർഗ്ഗം പറയട്ടെ. മത്സര ഇനങ്ങളെ രചന (എഴുത്ത്, വര, കാർട്ടൂൺ തുടങ്ങിയവ), നൃത്തം (നാടകം, നാടൻ കലകൾ തുടങ്ങിയവ), സംഗീതം (വായ്പാട്ട്, വാദ്യം തുടങ്ങിയവ) എന്നിങ്ങനെ മൂന്നോ നാലോ ആയി തിരിച്ച് ഓരോന്നിനും വേണ്ടി വേറെ വേറെ ഇടങ്ങളിൽ മേള നടത്തുക. ഒരേ സമയത്തല്ല, ഓരോ മേളയ്ക്കും ഇടയിൽ ഒന്നോ രണ്ടോ ആഴ്ചയുടെ അകലം ഉണ്ടായിരിക്കണം.

തത്സമയ ചാനൽ സംപ്രേഷണം വേണ്ടെന്നു വച്ചാലോ

അതുകൂടാതെ പത്ര, ചാനൽ ലേഖകർ ചില കുട്ടികളുമായി നേരിട്ട് നടത്തുന്ന അഭിമുഖം പോലുള്ള പരിപാടികളും ഉപേക്ഷിക്കുക. ഇവ ഉപേക്ഷിച്ചാലുണ്ടാകുന്ന പ്രധാന ദൂഷ്യം മേളയുടെ പബ്ലിസിറ്റിയും ഗ്ലാമറും മാമാങ്ക സ്വഭാവവും നഷ്ടമാകും എന്നതു മാത്രമല്ലേ. അതേസമയം എത്ര ആശ്വാസവും അനായാസതയും സാവകാശവുമാണ് ബന്ധപ്പെവർക്കെല്ലാം കിട്ടുന്നത്. പ്രത്യേകിച്ചും കുട്ടികൾക്ക്.

വാസ്തവത്തിൽ മേളയുടെ സമാപന സമ്മേളനമാണ് ആഘോഷമായി നടത്തേണ്ടത്. അപ്പോൾ സമ്മാനം കിട്ടിയ ഇനങ്ങളുടെയും മുന്തിയ മാർക്ക് കിട്ടിയവരുടെയും സ്‌റ്റേജ് ഷോ തന്നെ നടത്താം.

ചാനലുകാരും പത്രക്കാരും മത്സരം പകർത്തുന്നതിനു പകരം സംഘാടകർ തന്നെ എല്ലാ മത്സരവും മുഴുവൻ ഭാഗവും കൃത്യമായി വീഡിയോ റിക്കാർഡിങ് ചെയ്യണം. കലാമേള നടക്കുന്ന ദിവസങ്ങളിൽ ചാനലുകളിലെ വാർത്താ ബുള്ളറ്റിനിൽ മത്സരങ്ങളുടെ ക്ലിപ്പിങ്ങുകൾ സംഘാടകരിൽ നിന്ന് മേടിച്ച് ചേർത്താൽ പോരേ. ന്യായമായ പബ്ലിസിറ്റി കിട്ടും. മത്സരങ്ങളുടെ സമാന്യ സ്വഭാവം ജനങ്ങൾക്ക് മനസ്സിലാക്കുകയും ചെയ്യാം. ഇപ്പോഴത്തേതുപോലെ മേള തീരും വരെ ചാനലുകാർ മത്സരിച്ച് ടിവി പ്രേക്ഷകരെ ബോറടിപ്പിക്കുന്ന തത്സമയ സംപ്രേഷണം എന്ന ഇടപാട് ഒഴിവാക്കാം.

