ന്റെ അച്ഛനുമമ്മയും അധികം വിദ്യാഭ്യാസമുള്ളവരായിരുന്നില്ല. നാലാം ക്ലാസിൽ ഫീസ് കൊടുക്കാൻ പറ്റാത്തതിനാൽ അച്ഛൻ ക്ലാസ്സിൽ പോയില്ല. ആലുവയിലെ പ്രമുഖന്മാരായിരുന്ന തരകന്മാരുടെ തോട്ടത്തിൽ റബർ വെട്ടാൻ പോയി. അതായിരുന്നു അച്ഛന്റെ ജീവിതത്തിന്റെ തുടക്കം, പിന്നെ ശിവരാത്രി മണപ്പുറത്ത് ചായക്കടയായി, ഇന്ത്യൻ അലൂമിനിയം കമ്പനിയിൽ തൊഴിലാളിയായി, ഫാക്ട് കാന്റീനിൽ സൂപ്പർവൈസറായി പന്ത്രണ്ടു മുതൽ അറുപത് വയസ്സുവരെ നീണ്ട തൊഴിൽ ജീവിതം. അമ്മയാണെങ്കിൽ വീട്ടിലെ ആവശ്യങ്ങൾക്ക് വെള്ളം സംഭരിക്കാൻ വേറെ ആളില്ലാത്തതിനാൽ അഞ്ചാം ക്ളാസിൽ പഠിത്തം നിർത്തി, തൊഴിലും ജീവിതവും ഇന്നും തുടരുന്നു.

പൊതുവെ വിപ്ലവകാരികളൊന്നും ആയിരുന്നില്ല എന്റെ മാതാപിതാക്കൾ. എന്നാൽ ഇന്നാലോചിക്കുന്‌പോൾ അവരുടെ കാലത്തിന് മുൻപേയുള്ള ഒരുകാര്യം അവർ ചെയ്തു. എന്റെ സഹോദരിമാരുടെ വിദ്യാഭ്യാസം. നാല് സഹോദരിമാരാണ് എനിക്ക്. എല്ലാവരും വിദ്യാഭ്യാസവും ജോലിയും നേടണമെന്ന് അമ്മക്ക് നിർബന്ധമുണ്ടായിരുന്നു. മൂന്നു സഹോദരിമാർ ബിരുദവും ഒരാൾ ബിരുദാനന്തര ബിരുദവും നേടി.

അച്ഛന് ചേച്ചിമാരോ ഞങ്ങൾ ആൺമക്കളോ പഠിക്കണമെന്ന് വലിയ നിർബന്ധമൊന്നുമുണ്ടായിരുന്നില്ല. പക്ഷെ എല്ലാവരും സന്തോഷമായിരിക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു. ചേച്ചിമാരുടെ കാര്യത്തിൽ പ്രത്യേകിച്ചും.സ്‌കൂളിൽനിന്നും ഏതു വിനോദയാത്രക്കും അച്ഛൻ ചേച്ചിമാരെ വിടുമായിരുന്നു. യാത്ര ചെയ്യാനും, ഇഷ്ടമുള്ള വിഷയം തിരഞ്ഞെടുക്കാനും, ഹോസ്റ്റലിൽ നിന്നു പഠിക്കാനുമൊന്നും അച്ഛൻ എതിരായിരുന്നില്ല.

''ഇവരെയൊക്കെ കല്യാണം കഴിക്കുന്നവർ ഏതു തരക്കാരായിരിക്കുമെന്നറിയില്ലല്ലോ. അപ്പോൾ എന്റെയടുത്തുള്ള അത്രയും നാൾ അവർക്ക് എല്ലാ അവസരവും സ്വാതന്ത്ര്യവും നൽകണം'' എന്നതായിരുന്നു അച്ഛന്റെ ലൈൻ.

