- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനാധിപത്യത്തിൽ ജനങ്ങളോ കോടതിയോ വലുത്?
ജനാധിപത്യത്തിൽ ജനതയോ കോടതിയോ വലുത്? ആർക്കായിരിക്കണം പരമാധികാരം, ജനതയ്‌ക്കോ കോടതിയ്‌ക്കോ? ഹൈക്കോടതികളിലേയും സുപ്രീം കോടതിയിലേയും ജഡ്ജിമാരുടെ നിയമനത്തിനും സ്ഥലം മാറ്റത്തിനുമുള്ള അധികാരത്തെച്ചൊല്ലി സർക്കാരും സുപ്രീം കോടതിയും ബലപരീക്ഷണത്തിനു മുതിരുമോ? ജനത ആകാംക്ഷയോടെ, തെല്ലെരുൽക്കണ്ഠയോടെ നോക്കിക്കൊണ്ടിരിക്കുന്നൊരു കാര്യമാണ
ജനാധിപത്യത്തിൽ ജനതയോ കോടതിയോ വലുത്? ആർക്കായിരിക്കണം പരമാധികാരം, ജനതയ്‌ക്കോ കോടതിയ്‌ക്കോ? ഹൈക്കോടതികളിലേയും സുപ്രീം കോടതിയിലേയും ജഡ്ജിമാരുടെ നിയമനത്തിനും സ്ഥലം മാറ്റത്തിനുമുള്ള അധികാരത്തെച്ചൊല്ലി സർക്കാരും സുപ്രീം കോടതിയും ബലപരീക്ഷണത്തിനു മുതിരുമോ? ജനത ആകാംക്ഷയോടെ, തെല്ലെരുൽക്കണ്ഠയോടെ നോക്കിക്കൊണ്ടിരിക്കുന്നൊരു കാര്യമാണിത്. സുപ്രീംകോടതിയിലേയും ഹൈക്കോടതികളിലേയും ചീഫ് ജസ്റ്റീസുമാരുൾപ്പെടെയുള്ള ജഡ്ജിമാരുടെ നിയമനവും സ്ഥലം മാറ്റവുമാണ് ഈ ലേഖനവിഷയം. താഴ്ന്ന കോടതികളിലെ ന്യായാധിപന്മാരെ നിയമിക്കുന്നത് അതാതു ഹൈക്കോടതികളും ഗവർണ്ണർമാരും സംസ്ഥാനസർക്കാരുകളുമൊരുമിച്ചാണ്; അത് ഈ ലേഖനവിഷയമല്ല.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി സുപ്രീംകോടതിക്കുണ്ടായിരുന്ന ഒരു പ്രത്യേക അധികാരം നേർപകുതിയായി വെട്ടിക്കുറയ്ക്കുന്ന ഭരണഘടനാഭേദഗതി പാസ്സാക്കിയെടുത്തിരിക്കുകയാണു ജനപ്രതിനിധികൾ. സുപ്രീംകോടതിയുടെ പ്രത്യേകാധികാരം വെട്ടിക്കുറയ്ക്കുന്നതായതുകൊണ്ട് ആ ഭരണഘടനാഭേദഗതിയെ സുപ്രീംകോടതി അപ്രീതിയോടെ വീക്ഷിക്കുകയും, അസാധുവാക്കുകയും ചെയ്യുന്നെങ്കിൽ അതിശയത്തിനു വഴിയില്ല. സ്വന്തം അധികാരം വിട്ടുകൊടുക്കാൻ ആരാണു തയ്യാറാകുക! ഇതേപ്പറ്റിയുള്ള ചില ചിന്തകളാണു താഴെക്കൊടുക്കുന്നത്.
ജനാധിപത്യം നിലവിലിരിക്കുന്ന മിക്ക രാഷ്ട്രങ്ങളിലും ഭരണകർത്താക്കളും പരമോന്നത കോടതികളും തമ്മിൽ വടംവലി നടക്കാറുണ്ട്. മിക്കയിടങ്ങളിലും ഭരണകർത്താക്കളുടെ അധികാരപരിധിക്കു പുറത്ത്, കുറച്ചൊക്കെ സ്വതന്ത്രമായി പ്രവർത്തിക്കാൻ പരമോന്നതകോടതികളെ അനുവദിക്കുന്ന വ്യവസ്ഥിതിയാണുള്ളത്. ഇന്ത്യയിൽ നിലവിലിരിക്കുന്ന വ്യവസ്ഥിതിയും വ്യത്യസ്തമല്ലെന്നു മാത്രമല്ല, ഇവിടുത്തെ കോടതികൾക്കുള്ളിടത്തോളം സ്വാതന്ത്ര്യം ലോകത്തു മറ്റൊരിടത്തുമില്ലെന്നും എഴുതിക്കാണാറുണ്ട്. കോടതികളുടെ സ്വാതന്ത്ര്യത്തിൽ കൈകടത്താൻ ഇവിടുത്തെ സർക്കാരുകൾ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. ആ ശ്രമങ്ങളെ ചെറുക്കാൻ കോടതികൾ മടിച്ചിട്ടുമില്ല. അത്തരമൊരു ബലപരീക്ഷണമാണിപ്പോളുണ്ടാകാനിടയുള്ളത്.
