ബ്രിട്ടൺ വീണ്ടും ഭീകരാക്രമണത്തിന്റെ പിടിയിൽ. ജൂൺ 8ന് നടക്കുന്ന പൊതു തെരഞ്ഞെടുപ്പിന്റെ പ്രചരണം ചൂടു പിടിക്കുന്ന വേളയിൽ മാഞ്ചസ്റ്ററിൽ നടന്ന ഈ ആക്രമണം രാജ്യത്തെ എല്ലാ അർത്ഥത്തിലും ഞെട്ടിച്ചിരിക്കുന്നു. യുവജനങ്ങളുടെ ഹരമായ അമേരിക്കൻ ഗായിക അരിയാനാഗ്രാൻ ഡെയുടെ സംഗീത പരിപാടിക്ക് ശേഷം കാണികൾ വേദി വിടാൻ ഒരുങ്ങുമ്പോഴാണ് സ്ഫോടനം നടന്നത്. അതുകൊണ്ടു തന്നെ മരിച്ച 22 പേരിലും പരുപക്കേറ്റ അറുപതിലേറെ പേരിലും ഭൂരിഭാഗവും ചെറുപ്പക്കാരാണ്. ട്രെയിൻ ട്രാം സ്റ്റേഷനുകളിലേക്കുള്ള വഴിയിലായിരുന്നു സ്ഫോടനം എന്നതുകൊണ്ട് ഏറ്റവുമധികം മനുഷ്യാപയമുണ്ടാക്കുക എന്നതായിരുന്നു ലക്ഷ്യം എന്ന് അനുമാനിക്കണം.

ഇക്കഴിഞ്ഞ മാർച്ചിൽ പാർലമെന്റ് മന്ദിരമായ വെസ്റ്റ്മിൻസ്റ്റർ പരിസരത്ത് കത്തിയുമായി ഓടിക്കറയറിയ ഖാലീദ് വസൂദ് എന്ന ഭീകരന്റെ ചിത്രം ഇനിയും ബ്രിട്ടീഷ് മനസ്സുകളിൽ നിന്നും മാഞ്ഞു തുടങ്ങിയിട്ടില്ല. ഒരു പൊലീസുകാരൻ ഉൾപ്പെടെ നാലു പേരെ വക വരുത്തിയ അയാൾ അവസാനം പൊലീസിന്റെ തന്നെ വെടിയുണ്ടയ്ക്ക് ഇരയാവുകയായിരുന്നു.

ഇന്ത്യയിൽ നടന്നതു പോലുള്ള പാർലമെന്റ് ആക്രമണത്തിന് സമാനമായ ഈ സംഭവം തെല്ലൊന്നുമല്ല ബ്രിട്ടീഷുകാരെ ഉലച്ചത്. ഒരു കാറും കത്തിയുമായി ആർക്കും കടന്നു കയറി അക്രമം വിതക്കാവുന്ന തരത്തിൽ അരക്ഷിതമാണോ ഭരണ സിരാ കേന്ദ്രമായ പാർലമെന്റ് പോലും എന്ന ചോദ്യം അന്നേ ഉയർന്നിരുന്നു. അതിനു ശേഷം മൂന്നാഴ്ച മുമ്പാണ് കത്തിയുമായി പാർലമെന്റ് പരിസരത്ത് നിന്നും മറ്റൊരാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

വാഹനമിടിച്ചു കയറ്റിയും കത്തി കൊണ്ടുമുള്ള സാങ്കേതിക ജ്ഞാനം വേണ്ടാത്ത ഒറ്റപ്പട്ട തരത്തിലേക്ക് ഭീകരാക്രമണം ചുരുങ്ങിയിരിക്കുന്നു എന്നു കരുതുമ്പോഴാണ് മാഞ്ചസ്റ്റർ ബോംബാക്രമണം. ആക്രമണകാരി ഒറ്റക്കായിരുന്നോ അതോ വലിയ ഒരു ഗൂഢാലോചനയുടെ ഫലമായിരുന്നോ ഇത് എന്നുള്ള ചോദ്യങ്ങൾക്കൊക്കെ ഉത്തരം തേടുന്നതേയുള്ളൂ. 1996 ൽ ഐറിഷ് റിപ്പബ്ലിക്കൻ ആർമി എന്ന 1 കെഎ1500 കി8 സ്ഫോടന വസ്തുക്കൾ നിറച്ച ട്രക്ക് മാഞ്ചസ്റ്ററിന്റെ നഗര ഹൃദയത്തിൽ പൊട്ടിത്തെറിച്ചപ്പോൾ 200 ലധികം പേർക്ക് പരിക്ക് പറ്റി സ്ഫോടനം ഉണ്ടാകുന്നതിന് ഒന്നര മണിക്കൂർ മുമ്പേ മുന്നറിയിപ്പ് ലഭിച്ചതു കൊണ്ട് 75000 പേരെ ഒഴിപ്പിക്കാനും അതുവഴി മരണം ഒഴിവാക്കാനും അധികൃതർക്ക് കഴിഞ്ഞു.