എന്റെ മൂത്ത ചേച്ചിക്ക് ഇപ്പോൾ അറുപത് വയസ്സായി. കേരളത്തിലെ മാതാപിതാക്കൾ ഒക്കെ ഏറെ മാറി. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം കൊടുക്കുക എന്നതിപ്പോൾ സർവസാധാരണം ആണ്. പക്ഷെ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ആൺകുട്ടികളും പെൺകുട്ടികളും ഇപ്പോഴും കേരളത്തിൽ തുല്യരല്ല. ആൺകുട്ടികൾക്ക് പൊതുവെ പതിനഞ്ചോ പതിനാറോ വയസ്സായാൽ കൂട്ടുകൂടാനും, പുറത്തുപോകാനും, കേരളത്തിന് പുറത്ത് (ഇന്ത്യക്ക് പുറത്തോ) സഞ്ചരിക്കാനും പഠിക്കാനുമൊക്കെയുള്ള അവസരം മാതാപിതാക്കൾ നൽകുന്നു. എന്നാൽ ഇതേ ആവശ്യങ്ങൾക്ക് തുല്യഅവകാശം പെൺകുട്ടികൾക്ക് പലയിടത്തും ലഭിക്കാതെ പോകുന്നു. കേരളത്തിലെ കോളേജുകളിൽ ഭൂരിഭാഗവും പെൺകുട്ടികളായിട്ടു പോലും ഇന്ത്യക്ക് പുറത്ത് പഠനത്തിന് പോകുന്നവരിൽ ഒരു ചെറിയ ശതമാനമേ പെൺകുട്ടികളുള്ളൂ. കേരളത്തിന് പുറത്ത് ജോലിക്ക് അവസരങ്ങൾ വരുമ്പോൾ പോലും മാതാപിതാക്കൾക്ക് പെണ്മക്കളെ പുറത്തയക്കാൻ മടിയാണ്. അതിന്റെ ഫലമോ കൂടുതൽ കഴിവുള്ള പെൺകുട്ടികൾ വീട്ടിലിരിക്കുമ്പോൾ ആൺകുട്ടികൾ അവസരങ്ങൾ ഉപയോഗിച്ച് മുന്നേറുന്നു. വിദ്യാഭ്യാസത്തിൽ കാണുന്ന മികവനുസരിച്ച് സമൂഹത്തിൽ മുന്നേറാൻ സ്ത്രീകൾക്ക് പറ്റാതെ പോകുന്നു. സ്ത്രീകളുടെ മുഴുവൻ അറിവും കഴിവും ഉപയോഗിക്കാതിരിക്കുന്നതിന്റെ നഷ്ടം അവർക്ക് വ്യക്തിപരമായി മാത്രമല്ല, പക്ഷെ സമൂഹത്തിന് മൊത്തമാണ്.

പക്ഷെ നമ്മുടെ സമൂഹമിപ്പോൾ സ്ത്രീകൾക്ക് അനുകൂലമായ ഏറെ നയങ്ങൾ ഒക്കെ ഉള്ള സ്ഥലമാണ്. സ്ത്രീകളുടെ വിദ്യാഭ്യാസത്തിനോ ജോലിക്കോ എതിരെ അധികം നിയമങ്ങൾ ഒന്നുമില്ല. ആർമിയിൽ പോലും ജോലി ചെയ്യുന്നതിനും പകലോ രാത്രിയോ ജോലിയെടുക്കുന്നതിനും ഒക്കെയുള്ള സ്ത്രീകളുടെ അവകാശം സർക്കാരും കോടതിയും ഒക്കെ അംഗീകരിച്ചുവരികയാണ്. അസ്വാതന്ത്ര്യങ്ങൾ ഏറെയും ഏർപ്പെടുത്തുന്നത് കുടുംബത്തിൽ നിന്നാണ്. ഇതിന് പല കാരണങ്ങളുമുണ്ട്. 

  • കേരളത്തിനു പുറത്ത് പെൺകുട്ടികളെ അയച്ചാൽ അവർക്ക് എന്തെങ്കിലും ആപത്ത് സംഭവിച്ചാലോ എന്ന സ്വാഭാവികമായ ഭയം.
  • പെൺകുട്ടികളെ എത്രയൊക്കെ പഠിപ്പിച്ചാലും കല്യാണം കഴിഞ്ഞാൽ ഭർത്താവിന്റെ തൊഴിലിനും തൊഴിൽസ്ഥലത്തിനും അനുസരിച്ച് ജീവിതം മാറുന്നതിനാൽ വലിയ നിക്ഷേപങ്ങൾ നടത്തുന്നതിൽ അർത്ഥമില്ല എന്ന തോന്നൽ.
  • പെൺകുട്ടികളെ കല്യാണം കഴിപ്പിച്ചയക്കാൻ വൻതുക വേണ്ടിവരുന്നതിനാൽ പഠിപ്പിക്കാൻ കൂടി പണം ചെലവാക്കേണ്ടിവരുന്നത് അധിക ചെലവാണെന്ന ചിന്ത
  • പെൺകുട്ടികളെ പഠിപ്പിച്ചാൽ അതുകൊണ്ട് കുടുംബത്തിന് ഗുണമുണ്ടാകില്ല എന്നും ആൺകുട്ടികളാണെങ്കിൽ അതാണ് കുടുംബത്തിന് നല്ലത് എന്നുമുള്ള കണക്കുകൂട്ടൽ.
  • പെൺകുട്ടികൾക്ക് അധികസ്വാതന്ത്ര്യം നല്കിയാലോ പുറത്തു വിട്ടു പഠിപ്പിച്ചാലോ അധികം പഠിപ്പിച്ചാലോ ഒക്കെ അവർക്ക് യോജിച്ച കല്യാണം ഒക്കെ നടക്കാൻ ബുദ്ധിമുട്ടാകുമെന്ന ചിന്ത.