ജനാധിപത്യമെന്നു വച്ചാൽ ജനതയുടെ ആധിപത്യം. നൂറ്റിരുപത്തിരണ്ടുകോടിയോളം വരുന്ന ജനസംഖ്യയിലുൾപ്പെട്ട എൺപത്തിരണ്ടു കോടി സമ്മതിദായകരെയാണു ജനതയെന്ന പദം കൊണ്ടിവിടെ വിവക്ഷിക്കുന്നത്. ജനാധിപത്യഭരണവ്യവസ്ഥിതിയിൽ മൂന്നു വിഭാഗങ്ങൾ മൂന്നു തൂണുകൾ ആണുള്ളത്: നിയമനിർമ്മാണസഭ (പാർലമെന്റ് – ലെജിസ്ലേച്ചർ), ഭരണനിർവ്വഹണത്തിനു ചുമതലപ്പെട്ട സർക്കാർ (എക്‌സിക്യൂട്ടീവ്), പിന്നെ കോടതികളും (നീതിന്യായവിഭാഗം ജുഡീഷ്യറി). ജനങ്ങൾ തെരഞ്ഞെടുത്ത പ്രതിനിധികളുടേതാണു നിയമനിർമ്മാണസഭ. ജനപ്രതിനിധികൾ തെരഞ്ഞെടുത്തവരാണു പ്രധാനമന്ത്രിയും രാഷ്ട്രപതിയും. പ്രധാനമന്ത്രിയും, പ്രധാനമന്ത്രി തെരഞ്ഞെടുത്ത മന്ത്രിമാരും രാഷ്ട്രപതിയും കൂടി ഭരണനിർവ്വഹണം നടത്തുന്നു. ഭരണനിർവ്വഹണം നടത്തുന്ന, ജനപ്രതിനിധികളോ ജനപ്രതിനിധികളുടെ പ്രതിനിധികളോ ആയ ഇവർക്ക് അധികാരം ലഭിച്ചതു ജനതയിൽ നിന്നു തന്നെ.
സർക്കാരിന്റെ ഔപചാരിക ഭരണത്തലവനായ രാഷ്ട്രപതി നിയമിക്കുന്നവരാണു ജഡ്ജിമാർ. ജനങ്ങളിൽ നിന്നു നേരിട്ട് അധികാരം ലഭിച്ചിട്ടില്ലാത്തവരാണു ജഡ്ജിമാർ. ജനതയിൽ നിന്നു നേരിട്ട് അധികാരം ലഭിച്ചവർക്കു ജനാധിപത്യത്തിൽ മുൻതൂക്കമുണ്ടാകണം. അല്ലെങ്കിലതു ജനാധിപത്യമാവില്ല.
തെരഞ്ഞെടുപ്പിലൂടെ ഭൂരിപക്ഷം നേടിയിരിക്കുന്നൊരു രാഷ്ട്രീയപ്പാർട്ടിയുടേയോ മുന്നണിയുടേയോ വരുതിയിൽ നിൽക്കുന്നവരായിരിക്കും പാർലമെന്റും സർക്കാരും. സർക്കാരിന്റെ നേതൃത്വം വഹിക്കുന്നതു പ്രധാനമന്ത്രിയാണെങ്കിലും, രാഷ്ട്രപതിയുടെ പേരിലാണു സർക്കാർ ഭരണനിർവ്വഹണം നടത്തുന്നത്. പ്രധാനമന്ത്രി രാഷ്ട്രത്തിന്റെ പ്രധാനമന്ത്രിയാണെങ്കിലും, അദ്ദേഹം ഏതെങ്കിലുമൊരു രാഷ്ട്രീയപ്പാർട്ടിയിൽ പെട്ടയാളായിരിക്കും. അദ്ദേഹത്തിനു രാഷ്ട്രീയമുണ്ട്. രാഷ്ട്രപതി ഒരു രാഷ്ട്രീയപ്പാർട്ടിയിലും പെടുന്നില്ല; അദ്ദേഹത്തിനു രാഷ്ട്രീയമില്ല.
ഇന്ത്യയിലെ ഏറ്റവും പ്രബലമായ നിയമനിർമ്മാണസഭയാണു പാർലമെന്റ്. പാർലമെന്റിന് ലോക്ൾസഭ, രാജ്യസഭ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളുണ്ടെങ്കിലും, അവ രണ്ടും ജനപ്രതിനിധിസഭകൾ തന്നെ. ലോക്ൾസഭയിൽ ആകെയുള്ള 545 അംഗങ്ങളിൽ 543 പേരും ജനത തെരഞ്ഞെടുത്തവരാണ്. രണ്ടു പേർ മാത്രം രാഷ്ട്രപതി നാമനിർദ്ദേശം ചെയ്തവരും. രാജ്യസഭയിൽ തെരഞ്ഞെടുക്കപ്പെട്ട 235 അംഗങ്ങളും, നാമനിർദ്ദേശം ചെയ്യപ്പെട്ട പത്തുപേരുമാണുള്ളത്. ലോക്ൾസഭയിലെ എല്ലാ അംഗങ്ങൾക്കും സഭയിൽ വോട്ടു ചെയ്യാനവകാശമുണ്ട്. രാജ്യസഭയിൽ നാമനിർദ്ദേശം ചെയ്യപ്പെട്ടവരൊഴികെ, ശേഷിക്കുന്ന എല്ലാ അംഗങ്ങൾക്കും വോട്ടവകാശമുണ്ട്. ഈ രണ്ടു സഭകളുമടങ്ങുന്ന പാർലമെന്റെന്ന ജനപ്രതിനിധിസഭയാണ് ഇന്ത്യയിലൊട്ടാകെ ബാധകമാകുന്ന നിയമങ്ങൾ നിർമ്മിക്കുന്ന പരമോന്നതസഭ.