എല്ലാ മത്സരവും കാണേണ്ടവർക്ക് നേരിട്ട് വേദികളിൽ പോകമല്ലോ, ഒരുകാര്യം ഓർക്കണം. ചാനലുകളിൽക്കൂടി മത്സരങ്ങളുടെ ശരിയായ ഒരു വിലയിരുത്തൽ ഒരിക്കലും നടക്കുന്നില്ല. തത്സമയ സംപ്രക്ഷണം അതിന് ഉതകുകയുമില്ല. ചെയ്യണ്ടേത്, മേള തീർന്നു കഴിഞ്ഞ്, താൽപര്യമുള്ള ചാനലുകാർ, കഴിവുള്ള ലേഖകരെ അല്ലെങ്കിൽ പ്രശ്‌സതരായ കലാകാരരെത്തന്നെ നിയോഗിച്ച്, സംഘാടകർ റിക്കാർഡുചെയ്ത മത്സരങ്ങളുടെസിഡിയുടെ കോപ്പിവാങ്ങിക്കണ്ട്, വിലയിരുത്തി പ്രസക്തഭാഗങ്ങൾ ഉൾപ്പെടുത്തി അവതരിപ്പിക്കുക എന്നതാണ്.

പക്ഷേ, എത്ര ചാനലുകൾ അതിനു തായ്യാറാകും? അവിടെയാണ് രസം! സിനിമാക്കാരേയുംക്കൂടി മേളയുടെ വേദിയിൽ നിന്ന് മാറിനിൽക്കാൻ പ്രരിപ്പിച്ചാലോ, കച്ചവട താൽപര്യം മാത്രമെടുത്തു മുഖ്യധാര സിനിമാക്കാരുടെ മത്സരവേദിയിലെ സാന്നിദ്ധ്യം പൊതുവേ കൂട്ടികളുടെ ഏകാഗ്രതയും ആത്മവിശ്വാസവും കലയോടുള്ള ആത്മാർത്ഥതയും നശിപ്പിക്കും ചില കുട്ടികൾ ബൂസ്റ്റ് ചെയ്യപ്പെടും, ചിലർ പിന്തള്ളപ്പെടും. സിനിമക്കാരെ മാത്രമല്ല, സെലിബ്രറ്റികളെയും സമാപന ചടങ്ങിൽ മാത്രം പങ്കെടുപ്പിച്ചാൽ പോരെ

ഒരു കാര്യം കൂടിയുണ്ട്. നേരായതാൽപര്യമുള്ള സിനിമ പ്രവർത്തകർക്ക് സാധാരണ കാഴ്ചക്കാരെപ്പോലെ പങ്കെടുക്കാം. താൽപര്യം തോന്നുന്ന കുട്ടികളെ നോട്ടു ചെയ്തിട്ട്, മേളയ്ക്കിടയിലല്ല, പീന്നിട് സ്‌കൂളിലോ അവരുടെ വീട്ടിലോ ചെന്ന് ബന്ധപ്പെടാം. ബാല നടീനടന്മാരെയും പാട്ടുകാരെയുമൊക്കെ സിനിമക്കാർക്ക് ഇങ്ങനെ പ്രോത്സാഹിപ്പിക്കാം. പക്ഷേ സിനിമയിലെ കഥാനായികമാരെ ഒരിക്കലും സ്‌കൂൾ വിദ്യാത്ഥികളിൽ നിന്ന് തെരെഞ്ഞടുക്കരുത്. പതിനെട്ട് വയസ് തികഞ്ഞ്, പ്രായപൂർത്തിയാകാത്തവരെ അങ്ങനെ തെരഞ്ഞെടുക്കുന്നത് അധാർമ്മികമാണ്. അഭിനയകലയ്ക്കും ആ കുട്ടിക്കും അതുദൂഷ്യംചെയ്യും