ഓരോ കുടുംബത്തിലും ഓരോ കാരണമാകാം. അല്ലെങ്കിൽ പല കരണങ്ങളാകാം. മാതാപിതാക്കളുടെ വീക്ഷണത്തിൽ നിന്നും നോക്കിയാൽ ഇന്നത്തെ സമൂഹത്തിൽ ഇത് പലതും വസ്തുതയും ആണ്. അതേ സമയം എന്റെ തലമുറയിൽ ഒക്കെ ഉള്ള മാതാപിതാക്കൾ ആൺകുട്ടികളെയും പെൺകുട്ടികളെയും തുല്യമായി കാണുന്നവർ ആണ്. പലപ്പോഴും വ്യക്തമായി ചിന്തിക്കാത്തതുകൊണ്ടോ അല്ലെങ്കിൽ നമ്മുടെ സമൂഹത്തിന്റെ ചില ചട്ടക്കൂടുകളിൽ നിന്ന് ചിന്തിക്കുന്നതുകൊണ്ടോ ആണ് അവരും ഇപ്പോഴും പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ പറ്റിയുള്ള തീരുമാനങ്ങൾ പിൽക്കാല വിവാഹജീവിതത്തെ പറ്റിയുള്ള ആശങ്കകളുടെ അടിസ്ഥാനത്തിൽ ആക്കുന്നത്. ഇത് മാറ്റാൻ സമയമായി.

കേരളത്തിനു പുറത്തുവരുന്ന മലയാളി പെൺകുട്ടികൾ മറ്റുള്ളവർക്ക് മാതൃകയാകുന്ന വിധത്തിലാണ് പെരുമാറുന്നതും അവരുടെ പ്രൊഫഷനിൽ ശോഭിക്കുന്നതും എന്ന് നിങ്ങൾ തന്നെ ശ്രദ്ധിച്ചാൽ അറിയാം. കേരളത്തിലെപ്പോലെ സമൂഹത്തിന്റെ അനാവശ്യമായ കണ്ണ് അവരിലില്ലാത്തതും അവരുടെ യാത്രകൾക്കും താമസത്തിനുമൊന്നും ജോലിക്കും വസ്ത്രത്തിനും ഒന്നും കേരളത്തിലെ പോലെ മറ്റാളുകളുടെ ചിന്തയും സമയവും കാലവും നോക്കേണ്ടതില്ല എന്നതുമൊക്കെ അവരെ കൂടുതൽ സ്വതന്ത്രരാക്കുന്നു. ആ സ്വാതന്ത്ര്യത്തിൽ അവർ പഠനത്തിലും തൊഴിലിലും ആത്മവിശ്വാസത്തോടെ നന്നായി ശോഭിക്കുന്നു. കേരളത്തിന്റെ ബ്രാൻഡ് അംബാസഡർമാരായി മറ്റു നാടുകളിൽ തിളങ്ങുന്നു. ഇത് നാല്പതു കൊള്ളാം മുൻപ് യൂറോപ്പിൽ എത്തിയ നമ്മുടെ നേഴ്‌സ് മാരയായലും ഇപ്പോൾ ബംഗളൂരുവിൽ ജീവിക്കുന്ന ഐ ടി തലമുറയായാലും ശരിയാണ്.

പെൺകുട്ടികൾക്ക് അവരുടെ കഴിവുകൾ സ്വാഭാവികമായി വികസിപ്പിക്കാൻ പറ്റിയ ഒരു സ്ഥലം അല്ല കേരളം. കേരളത്തിലെ കോളേജ് ലൈബ്രറികളിൽ തൊട്ട് ലേഡീസ് ഹോസ്റ്റലുകളിൽ വരെ പെൺകുട്ടികൾക്ക് അനാവശ്യമായ നിയന്ത്രണങ്ങൾ ആണ്. അമ്പലപ്പറമ്പിൽ തൊട്ടു പൊതുഗതാഗത സംവിധാനത്തിൽ വരെ അവർക്കെതിരെ കടന്നു കയറ്റം ആണ് പൊതു വേദികൾ സ്ത്രീകൾ ഇപ്പോഴും അപൂർവമാണ്, സദസ്സിൽ നിന്നും അവരുടെ അഭിപ്രായങ്ങൾ ശ്രദ്ധിക്കാൻ അധികം ആർക്കും താല്പര്യമോ സമയമോ ഇല്ല, വഴിയേ പോകുന്ന സ്ത്രീകളെ തുറിച്ചു നോക്കുന്നതോ കമന്റടിക്കുന്നതോ ഒരു തെറ്റായി പോലും ആളുകൾ കരുതുന്നില്ല. . അറിഞ്ഞോ അറിയാതെയോ നടക്കുന്ന ഈ വിവേചനങ്ങൾ ഒന്നും ഉടനെയൊന്നും മാറുമെന്ന് എനിക്ക് തോന്നുന്നില്ല.