സ്വാതന്ത്ര്യലബ്ധിയെത്തുടർന്ന് ഭരണഘടന എഴുതിയുണ്ടാക്കിയ വേളയിൽ കോടതികൾക്കു കഴിയുന്നത്ര സ്വാതന്ത്ര്യം നൽകാൻ ഭരണഘടനാനിർമ്മാണസഭ കോൺസ്റ്റിറ്റിയൂവന്റ് അസംബ്ലി ആഗ്രഹിച്ചിരുന്നു. എങ്കിലും, സുപ്രീംകോടതിയിലേയോ ഹൈക്കോടതികളിലേയോ ജഡ്ജിമാരെ നിയമിക്കുന്നതിനു മുമ്പു രാഷ്ട്രപതി സുപ്രീംകോടതി ചീഫ് ജസ്റ്റീസിന്റേയും ബന്ധപ്പെട്ട ഹൈക്കോടതി ചീഫ് ജസ്റ്റീസിന്റേയും സമ്മതം വാങ്ങിയിരിക്കണമെന്ന വ്യവസ്ഥ ഭരണഘടനയിലുൾപ്പെടുത്തണമെന്നു നിർദ്ദേശിക്കപ്പെട്ടപ്പോൾ എതിർപ്പുയർന്നിരുന്നു. കോടതിക്ക് അമിതസ്വാതന്ത്ര്യം നൽകേണ്ടതില്ല എന്ന കാഴ്ചപ്പാടിനു മുൻതൂക്കം ലഭിച്ചു. ഒടുവിൽ, സമ്മതം വാങ്ങണമെന്ന വ്യവസ്ഥയ്ക്കു പകരം അഭിപ്രായം ആരാഞ്ഞാൽ മതി എന്ന നിർദ്ദേശം സ്വീകരിക്കപ്പെട്ടു. ജഡ്ജിമാരുടെ നിയമനങ്ങൾ രാജ്യസഭ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ പാസ്സാക്കണമെന്ന നിർദ്ദേശം അതിനിടയിൽ പൊന്തിവന്നെങ്കിലും, ജനപ്രതിനിധികൾക്കു കോടതികളിന്മേൽ അമിതസ്വാധീനമുണ്ടാകാതിരിക്കാൻ വേണ്ടി ആ നിർദ്ദേശം സ്വീകരിക്കപ്പെട്ടില്ല.
ചീഫ് ജസ്റ്റീസിന്റേയും ജഡ്ജിമാരുടേയും സേവനവേതനവ്യവസ്ഥകൾ തീരുമാനിക്കുന്നതു ജനപ്രതിനിധികളാണ്: പാർലമെന്റ്. പാർലമെന്റു നിശ്ചയിക്കുന്ന ശമ്പളം ചീഫ് ജസ്റ്റീസിനും ജഡ്ജിമാർക്കും നൽകുന്നതു ഭരണനിർവ്വഹണം നടത്തുന്ന സർക്കാരും. ഇതിനൊക്കെപ്പുറമെ, ചീഫ് ജസ്റ്റീസിനെപ്പോലും നീക്കം ചെയ്യാനുള്ള ശക്തിയും ജനപ്രതിനിധിസഭകൾക്കുണ്ട്; ലോക്ൾസഭയും രാജ്യസഭയും മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ പ്രമേയം പാസ്സാക്കണമെന്നേയുള്ളു. ചീഫ് ജസ്റ്റീസിന്റെ നിയമനത്തിൽ പരോക്ഷമായും, വേതനവ്യവസ്ഥകളിൽ നേരിട്ടും പങ്കുള്ള, ചീഫ് ജസ്റ്റീസിനെ നീക്കം ചെയ്യാൻ പ്രാപ്തിയുള്ള ജനപ്രതിനിധിസഭയ്ക്ക് അസ്തിത്വം നൽകുന്നതു ജനതയായതുകൊണ്ട്, ജനാധിപത്യത്തിൽ ജനതയ്ക്കു തന്നെ പരമാധികാരം.
ജനാധിപത്യം നിലവിലിരിക്കുന്ന രാജ്യത്തു ജനപ്രതിനിധിസഭയ്ക്കു മാത്രമേ നിയമനിർമ്മാണാധികാരമുണ്ടാകാവൂ. എന്നാലിവിടെ, സുപ്രീംകോടതിക്കും നിയമനിർമ്മാണത്തിനുള്ള അധികാരമുണ്ട്. സുപ്രീം കോടതിയിലെ ജഡ്ജിമാർ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്നവരല്ല, രാഷ്ട്രപതിയാൽ നിയമിക്കപ്പെടുന്നവരാണ്. എന്നിരുന്നാലും, സുപ്രീംകോടതി വിധികൾ ഇന്ത്യയിലെ എല്ലാ കോടതികൾക്കും ബാധകമാണെന്നു ഭരണഘടനയിലെ നൂറ്റിനാല്പത്തൊന്നാം വകുപ്പിൽ നിഷ്‌കർഷിച്ചിട്ടുണ്ട്. അവ ജനപ്രതിനിധിസഭ പാസ്സാക്കിയ നിയമങ്ങൾക്കു തുല്യവുമാണ്. സുപ്രീംകോടതിയുടെ വിധിപ്രസ്താവങ്ങളിലൂടെയുണ്ടാകുന്ന ഇത്തരം നിയമങ്ങൾക്ക് ജനപ്രതിനിധിസഭയുടേയോ രാഷ്ട്രപതിയുടേയോ അംഗീകാരമാവശ്യമില്ല.
സുപ്രീം കോടതിയിൽ ചീഫ് ജസ്റ്റീസുൾപ്പെടെ ആകെ 31 ജഡ്ജിമാരാണുള്ളത്. ഒരു കേസിൽ വിധി പറയുന്നത് ഒരു ജഡ്ജി മാത്രമുള്ള സിംഗിൾ ബെഞ്ചാകാം, ഒന്നിലേറെപ്പേരുള്ള ബെഞ്ചുമാകാം. ഇതുവരെ വിധി പ്രസ്താവിച്ച ബെഞ്ചുകളിൽ ഏറ്റവും വലുതിൽ പതിമ്മൂന്നു ജഡ്ജിമാരാണുണ്ടായിരുന്നത്. ഭരണഘടനയെ സംബന്ധിച്ച കേസുകൾ കേൾക്കുന്ന ഭരണഘടനാബെഞ്ചിൽ അഞ്ചോ അതിലധികമോ ജഡ്ജിമാരുണ്ടാകാറുണ്ട്. വിധി പ്രസ്താവിക്കുന്ന ബെഞ്ചിലുള്ള ജഡ്ജിമാരുടെ എണ്ണം എത്രയാണെങ്കിലും, ആ വിധി നിയമമായിത്തീരുന്നു. ഒരിക്കൽ പ്രസ്താവിച്ച വിധി തിരുത്തിക്കൊണ്ടുള്ള പുതിയ വിധി പ്രസ്താവിക്കാനുള്ള അധികാരവും സുപ്രീം കോടതിക്കുണ്ട്.