സിനിമക്കാരെയും ചാനലുകാരെയും അകറ്റിനിർത്തുകയല്ല, അവർ സ്വമേധയാ പിൻവാങ്ങി നിൽക്കുകയാണു വേണ്ടത്. മാദ്ധ്യമക്കാരും സിനിമാക്കാരും വളരെയേറെ ഉത്തരവാദിത്വപ്പെട്ട രണ്ടു വിഭാഗക്കാരാണ്. നമ്മൾ ചർച്ചചെയ്യുന്ന വിഷയം അവരുടേയും കൂടി ചർച്ചാവിഷയമാണ്. അവർക്കും ഉൽക്കണ്ഠയുള്ള വിഷയമാണ്. അതുകൊണ്ട് സംഘാടകരും പൊതുസമൂഹത്തിന്റെ വക്താക്കളും ചേർന്ന് ചർച്ചചെയ്ത്, കുട്ടികൾക്കു ഗുണകരമായതും നീതികിട്ടുന്നതുമായ തീരുമാനങ്ങൾ എടുക്കുകയാണ് വേണ്ടത്.

കലോത്സവത്തിന്റെ സാത്വികസ്വഭാവം ബാലസഹജമായ നൈർമ്മല്യവും തകർത്തുകളയുന്ന ഒരു ദുർഭൂതമാണ് ജില്ലതിരിച്ചുള്ള പോയിന്റ് കണക്കാക്കലും വാശിയും സ്വർണ്ണക്കപ്പും ഒക്കെ. മത്സരം തുടങ്ങുന്നതോടെ പത്രക്കാരും ചാനലുകളും ജില്ലകൾ തമ്മിലുള്ള ഇഞ്ചോടിഞ്ചു പോരാട്ടത്തേയും കപ്പുവെട്ടിപ്പിടിക്കലിനെയും കുറിച്ചു പറഞ്ഞു തുടങ്ങും. അതൊരു വലിയ വിഷയമാണെന്നു തെറ്റിദ്ധരിച്ച് പൊതുജനങ്ങളും ഒരോ ജില്ലയുടെയും പോയിന്റ് നിലയാണു ശ്രദ്ധിക്കുന്നത്. കുട്ടികളുടെയിടയിൽ ചേരിതിരിഞ്ഞു വാശിയും അനാവശ്യമായ ടീംസ്പിരിറ്റും ഉടലെടുക്കുന്നു. ഒരോ ടീമിന്റെയും ഭാരവാഹികൾ ഈ വാശിയെ ഊതിക്കത്തിക്കുന്നു.

കേരളത്തിലെ തെക്കും വടക്കും മദ്ധ്യവും തമ്മിൽ വലിയ സാംസ്കാരിക വൈവിദ്ധ്യങ്ങളുണ്ട്. കൗതകങ്ങളുണ്ട്. ഇവ പരസ്പരം അനുഭവിക്കാനും ആസ്വാദിക്കാനും ഏതാനും ദിവസം സഹവസിക്കാനുമാണ് കലോത്സവദിവസങ്ങൾ ഉപകരിക്കേണ്ടത്്. ജില്ലാടീമുകളുടെ ഭാരവഹികൾക്കും ഇക്കാര്യം ബാധകമാണ്,സാധ്യമാണ്.

ജഡ്ജ്‌മെന്റെ്

സിവിക് ചന്ദ്രൻ മാഷും മറ്റും ഒരു ചാനലിൽ പറഞ്ഞുകേട്ട നിർദ്ദേശങ്ങൾ നല്ലതാണെന്നു തോന്നുന്നു. അഞ്ചു ജഡ്ജസ് വേണമെന്നതും ജഡ്ജുമെന്റ് പര്യസപ്പെടുത്തണമെന്നതും സ്വീകാര്യമായ കാര്യങ്ങളാണ്. സിവിക് പറഞ്ഞതു പോലെ ജൂറിയുടെ ചെയർമാനായി ഒരാളുണ്ടാകുന്നതും നല്ലതാണ്. എന്നാൽ ജഡ്ജസ് അഞ്ചുപേരും ചേർന്ന് അപ്പോഴപ്പോൾ ചെയർമാനെ തെരെഞ്ഞെടുക്കുന്നതായിരിക്കും നല്ലത്. സ്ഥിരം ചീഫ് ജസ്റ്റീസുമാർ ഉണ്ടാകുന്നത് നല്ല വഴക്കമായിരിക്കില്ല. അവരെ മുകളിൽ നിന്ന് അടിച്ചേൽപ്പിക്കുകയല്ല വേണ്ടതും. ജഡ്ജുമാർ പരസ്പരം ചർച്ച ചെയ്ത് മാർക്കിടുന്നതും നല്ലതാണ്.