അതെ സമയം പെൺകുട്ടികൾക്ക് കൂടുതൽ സ്വാതന്ത്ര്യവും അവസരങ്ങളും ഉള്ള നഗരങ്ങൾ ഇന്ത്യയിൽ തന്നെ പലതുണ്ട്. വികസിതരാജ്യങ്ങളിൽ പൊതുവെ സ്ത്രീകൾക്ക് അവസരങ്ങൾ കൂടുതലും നിയന്ത്രണങ്ങൾ കുറവും ആണ്. മുൻപ് പറഞ്ഞപോലെ അവിടെ എത്തിപ്പറ്റിയാൽ നമ്മുടെ കുട്ടികൾ ഏറെ ശോഭിക്കുന്നു ഉണ്ട്, അപ്പോൾ വാസ്തവത്തിൽ അപ്പോൾ നിങ്ങളുടെ മിടുക്കരായ പെൺകുട്ടികൾക്ക് ചെയ്യാവുന്ന ഏറ്റവും വലിയ സഹായമിതാണ്. അവരെ എത്രയും വേഗം കേരളത്തിന് പുറത്ത്, പറ്റിയാൽ ഇന്ത്യക്ക് പുറത്ത് സ്ത്രീകൾക്ക് കൂടുതൽ ബഹുമാനവും സ്വാതന്ത്ര്യവും കിട്ടുന്ന നഗരങ്ങളിൽ പഠിക്കാൻ വിടുക. ആൺകുട്ടികൾ കേരളത്തിൽ ആയാലും കുഴപ്പം ഒന്നുമില്ല, പക്ഷെ പെൺകുട്ടികളുടെ ഭാവി കൂടുതൽ ശോഭനമാകുന്നത് അവർക്ക് കൂടുതൽ സ്വാതന്ത്ര്യം ഉള്ള സ്ഥലങ്ങളിൽ അവരെ പഠിക്കാനും ജീവിക്കാനും അനുവദിക്കുമ്പോൾ ആണ്. പ്രത്യേകിച്ചും ദുബായിൽ ഒക്കെ ഉള്ള മലയാളികൾ അവരുടെ പെൺകുട്ടികളെ പഠിക്കാനായി നാട്ടിൽ വിടുന്നത് അവരുടെ സ്വാതന്ത്ര്യത്തെയും സ്വപ്നങ്ങളെയും നിയന്ത്രിക്കുന്ന ഒന്നാണ്. അത് വേണ്ട.

തൊഴിൽജീവിതത്തിന് നിങ്ങളുടെ പെൺകുട്ടികളെ സജ്ജരാക്കുന്‌പോൾ കേരളത്തിന് പുറത്തോ ഇന്ത്യക്കു പുറത്തോ നിങ്ങളുടെ സാന്പത്തികസ്ഥിതി അനുസരിച്ച് നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കാൻ അവസരം കിട്ടിയാൽ അതിനവരെ അനുവദിക്കുമെന്ന് ചെറുപ്പത്തിലേ വാക്കുകൊടുക്കുക. അവസരം വരുമ്പോൾ അത് ചെയ്യുക. രണ്ടാമത് പെൺകുട്ടികൾ കോളേജിൽ ആയിരിക്കുമ്പോഴോ പഠിച്ചിറങ്ങുമ്പോഴോ അവരെ വിവാഹം ചെയ്തയക്കാൻ ധൃതി കൂട്ടരുത്. അവർ ആവശ്യത്തിന് പഠിക്കട്ടെ, എന്നിട്ട് എന്തെങ്കിലും തൊഴിൽ തേടട്ടെ, കുറച്ചൊക്കെ സ്വന്തമായി യാത്ര ചെയ്യട്ടെ. എന്നിട്ടു മതി വിവാഹം. പെൺകുട്ടികൾക്ക് നിങ്ങൾ ഒരു ജീവിതം നൽകുന്നത് അപ്പോഴാണ് അല്ലാതെ ഏറ്റവും വേഗത്തിൽ വിവാഹം കഴിപ്പിച്ചയക്കുമ്‌ബോൾ അല്ല. പെൺകുട്ടികളുടെ ചക്രവാളങ്ങൾ വിശാലമാകട്ടെ! അതുകൊണ്ട് അവർക്ക് നന്മയേ വരൂ, നിങ്ങൾക്കും, സമൂഹത്തിനും.