ഇനിപ്പറയാൻ പോകുന്ന അധികാരമാണു കൂടുതൽ ശ്രദ്ധയർഹിക്കുന്നത്: ഒരു നിയമം ഭരണഘടനയ്‌ക്കെതിരാണെന്നു കാണുന്ന പക്ഷം, സുപ്രീം കോടതിക്ക് അത് അസാധുവാക്കാം. ഭരണഘടനയിൽ ഭേദഗതി വരുത്താൻ പാർലമെന്റിനു പരിപൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്നു ഭരണഘടനയുടെ മുന്നൂറ്ററുപത്തെട്ടാം വകുപ്പിൽ വ്യക്തമായിപ്പറഞ്ഞിട്ടുണ്ട്. അതിനുള്ള നടപടിക്രമവും അതിൽ വിവരിച്ചിട്ടുണ്ട്. കാതലായ മാറ്റമാണു വരുത്തുന്നതെങ്കിൽ പാർലമെന്റിന്റെ ഇരുസഭകളിലും മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ അതു സംബന്ധിച്ച പ്രമേയം പാസ്സാക്കിയിരിക്കണം. തുടർന്ന്, പകുതിയിലേറെ സംസ്ഥാനങ്ങളും ആ ഭേദഗതിയെ പിന്തുണയ്ക്കുന്ന പ്രമേയം പാസ്സാക്കിയിരിക്കണം. അതിനെത്തുടർന്നു രാഷ്ട്രപതിയുടെ അംഗീകാരവും നേടിയിരിക്കണം. ഈ കടമ്പകളെല്ലാം കടന്ന്, പ്രാബല്യത്തിൽ വന്നു കഴിഞ്ഞ ഒരു ഭരണഘടനാഭേദഗതിനിയമം ഭരണഘടനയ്‌ക്കെതിരെന്നു കണ്ടാൽ ആ നിയമം അസാധുവാക്കാൻ സുപ്രീംകോടതി ജഡ്ജിമാരുടെ അഞ്ചുപേരിൽക്കുറയാത്ത ബെഞ്ചിന്റെ തീരുമാനം മാത്രം മതി.
ഭരണഘടനയുടെ നൂറ്റിരുപത്തിനാലാം വകുപ്പനുസരിച്ച്, സുപ്രീം കോടതിയിലേയും ഹൈക്കോടതികളിലേയും ജഡ്ജിമാരെ നിയമിയ്‌ക്കേണ്ടതു രാഷ്ട്രപതിയാണെന്നു മുമ്പു പറഞ്ഞുവല്ലോ. സുപ്രീം കോടതി ചീഫ് ജസ്റ്റീസൊഴികെയുള്ള ജഡ്ജിമാരെ നിയമിക്കും മുമ്പു സുപ്രീംകോടതി ചീഫ് ജസ്റ്റീസിന്റെ അഭിപ്രായം രാഷ്ട്രപതി ആരാഞ്ഞിരിക്കണമെന്നു ഭരണഘടന നിഷ്‌കർഷിക്കുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റീസിന്റേതിനു പുറമെ, മറ്റു ജഡ്ജിമാരുടെ അഭിപ്രായവും രാഷ്ട്രപതിക്കു വേണമെന്നു തോന്നുന്നെങ്കിൽ ആരായാം. സുപ്രീംകോടതി ചീഫ് ജസ്റ്റീസിന്റെ നിയമനക്കാര്യത്തിൽ മാത്രം ഈ നിബന്ധന ബാധകമല്ല. ഇക്കാര്യങ്ങൾ ഭരണഘടനയിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളവയാണ്.
പ്രധാനമന്ത്രിയുടെ ഉപദേശമനുസരിച്ചാണു രാഷ്ട്രപതി പൊതുവിൽ പ്രവർത്തിക്കാറ്. പ്രധാനമന്ത്രിയുടെ ഉപദേശം രാഷ്ട്രപതി അനുസരിക്കുകയും വേണം. എന്നാൽ, ജഡ്ജിമാരുടെ നിയമനക്കാര്യത്തിൽ പ്രധാനമന്ത്രി ഉപദേശം നൽകണമെന്നോ, പ്രധാനമന്ത്രി ഉപദേശം നൽകിയാലതു രാഷ്ട്രപതി അനുസരിക്കണമെന്നോ ഭരണഘടനയിലില്ല. ജഡ്ജിമാരുടെ മാത്രമല്ല, സുപ്രീംകോടതി ചീഫ് ജസ്റ്റീസിന്റെ നിയമനക്കാര്യത്തിൽപ്പോലും രാഷ്ട്രപതി പ്രധാനമന്ത്രിയുടെ ഉപദേശം തേടണമെന്നു ഭരണഘടനയിൽ പറയുന്നില്ല. ജഡ്ജിമാരുടെ നിയമനക്കാര്യത്തിൽ രാഷ്ട്രീയവും ഭരണകർത്താക്കളും സ്വാധീനം ചെലുത്താതിരിക്കാനായിരിക്കണമത്. കോടതികൾ രാഷ്ട്രീയേതരവും നിഷ്പക്ഷവുമായിരിക്കണം.