2005 ൽ ലണ്ടനിൽ ട്യൂബ് എന്നറിയപ്പെടുന്ന ഭൂഗർഭ റെയിൽവേയിൽ നടന്നതിനു ശേഷം ഏറ്റവുമധികം പേർക്ക് ജീവഹാനി സംഭവിച്ച ഭീകരാക്രമണമാണ് കഴിഞ്ഞ തിങ്കളാഴ്ച രാത്രി മാഞ്ചസ്റ്ററിൽ നടന്നത്. മാഞ്ചസ്റ്ററിൽ തന്നെ സ്ഥിര താമസമാക്കിയ ഒരു ലിബിയൻ കുടുംബത്തിൽ ജനിച്ച സാൽമൺ അബേദി എന്ന 22 കാരനാണ് ചാവേറാക്രമണം നടത്തിയത് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഒരാൾക്കു മാത്രമായി നല്ല തയ്യാറെടുപ്പുകളോടെ ഇത്ര സൂക്ഷ്മമായി ആസൂത്രണം ചെയ്ത് കൃത്യം നർവ്വഹിക്കാനാവും എന്ന് കരുതാനാവില്ല.

ലോകത്തിലെ ആദ്യത്തെ വ്യാവസായിക നഗരമാണ് മാഞ്ചസ്റ്റർ. 18ാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ആരംഭിച്ച മനുഷ്യ ചരിത്രത്തിന്റെ ഗതി മാറ്റിയ വ്യവസായി വിപ്ലവത്തിന്റെ തുടക്കം ഈ നഗരത്തിലാണ് കൈകൾ ചെയ്യുന്ന ജോലി കൂടുതൽ കൃത്യതതയോടെയും വേഗത്തിലും ചെയ്യുന്ന ചെറു യന്ത്രങ്ങളുടെ വരവ് സാമ്പത്തിക സാമൂഹിക രംഗങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങളാണ് വരുത്തി വച്ചത്. മാഞ്ചസ്റ്റർ എന്ന ചെറിയ ലാങ്കാസ്ട്രിയൻ പ്രദേശത്ത് കേന്ദ്രീകരിച്ചിരുന്ന വസ്തു നിർമ്മാണ മേഖലയിലാണ് ഈ വിപ്ലവം ആദ്യം പ്രതിഫലിച്ചത്. ഫൈളയിങ് ഷട്ടിലും സ്പിന്നിങ് ജെന്നിയും ഒക്കെ മാഞ്ചസ്റ്ററിനെ തലസ്ഥാനമാക്കി മാറ്റിയ ആയിരങ്ങൾക്ക് തൊഴിൽ നൽകുന്ന തുണി മില്ലുകൾ ഉയർന്നു. ബ്രിട്ടന്റെ മറ്റു പ്രദേശങ്ങളിൽ നിന്ന് അനേകം പേർ തുണി മില്ലുകളിൽ തൊഴിലാളികളായി എത്തി ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഇന്ത്യയുൾപ്പെടെ ലോകമെമ്പാടും വ്യാപിച്ചു കിടന്ന കോളനികളിൽ നിന്ന് അസംസ്‌കൃത വസ്തുക്കളായ പഞ്ഞിയും പരുത്തിയും മാഞ്ചസ്റ്ററിലെത്തി. മില്ലുകളിൽ അവയെ നിറപ്പകിട്ടാർന്ന തുണിത്തരങ്ങളാക്കി മാറ്റി കോളനികളിലേക്ക് തന്നെ കയറ്റി അച്ച് ബ്രിട്ടീഷ് സാമ്രാജ്യം വൻ ലാഭം കൊയ്തു. 1830 ൽ ജോർജ് സ്റ്റീഫൻസൺ രൂപം നൽകിയ റോക്കറ്റ് എന്ന തീവണ്ടി ആദ്യമായി ഓടിയത് ലിവർപൂളിൽ നിന്ന് മാഞ്ചസ്റ്ററിലേക്കായിരുന്നു. മാഞ്ചസ്റ്ററിലെ തൊഴിലാളികളുടെ ദയനീയ സ്ഥിതി പഠിച്ചാണ് ഫ്രെഡറിക് എൻഗൽസ് ഇംഗ്ലണ്ടിലെ തൊഴിലാളി വർഗ്ഗത്തിന്റെ അവസ്ഥ എന്ന തന്റെ പ്രസിദ്ധമായ പുസ്തകം രചിച്ചത്. 1845 ൽ കാറൽ മാർക്സ് എംഗൽസിനെ കാണാൻ മാഞ്ചസ്റ്ററിൽ വന്നുവെന്നും പ്രസിദ്ധമായ ചെറ്റ്ഹാംസ് ലൈബ്രറിയിൽ വച്ചാണ് ഇരുവരും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ആദ്യകാല ചർച്ചകൾ നടത്തിയതെന്നും ചരിത്രം.