മത്സരത്തിൽ കിട്ടുന്ന മാർക്ക് അറിയാൻ കുട്ടികൾക്ക് അവകാശമുള്ളപോലെ തന്നെ അവർ അവതരിപ്പിച്ച കലാസൃഷ്ടി കൈവശം കിട്ടാനും സാക്ഷിക്കാനും പ്രയോജനപ്പെടുത്താനും കൂടി അവകാശമുണ്ട്. രചനാ വിഭാഗത്തിൽ പെടാത്തതെല്ലാം വീഡിയോ റിക്കാർഡുകളിലൂടെ ലഭിക്കാൻ വഴിയുണ്ട്. എഴുത്ത് വര വിഭാഗത്തിൽപെടുന്നവയുടെ സാക്ഷ്യപ്പെടുത്തിയ ഫോട്ടോസ്റ്റാറ്റ് ലഭ്യമാക്കി പ്രശ്‌നം പരിഹരിക്കാം.

മത്സരത്തിനായുള്ള അറിയിപ്പ് അനുസരിച്ച് തയ്യാറെടുക്കുകയോ മേക്കപ്പിടുകയോ ചെയ്തു കഴിഞ്ഞാൽ അര മണിക്കൂറിനുള്ളിലെങ്കിലും മത്സരം നടത്തേണ്ടത് മത്സരാർത്ഥികളുടെ അവകാശമായിരിക്കും. ഇല്ലെങ്കിൽ സംഘാടകർ കുട്ടിക്ക് നഷ്ടപരിഹാരം കൊടുക്കേണ്ടതാണെന്ന് വ്യവസ്ഥയുണ്ടാകണം.

സാമ്പത്തികമായ കാരണങ്ങളാൽ കുട്ടികൾക്ക് അപകർഷവും തോൽവിയും ഉണ്ടാക്കുന്ന ചില കാര്യങ്ങൾ കൂടിയുണ്ട്. മത്സരത്തിനുള്ള വാദ്യോപകരണളും മറ്റുമാണ് പ്രശ്‌നം സൃഷ്ടിക്കുന്നത്. ഉദാഹരണമായി 1800, 2500, 5000, 14000 എന്നീ നിരക്കിലുള്ള ഗിറ്റാറുകളാണ് ഒരു സബ്ജില്ലാ സ്‌ക്കൂൾ കലോത്സവത്തിൽ പങ്കെടുത്ത കുട്ടികൾ ഉപയോഗിച്ച് കണ്ടത്. വില കൂടിയ ഉപകരണങ്ങളുടെ ശ്രുതിമേന്മ വളരെ കൂടുതലായിരിക്കും. അത് കുട്ടിയുടെ സാമർത്ഥ്യം കൊണ്ടല്ല എന്നറിയാമെങ്കിലും 10-15 ശതമാനം മാർക്ക് ആരും കൂടുതലിട്ടുപോകും എന്ന് വിദഗ്ധരായ ജഡ്ജസ് തന്നെ പറയുന്നു.

ഇടത്തരം വിലയുള്ളതും ഒരു നിശ്ചിത നിലവാരത്തിൽ കൂടാത്തതുമായ വാദ്യ ഉപകരണങ്ങളേ ഉപയോഗിക്കാൻ പാടുള്ളൂ എന്ന നിബന്ധന ഉണ്ടായാൽ പരിഹാരമാകുന്ന ചെറിയ പ്രശ്‌നം മാത്രമാണിത്. അത്തരത്തിൽപ്പെട്ട ഉപകരണങ്ങൾ, സംഘാടകർ തന്നെ മത്സരവേദിയിൽ കുട്ടികൾക്ക് ലഭ്യമാക്കുകയാണെങ്കിൽ വളരെ നല്ലത്.