ജഡ്ജിമാരുടെ നിയമനക്കാര്യത്തിൽ രാഷ്ട്രപതി സുപ്രീംകോടതി ചീഫ് ജസ്റ്റീസിന്റെ അഭിപ്രായം ആരായണമെന്നു ഭരണഘടന നിഷ്‌കർഷിക്കുന്നുണ്ടെങ്കിലും, പുതിയ ചീഫ് ജസ്റ്റീസിനെ നിയമിക്കുമ്പോൾ നിലവിലുള്ള ചീഫ് ജസ്റ്റീസിന്റെ അഭിപ്രായം ആരായണമെന്നു ഭരണഘടന നിഷ്‌കർഷിക്കുന്നില്ല. രാഷ്ട്രപതി ആരുടെയെങ്കിലും ഉപദേശമില്ലാതെ ചീഫ് ജസ്റ്റീസിന്റെ നിയമനം നടത്തുമെന്നു തോന്നുന്നില്ല. ചീഫ് ജസ്റ്റീസിന്റെ നിയമനക്കാര്യത്തിൽ രാഷ്ട്രപതി പ്രധാനമന്ത്രിയുടെ ഉപദേശം തേടാറുണ്ടായിരുന്നു കാണണം. മുമ്പു നിലവിലിരുന്നിരുന്ന ചില സർക്കാരുകൾ സുപ്രീം കോടതി ചീഫ്ജസ്റ്റീസിന്റെ നിയമനക്കാര്യത്തിൽ നേരിട്ടിടപെട്ട കാര്യം ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുമുണ്ട്.
ജഡ്ജിമാരുടെ നിയമനക്കാര്യത്തിൽ രാഷ്ട്രപതി സുപ്രീംകോടതി ചീഫ് ജസ്റ്റീസിന്റെ അഭിപ്രായമാരായണമെന്നു ഭരണഘടനയിലുള്ള നിഷ്‌കർഷയെപ്പറ്റി മുമ്പുയർന്നുകൊണ്ടിരുന്ന കാതലായൊരു ചോദ്യം, അഭിപ്രായമെന്നാൽ സമ്മതമാണോ എന്നതായിരുന്നു. അഭിപ്രായവും സമ്മതവും ഒന്നല്ല. അഭിപ്രായം സ്വീകരിക്കപ്പെടുകയും തിരസ്‌കരിക്കപ്പെടുകയുമാവാം. സമ്മതമാകട്ടെ, സ്വീകരിക്കപ്പെടുക തന്നെ വേണം. കോടതികളുടെ മേൽ സർക്കാർ അമിതസ്വാധീനം ചെലുത്തുന്നുവെന്ന പരാതി കോടതികൾക്കിടയിൽ ശക്തിപ്പെട്ടതുകൊണ്ട് 1974ൽ സുപ്രീം കോടതി ഒരു വിധിപ്രസ്താവം നടത്തിയിരുന്നു. അതനുസരിച്ച്, സുപ്രീം കോടതി ചീഫ് ജസ്റ്റീസിന്റെ അംഗീകാരം എല്ലാ നിയമനങ്ങൾക്കും നിർബന്ധമായി.
ഇതിനു നേർവിപരീതമായൊരു വിധി 1981ലുണ്ടായി. അഭിപ്രായമെന്നാൽ അഭിപ്രായം മാത്രമാണെന്നും, അതു സമ്മതമല്ലെന്നും അതിൽ വിശദീകരിക്കപ്പെട്ടു. സുപ്രീംകോടതി ചീഫ് ജസ്റ്റീസിന്റെ അഭിപ്രായം സർക്കാരിനു തിരസ്‌കരിക്കാവുന്നതാണെന്നും ആ വിധിപ്രസ്താവത്തിൽ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ജഡ്ജിമാരുടെ നിയമനക്കാര്യത്തിൽ സർക്കാരിന് 1974നു മുമ്പുണ്ടായിരുന്ന മേൽക്കോയ്മ 1981ലെ വിധി പുനഃസ്ഥാപിച്ചു.
ഒമ്പതു വർഷം കഴിഞ്ഞപ്പോൾ, 1990ൽ, ജഡ്ജിമാരുടെ നിയമനത്തിനായൊരു നാഷണൽ ജുഡീഷ്യൽ കമ്മീഷൻ രൂപീകരിക്കണമെന്നു നിർദ്ദേശിക്കുന്ന അറുപത്തേഴാമതു ഭരണഘടനാഭേദഗതി ബില്ല് പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ടു. അവതരിപ്പിക്കപ്പെട്ടുവെന്നല്ലാതെ, അതിന്മേൽ കൂടുതൽ നടപടികളൊന്നുമുണ്ടായില്ല.
സർക്കാരിന്റെ മേൽക്കോയ്മയ്ക്കു പ്രതികൂലമായൊരു വിധി വീണ്ടുമുണ്ടായി. ജഡ്ജിമാരുടെ നിയമനക്കാര്യത്തിൽ സുപ്രീം കോടതി ചീഫ് ജസ്റ്റീസും അദ്ദേഹത്തിന്റെ നേരേ താഴെയുള്ള രണ്ടു ജഡ്ജിമാരും ചേർന്നു നൽകുന്ന അഭിപ്രായം രാഷ്ട്രപതി സ്വീകരിക്കുക തന്നെ വേണം എന്നായിരുന്നു 1993ൽ പുറപ്പെടുവിക്കപ്പെട്ട ആ വിധി. സുപ്രീം കോടതിയുടെ മേൽക്കോയ്മ ഉറപ്പാക്കുന്നതായിരുന്നു ആ വിധി. ആ വിധിക്കു ഭരണഘടനയുടെ പിൻബലമുണ്ടായിരുന്നില്ല.
കോൺഗ്രസ്സു മുന്നണിയാണ് അന്നു ഭരിച്ചിരുന്നത്; നരസിംഹറാവു പ്രധാനമന്ത്രിയും. അയോദ്ധ്യയിലെ ബാബ്‌റി മസ്ജിദ് പൊളിക്കുന്ന വിവരമറിഞ്ഞിട്ടും നിഷ്‌ക്രിയനായിരുന്ന പ്രധാനമന്ത്രിയായിരുന്നു, നരസിംഹറാവു. സുപ്രീം കോടതിയുടെ തീരുമാനമറിഞ്ഞപ്പോഴും അദ്ദേഹം എതിർപ്പൊന്നും പ്രകടിപ്പിച്ചില്ല. രാഷ്ട്രപതി ശങ്കർദയാൽ ശർമ്മ പരാതിയൊന്നും പറയാതെ തന്നെ സുപ്രീംകോടതി വിധിയനുസരിച്ചു. ജഡ്ജിമാരുടെ നിയമനം സുപ്രീംകോടതി തീരുമാനിക്കുന്ന പതിവ് അങ്ങനെ നിലവിൽ വന്നു. സുപ്രീംകോടതിയുടെ തീരുമാനം അതേപടി നടപ്പാക്കിയ രാഷ്ട്രപതി ഇക്കാര്യത്തിൽ ശരിക്കുമൊരു റബർ സ്റ്റാമ്പായി. സർക്കാരിനും ജനപ്രതിനിധിസഭകൾക്കും ജഡ്ജിമാരുടെ നിയമനത്തിൽ പ്രത്യക്ഷമോ പരോക്ഷമോ ആയ യാതൊരു പങ്കുമില്ലാതായി.