കാലാന്തരത്തിൽ വ്യവ്യസായ നഗരം എന്ന മാഞ്ചസ്റ്ററിന്റെ പ്രതാപത്തിന് മങ്ങലേറ്റു. പക്ഷേ ഒരു നൂറ്റാണ്ടു കാലത്തിനപ്പുറം മാഞ്ചസ്റ്ററിനെ ലോകത്തിന്റെ വ്യവസായ തലസ്ഥാനമാക്കിയിരുന്ന ചരിത്രവും അതിന്റെ തിരുശേഷിപ്പുകളും മാഞ്ചസ്റ്റർ സയൻസ് ആൻഡ് ഇൻഡസ്ട്രിയിൽ മ്യൂസിയത്തിൽ ദർശിക്കാം. ഇന്ന് ലോക പ്രസിദ്ധമായ ഇംഗ്ലണ്ടിലെ രണ്ടു ഫുട്ബോൾ ക്ലബ്ബുകളുടെ പേരിലും പ്രമുഖ വിദ്യാഭ്യാസ കേന്ദ്രമായും ആണ് മാഞ്ചസ്റ്റർ കൂടുതലും അറിയപ്പെടുന്നത്.

ബ്രിട്ടണിൽ തീവ്രവാദികൾ ഇതുവരെ ലക്ഷ്യമിട്ടിരുന്നത് ലണ്ടനും പരിസര പ്രദേശങ്ങളുമായിരുന്നു. കഴിഞ്ഞ മാർച്ചിൽ പാർലമെന്റ് ആക്രമണം നടത്തിയ ഖാലിദ് മസൂദ് കെന്റിൽ നിന്ന് അതിനായി കാറോടിച്ച് ലണ്ടനിൽ എത്തുകയായിരുന്നു. ഇപ്പോൾ ഇതാ ബ്രിട്ടണിലെ മറ്റു നഗരങ്ങളെയും ഭീകരവാദം ലക്ഷ്യമിട്ടു തുടങ്ങിയിരിക്കുന്നു.

മാഞ്ചസ്റ്റർ പോലൊരു മഹാ നഗരത്തെ ഇത്തരത്തിലുള്ള ഭീരുത്വമാർന്ന ആക്രമണത്തിലൂടെ തോൽപ്പിക്കാനാവില്ല. ബ്രിട്ടണിലിപ്പോൾ വേനൽകാലത്തിന്റെ ആഗമനമറിയിക്കുന്ന വസന്തകാലമാണ്. മാസങ്ങൾ നീണ്ടു നിന്ന തണുപ്പിനെ പ്രതിരോധിക്കുന്ന ആവരണങ്ങൾ ഊരിമാറ്റി കാലാവവസ്ഥ ആസ്വദിക്കുന്ന സമയം ആനന്ദിക്കുന്ന, ആഹ്ലാദിക്കുന്ന മനുഷ്യനോടുള്ള പകയും വെറുപ്പും ഉറഞ്ഞുണ്ടാകുന്നതാണ് തീവ്രവാദിയുടെ മനസ്സ് പരസ്പരം സന്തോഷം പങ്കിടുന്ന ആഘോഷ വേളകൾ ലക്ഷ്യം വയ്ക്കുന്നത് അതുകൊണ്ടാണ് മനുഷ്യന്റെ ക്രയാത്മകതയും കഠിനാദ്ധ്വാനവും പുരോഗമന വാഞ്ചയും കൈകോർത്ത വ്യവസായ വിപ്ലവത്തിന്റെ വെളിച്ചം നമുക്ക് പകർന്നു തന്ന മാഞ്ചസ്റ്ററിന് രോഗഗ്രസ്തമായ ഇത്തരം മനസ്സുകൾക്കു മുന്നിൽ തോൽക്കാനാവില്ല.

(തിരുവനന്തപുരത്ത് ഓൾ ഇന്ത്യാ റേഡിയോ സ്റ്റാഫ് ആയി ജോലി ചെയ്യുന്ന എൻ വാസുദേവ് ഇപ്പോൾ യുകെയിൽ സന്ദർശക വിസയിൽ എത്തിയിട്ടുണ്ട്.)