ആർക്കൈവ് ഉണ്ടാകണം

ഓരോ വർഷവും കുട്ടികളുടെ കലാനിലവാരം വിലയിരുത്തപ്പെടണം എന്നത് പ്രധാനമാണ്. അത് നേരത്തേ പറഞ്ഞതുപോലെ മാദ്ധ്യമങ്ങൾ മാത്രം നടത്തിയാൽ പോരാ. മത്സരങ്ങളെല്ലാം വീഡിയോയിൽ പകർത്തുന്നതിനോടൊപ്പം ബന്ധപ്പെട്ട എഴുത്തുകുത്തുകളും കൂടി റിക്കാർഡു ചെയ്ത് സൂക്ഷിക്കുന്ന ഒരു ആർക്കൈവ് ഇപ്പോൾ അങ്ങനെയൊന്ന് ഇല്ലെങ്കിൽ ഉണ്ടാകണം. (പതിറ്റാണ്ടുകളായി നടന്നു വരുന്ന കലോത്സവങ്ങളുടെ രേഖകൾ എത്രത്തോളം സൂക്ഷിക്കപ്പെട്ടിട്ടുണ്ട്) ഇക്കാലത്ത് ഒരു വർഷത്തെ കലോത്സവ രേഖകളെല്ലാം ഒരു ഡിസ്‌കിൽ ഒരുങ്ങും.

ഓരോ വർഷവും വിദഗ്ധ സമിതിയെ വച്ച് മുകളിൽ പറഞ്ഞ ദൃശ്യരേഖകൾ പരിശോധിച്ച് മുൻ വർഷങ്ങളിലെ പ്രകടനങ്ങളുമായി താരതമ്യം ചെയ്ത് കുട്ടികളുടെ കലാനിലവാരം വിലയിരുത്തണം.

സമ്മാനം നേടിയവരോടൊപ്പം നല്ല മാർക്ക് നേടിയവരെക്കൂടി ഉൾപ്പെടുത്തി പരിശീലനക്കളരികൾ നടത്താം. അതോടൊപ്പം ഈ കുട്ടികളുടെ കലാപരിപാടികൾ നടത്താൻ വേദിയുണ്ടാക്കിക്കൊടുക്കാം. സിനിമ പോലുള്ള ഇതര മേഖലകളിലേയ്ക്ക് പോകാൻ വിടാതെ ഗവൺമെന്റ് തന്നെ ഇത്തരം കാര്യങ്ങൾ ചെയ്തു കൊടുക്കണം.

സംസ്ഥാന സ്‌ക്കൂൾ കലോത്സവത്തിന്റെ ആഡംബരവും പകിട്ടും മാമാങ്കസ്വഭാവവും കുറച്ചുകൊണ്ടു വരിക എന്നത് തന്നെയായിരിക്കണം കലോത്സവ മാന്വൽ പരിഷ്‌ക്കരണം ലക്ഷ്യം വയ്ക്കുന്നത്. കലോത്സവം ഒരു ഉത്സവമോ സ്‌റ്റേജ് ഷോയോ അല്ല. കുട്ടികളുടെ കലാ പരീക്ഷയാണ് എന്ന ബോധ്യം ബന്ധപ്പെട്ടവരുടെയെല്ലാം മനസ്സിൽ ജ്വലിച്ചു നിൽക്കട്ടെ. നമ്മൾ മലയാളികളുടെ ജീനിലുള്ള സൂപ്പർ, മെഗാ, ജിഗാ തുടങ്ങിയ വമ്പത്ത മുദ്രകളോടുള്ള ആരാധന ശമിക്കുന്ന നിമിഷം മുതൽ മലയാളിയുടെ ഗുണമേന്മകൾ വെളിപ്പെട്ടു തുടങ്ങും. അതു വരെ നമ്മൾ കലിബാധിതരെപ്പോലെ ഉഴറുകയായിരിക്കും.