അധികം താമസിയാതെ അപസ്വരങ്ങളുയർന്നു. ചീഫ് ജസ്റ്റീസ് രാഷ്ട്രപതിക്കു കൊടുക്കുന്ന ലിസ്റ്റിനു മറ്റു രണ്ടു ജഡ്ജിമാരുടെ അംഗീകാരമുണ്ടോ എന്ന സംശയമുയർന്നു. ചിലപ്പോൾ ജഡ്ജിമാരുടെ അഭിപ്രായമാരായുകപോലും ചെയ്യാതെ ചീഫ് ജസ്റ്റീസ് സ്വാഭീഷ്ടപ്രകാരം രാഷ്ട്രപതിക്കു ലിസ്റ്റു നൽകിയെന്നും ആരോപണമുണ്ടായി. 1993ലെ കോടതിവിധിയനുസരിച്ച്, ചീഫ് ജസ്റ്റീസിന്റേതിനു പുറമെ മറ്റു രണ്ടു ജഡ്ജിമാരുടെ അഭിപ്രായങ്ങൾ കൂടി രാഷ്ട്രപതി പരിഗണിയ്‌ക്കേണ്ടതുണ്ട്. ചീഫ് ജസ്റ്റീസു രാഷ്ട്രപതിയുടെ മുന്നിൽ വയ്ക്കുന്ന അഭിപ്രായം മറ്റു രണ്ടു ജഡ്ജിമാരുടേതു കൂടിയാണ് എന്നുറപ്പുവരുത്താൻ രാഷ്ട്രപതിക്കു മാർഗ്ഗമൊന്നുമുണ്ടായിരുന്നില്ല.
ആശയക്കുഴപ്പങ്ങളുടേതായ അഞ്ചു വർഷം പിന്നിട്ടപ്പോൾ, ശങ്കർദയാൽ ശർമ്മയുടെ പിൻഗാമിയായി കെ ആർ നാരായണൻ വന്നു. എന്തിനും ചിട്ട വേണമെന്ന നിർബന്ധമുള്ളയാളായിരുന്നു കെ ആർ നാരായണൻ. ചീഫ് ജസ്റ്റീസു നൽകുന്ന അഭിപ്രായം മാത്രം വാങ്ങിയാൽ മതിയോ, മറ്റു രണ്ടു ജഡ്ജിമാരുടെ അഭിപ്രായം പ്രത്യേകം വാങ്ങേണ്ടതുണ്ടോ എന്ന വിശദീകരണം അദ്ദേഹം സുപ്രീം കോടതിയിൽ നിന്നാവശ്യപ്പെട്ടു. ഭരണഘടനയുടെ നൂറ്റിനാല്പത്തിമൂന്നാം വകുപ്പനുസരിച്ച് രാഷ്ട്രപതിക്കു സുപ്രീംകോടതിയുടെ വിശദീകരണമാവശ്യപ്പെടാം: ഇതു 'പ്രെസിഡെൻഷ്യൽ റെഫറൻസ്' എന്നറിയപ്പെടുന്നു. 1998ലായിരുന്നു, ഇത്.
എസ് പി ഭറൂച്ചയായിരുന്നു, അന്നത്തെ ചീഫ് ജസ്റ്റീസ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഒമ്പതു ജഡ്ജിമാരടങ്ങുന്ന ഭരണഘടനാബെഞ്ച് രാഷ്ട്രപതിയാവശ്യപ്പെട്ട വിശദീകരണവും അതിലേറെയും നൽകി. നാലു ജഡ്ജിമാർ വിയോജിച്ച ആ വിധിയിൽ ഒരുകൂട്ടം മാർഗ്ഗനിർദ്ദേശങ്ങളുമുണ്ടായിരുന്നു. അവയിലൊന്നായിരുന്നു, കൊളീജിയം എന്ന പേരിലറിയപ്പെടുന്ന സമിതിയുടെ സൃഷ്ടി. ചീഫ് ജസ്റ്റീസുൾപ്പെടെയുള്ള, ഏറ്റവും മുതിർന്ന, അഞ്ചു സുപ്രീംകോടതി ജഡ്ജിമാരായിരുന്നു കൊളീജിയത്തിലെ അംഗങ്ങൾ.
ജഡ്ജിമാരുടെ നിയമനക്കാര്യങ്ങളിൽ ചീഫ് ജസ്റ്റീസെന്ന വ്യക്തിയുടെ മാത്രം അഭിപ്രായം ഭരണഘടനയനുസരിച്ചു മതിയായ അഭിപ്രായമാവില്ല, പകരം, കൊളീജിയത്തിന്റെ ഒന്നാകെയുള്ള അഭിപ്രായം വേണം രാഷ്ട്രപതി മാനിക്കാൻ എന്നു കോടതി വിധിച്ചു. കൊളീജിയത്തിലെ എല്ലാ അംഗങ്ങളും തങ്ങളുടെ അഭിപ്രായങ്ങൾ രാഷ്ട്രപതിക്ക് എഴുതിക്കൊടുക്കണമെന്നതായിരുന്നു, മാർഗ്ഗനിർദ്ദേശങ്ങളിലൊന്ന്. ഇവ കോടതിക്കകത്തു പാലിയ്‌ക്കേണ്ട നിർദ്ദേശങ്ങളായിരുന്നെങ്കിൽ, രാഷ്ട്രപതി പാലിയ്‌ക്കേണ്ട ഒരു നിർദ്ദേശം കൂടി ആ വിധിയിലുൾപ്പെട്ടിരുന്നു. കൊളീജിയത്തിന്റെ തീരുമാനങ്ങൾ മാറ്റം കൂടാതെ രാഷ്ട്രപതി നടപ്പിൽ വരുത്തണം എന്നതായിരുന്നു, അത്. ഭരണത്തലവനും സർവ്വസൈന്യാധിപനുമായ രാഷ്ട്രപതിക്ക് ഉപദേശം നൽകുന്നതു മനസ്സിലാക്കാം, പക്ഷേ, അദ്ദേഹത്തിനു നിർദ്ദേശം നൽകുന്നതൊരു വൈരുദ്ധ്യമാണ്. ജഡ്ജിമാരുടേതിനു മാത്രമല്ല, ചീഫ്ജസ്റ്റീസിന്റെ നിയമനത്തിനും ഈ മാർഗ്ഗനിർദ്ദേശങ്ങൾ ബാധകമായിരുന്നു.
ചീഫ്ജസ്റ്റീസുൾപ്പെടെയുള്ള ജഡ്ജിമാരുടെ നിയമനക്കാര്യത്തിൽ സുപ്രീംകോടതിയുടെ മേൽക്കോയ്മ ഈ വിധിയോടെ പരിപൂർണ്ണമായി.
അധികം താമസിയാതെ കൊളീജിയത്തെപ്പറ്റി പല പരാതികളുമുയർന്നു. ഭരണഘടനയിലില്ലാത്ത ഒന്നാണു കൊളീജിയം. സുപ്രീംകോടതിക്കു മേൽക്കോയ്മ നേടാൻ വേണ്ടി ഏതാനും ജഡ്ജിമാർ ചേർന്നുണ്ടാക്കിയ ഒരു സംവിധാനം. ഭരണഘടന നൽകിയിട്ടില്ലാത്ത അധികാരം സ്വായത്തമാക്കാൻ സുപ്രീംകോടതിജഡ്ജിമാർ സ്വീകരിച്ച മാർഗ്ഗം. മിക്ക ജനാധിപത്യരാജ്യങ്ങളിലും സർക്കാരാണ്, അതായത് എക്‌സിക്യൂട്ടീവാണ്, ജഡ്ജിമാരുടെ നിയമനം നടത്തുന്നത്. ഇവിടെയാകട്ടെ, ഫലത്തിൽ ജഡ്ജിമാർ തന്നെ ജഡ്ജിമാരെ നിയമിക്കുന്നു. ജഡ്ജിമാർ തന്നെ ജഡ്ജിമാരെ നിയമിക്കുന്ന ലോകത്തെ ഏക രാജ്യം ഇന്ത്യയാണ്. ഇന്ത്യയിൽ കോടതികൾക്കു കിട്ടിയിരിക്കുന്ന സ്വാതന്ത്ര്യം അതിരു കവിഞ്ഞതാണ്. ജഡ്ജിമാരെ നിയമിക്കാൻ ജഡ്ജിമാർക്കുള്ള സ്വാതന്ത്ര്യം ഇത്രത്തോളം ഏകപക്ഷീയമാകരുത്. ജഡ്ജിമാരുടെ ശമ്പളവും സേവനവ്യവസ്ഥകളുമെല്ലാം തീരുമാനിക്കുന്നതു പാർലമെന്റാണ്. ശമ്പളം നൽകുന്നതു സർക്കാരുമാണ്. എന്നിട്ടും അവരുടെ നിയമനത്തിൽ പാർലമെന്റിനോ സർക്കാരിനോ യാതൊരു പങ്കുമില്ലാത്തതു ശരിയല്ല. ഇങ്ങനെ പോയി, പരാതികൾ.
കൊളീജിയത്തിനകത്തുള്ള നടപടിക്രമങ്ങൾ സുതാര്യമായിരുന്നുമില്ല. ഇന്ത്യയിലെ ഏറ്റവും വലിയ രഹസ്യങ്ങളാണു കൊളീജിയത്തിനകത്തെ കാര്യങ്ങളെന്ന് ആക്ഷേപിക്കപ്പെട്ടു. നിയമനത്തിനായി തെരഞ്ഞെടുക്കപ്പെട്ടവരുടെ അർഹത കൊളീജിയം രാഷ്ട്രപതിക്കു വിശദീകരിച്ചുകൊടുത്തിരുന്നെങ്കിലും, തിരസ്‌കരിക്കപ്പെട്ടവർ ആരൊക്കെയെന്നും, തിരസ്‌കരണത്തിനുള്ള കാരണമെന്തെന്നും കൊളീജിയം രാഷ്ട്രപതിയെ അറിയിച്ചിരുന്നില്ല. തെരഞ്ഞെടുക്കപ്പെട്ട പലരേയുംകാൾ യോഗ്യരായ പലരും തെരഞ്ഞെടുക്കപ്പെടാതെ പോയി. തെരഞ്ഞെടുക്കപ്പെടുന്നതിനുള്ള മാനദണ്ഡം സീനിയോറിറ്റി മാത്രമായി. കാര്യനിർവ്വഹണശേഷിയും ചുമതലാബോധവും കുറഞ്ഞവർ പോലും സീനിയോറിറ്റിയുടെ പിൻബലത്തിൽ ഉദ്യോഗക്കയറ്റം നേടി.
കൊളീജിയത്തിന്റെ നിയമനപ്രവർത്തനം മന്ദഗതിയിലായിരുന്നു. അതുമൂലം ജഡ്ജിമാരുടെ നിയമനവും മന്ദഗതിയിലായി. നിരവധി ഒഴിവുകൾ നികത്തപ്പെടാതെ കിടന്നു. 2013ൽ 3650 ജഡ്ജിമാരുടെ ഒഴിവുകൾ നികത്തപ്പെടാതെ കിടന്നിരുന്നു. ഇത് ആകെയുണ്ടാകേണ്ടിയിരുന്ന 17945 ജഡ്ജിമാരുടെ ഇരുപതു ശതമാനത്തിലേറെയായിരുന്നു. ഹൈക്കോടതികളിൽപ്പോലും 282 ഒഴിവുകൾ നികത്തപ്പെടാതെ കിടന്നു. ഇത് ആകെയുണ്ടാകേണ്ട അംഗസംഖ്യയുടെ മുപ്പതുശതമാനത്തിലേറെയായിരുന്നു. കഴിഞ്ഞ ആഗസ്റ്റിലിത് 266 ആയിരുന്നു.
സുപ്രീം കോടതിയിൽ 61300 കേസുകൾ ഇക്കഴിഞ്ഞ മാർച്ചുമാസത്തിൽ കെട്ടിക്കിടന്നിരുന്നെന്നു സുപ്രീം കോടതിയുടെ തന്നെ വെബ്‌സൈറ്റു കാണിക്കുന്നു. ഒരു ദശാബ്ദത്തിലേറെ പഴക്കമുള്ള കേസുകളും ധാരാളമുണ്ടെന്നു പത്രവാർത്ത. നാല്പത്തിനാലര ലക്ഷം കേസുകളാണ് ഇന്ത്യയിലെ 24 ഹൈക്കോടതികളിലായി കഴിഞ്ഞ ഡിസംബറിലുണ്ടായിരുന്നത്. 2013ൽ നടന്ന കണക്കെടുപ്പിൽ ആകെ 3.32 കോടി കേസുകൾ ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടപ്പുള്ളതായും കണ്ടെത്തിയിരുന്നു. 'ജസ്റ്റിസ് ഡിലെയ്ഡ് ഈസ് ജസ്റ്റിസ് ഡിനൈഡ്'. നീതിവിളംബം നീതിനിരാസം തന്നെ. ഈ കാലതാമസം ജനതയിൽ മടുപ്പുളവാക്കിയിരിക്കണം. കാത്തിരുന്നു മടുത്ത ചിലരെങ്കിലും നീതിക്കായി നിയമാനുസൃതമല്ലാത്ത മാർഗ്ഗങ്ങൾ സ്വീകരിച്ചുപോയിട്ടുണ്ടെങ്കിൽ അതിലതിശയിക്കാനില്ല.
ഒരു ദശലക്ഷം ജനതയ്ക്ക് പതിന്നാലു ജഡ്ജിമാർ: ഇതാണിപ്പോളിവിടുത്തെ അനുപാതം. ലോകത്തെ ഏറ്റവും താഴ്ന്ന അനുപാതമാണിത് എന്നാണു പത്രവാർത്ത. അമേരിക്കയിലെ അനുപാതം നൂറ്റിനാലാണത്രെ. ബംഗ്ലാദേശിന്റേതു പോലും നമ്മുടേതിനോളമുണ്ട്. ഇന്ത്യയിലെ അനുപാതം പതിന്നാലിനു പകരം അമ്പതാക്കി ഉയർത്തണമെന്ന് ഒരു ദശാബ്ദത്തിനു മുമ്പു തന്നെ സർക്കാർ തീരുമാനിച്ചുകഴിഞ്ഞിരുന്നതാണ്. ആയിരത്തിലേറെ ഫാസ്റ്റ് ട്രാക്ക് കോടതികൾ സർക്കാർ സ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ട്. എങ്കിലും ആകെ കേസുകളുടെ എണ്ണം ഭീമമായിത്തന്നെ തുടരുന്നു.
വിശ്വാസത്തിന്റെ കാര്യമെടുക്കാം. രാഷ്ട്രീയനേതാക്കളിലോ ജഡ്ജിമാരിലോ കൂടുതൽ വിശ്വാസം എന്നു ചോദിച്ചാൽ ജഡ്ജിമാരിൽ എന്നായിരിക്കും സാമാന്യജനത്തിന്റെ മറുപടി. രാഷ്ട്രീയനേതാക്കളിൽ ജനത്തിനു പൊതുവിൽ വിശ്വാസക്കുറവുണ്ട്. അത്രയധികം ആരോപണങ്ങൾ രാഷ്ട്രീയനേതാക്കൾക്കെതിരെ ഉയർന്നിട്ടുണ്ട്. 'എവരി നേഷൻ ഗെറ്റ്‌സ് ദ ഗവണ്മെന്റ് ഇറ്റ് ഡിസെർവ്‌സ്' എന്നൊരു ചൊല്ലുണ്ട്. ജനത അർഹിക്കുന്ന സർക്കാരിനെ മാത്രമേ ജനതയ്ക്കു കിട്ടുകയുള്ളു എന്നർത്ഥം. ഈ ആപ്തവാക്യം രാഷ്ട്രീയനേതാക്കളുടെ കാര്യത്തിൽ മാത്രമല്ല, ജഡ്ജിമാരുടെ കാര്യത്തിലും ശരിതന്നെയാകാമെന്നു സൂചിപ്പിക്കുന്ന, നീതിന്യായവ്യവസ്ഥയിൽ ജനങ്ങൾക്കുണ്ടായിരുന്ന വിശ്വാസത്തിൽ ഇടിവു വരുത്തുന്ന, പല സംഭവങ്ങളുമുണ്ടായി. ഇന്ത്യയിലെ അഞ്ചു ജഡ്ജിമാരിലൊരാൾ വീതം അഴിമതിക്കാരനാണെന്നു ചീഫ് ജസ്റ്റീസായിരുന്ന എസ് പി ഭറൂച്ച ഒരിക്കൽ പ്രസ്താവിച്ചിരുന്നു. ജസ്റ്റീസ് കപാഡിയ ചീഫ് ജസ്റ്റീസായിരിയ്‌ക്കെ കോടതികളിലെ അഴിമതിയെ നിശിതമായി വിമർശിച്ചിരുന്നു. ജസ്റ്റീസ് പി സദാശിവവും സമാനമായ പരാമർശങ്ങൾ നടത്തിയിരുന്നു.