നുഷ്ഠാന ദുഃഖവെള്ളികളുടെ അമിതവ്യാഖ്യാനം കൊണ്ട് പ്രിയപ്പെട്ട ഒരാളുടെ ICU മരണം പോലെ സൗമ്യവും വൈകാരീകവുമാക്കി തീർത്ത ഒന്നാണ് യേശുവിന്റെ വധശിക്ഷ. അവൻ കൊലചെയ്യപ്പെടുകയായിരുന്നു, അതും രണ്ട് രാഷ്ട്രീയകുറ്റവാളികൾക്കൊപ്പം. എന്തിനായിരുന്നു അവൻ കൊലചെയ്യപ്പെട്ടത്?

സ്‌നേഹത്തെക്കുറിച്ച് പഠിപ്പിച്ചതിന്റെ പേരിൽ ആയിരുന്നില്ല ആ കൊലപാതകം. മുപ്പത്തിമൂന്നാം വയസ്സിൽ ഇനി മുന്നോട്ട് പ്രവർത്തിക്കാൻ ആകാത്തവിധം ചുറ്റും ശത്രുക്കളാൽ നിറയണമെങ്കിൽ അത് സ്‌നേഹത്തെക്കുറിച്ച് പഠിപ്പിച്ചതുകൊണ്ടാണ് എന്ന് കരുതരുത്. സ്‌നേഹം, ക്ഷമ, കാരുണ്യം.... എന്നിവ എത്ര വേണമെങ്കിലും പഠിപ്പിച്ചുകൊള്ളൂ, നിങ്ങൾക്ക് ഒന്നും സംഭവിക്കില്ല, മറിച്ച് ഒരു ആത്മീയഗുരു എന്ന അംഗീകാരം നിശ്ചയമായും കിട്ടിയിരിക്കും.

മഹാനായ ഹില്ലേൽ റബ്ബി യേശുവിന്റെ കാലത്തിന് മുൻപ് തന്നെ സ്‌നേഹത്തിന്റെ പാഠങ്ങൾ യേശുവിനെപ്പോലെ മനോഹരമായി പഠിപ്പിച്ചിട്ടുണ്ട്. അതിൽ യേശുവിന് മാത്രം അവകാശപ്പെടാൻ പറ്റുന്ന പുതുമയില്ല. ഒരു എറുമ്പിനെ പോലും നോവിക്കരുതെന്ന സ്‌നേഹപാഠത്തിൽ വിശ്വസിച്ച ഹില്ലേൽ ഗുരു ചുറ്റും ശിക്ഷ്യഗണങ്ങളാൽ നിറഞ്ഞ് പ്രായമെത്തി ഒരു പൂജ്യഗുരുവായി മരിക്കുകയായിരുന്നു. എന്നാൽ യേശു അത്ര 'നിരുപദ്രവകാരിയായ ഒരു വിശുദ്ധ ഗുരു'വായിരുന്നില്ല. അതുകൊണ്ടുതന്നെ അവന്റെ നിലനിൽപ്പ് പലർക്കും ഭീഷണിയായി മാറി. അവനെ ഉന്മൂലനം ചെയ്‌തേ അവർക്ക് മുന്നോട്ടുപോകാൻ കഴിയുമായിരുന്നുള്ളൂ.

കുരിശുമരണം റോമാസാമ്രാജ്യത്തിന് എതിരെയുള്ള രാഷ്ട്രീയകുറ്റത്തിന് കൊടുക്കുന്ന ശിക്ഷയാണ്. യേശുവിനോട് കൂടെ കുരിശിൽ തറക്കപ്പെട്ടവരെ 'lലstai' എന്ന ഗ്രീക്ക് വാക്ക് ഉപയോഗിച്ചാണ് വിശേഷിപ്പിക്കുന്നത്. അന്ന് രാഷ്ട്രീയതീവ്രവാദികൾക്ക് (zealots) റോമാക്കാർ ഈ വിശേഷണമാണ് കൊടുത്തിരുന്നത് എന്ന് ചരിത്രകാരനായ യോസേഫൂസ് പറയുന്നു. യഹൂദരുടെ ഇടയിലെ ഈ രാഷ്ട്രീയതീവ്രവാദികൾ സ്വന്തം ജനതയെ റോമാസാമ്രാജ്യത്തിന്റെ അടിമത്വത്തിൽ നിന്ന് മോചിപ്പാൻ സായുധവിപ്ലവം നയിച്ചിരുന്ന സ്വാതന്ത്ര്യസമരഭടന്മാരായിരുന്നു. യഹൂദന്റെ നാട്ടിൽ കോളനിവത്ക്കരണം നടത്തിയ റോമാക്കാരുടെ വ്യാഖാനത്തിലാണ് അവർ 'തീവ്രവാദികൾ' ആകുന്നത്.

യേശുവിനോടൊപ്പം ക്രൂശിക്കപ്പെട്ടവരെ വിശേഷിപ്പിക്കാൻ സമകാലികബൈബിൾ പരിഭാഷകളിൽ ഉപയോഗിച്ചിരിക്കുന്ന 'കള്ളമാർ' എന്നത് lലstai എന്ന വാക്കിന്റെ സാഹചര്യം അനുവദിക്കാത്ത പരിഭാഷയാണ്. മാത്രമല്ല മോഷണങ്ങൾ മാത്രം നടത്തിയ കള്ളമാരെ കുരിശിൽ തൂക്കിക്കൊല്ലാൻ റോമൻനിയമം അനുവദിച്ചിരുന്നില്ല. 'ആരെ മോചിപ്പിക്കണം, രാഷ്ട്രീയകലാപത്തിൽ പിടിക്കപ്പെട്ട ബറാബാസിനെയോ യേശുവിനെയോ' എന്ന പീലാത്തോസിന്റെ ചോദ്യം അവിടെയാണ് പ്രസക്തമാകുന്നത്.

ഓർക്കണം യേശുവിന്റെ ശിഷ്യഗണത്തിൽ തീവ്രവാദികളായ മൂന്നുപേരെങ്കിലും ((ശിമയോൻ, തദേവൂസ്, യൂദാസ്) ഉണ്ടായിരുന്നിരിക്കണം. അതിനർത്ഥം അവരെ അവനിലേക്ക് അടുപ്പിക്കുന്ന രീതിയിൽ യേശുവിന്റെ പഠനങ്ങളിൽ സാമ്രാജ്യശക്തികളോട് സന്ധിയില്ലാത്ത വിയോജിപ്പ് പ്രകടിപ്പിക്കുന്ന ഒരുരാഷ്ട്രീയതലം ഉണ്ടായിരുന്നു എന്ന് വേണം കരുതാൻ. 'സീസറിന് നികുതികൊടുക്കരുത് എന്ന് ഇവൻ പറയുന്നത് ഞങ്ങൾ കേട്ടു,' എന്ന് വിധിവേളയിൽ അവനെതിരെ ചിലർ സാക്ഷ്യം കൊടുക്കുന്നുണ്ട്. (സത്യത്തിൽ അവൻ പറഞ്ഞത് 'സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക' എന്നാണ്. - 'ഇസ്രയേൽ/യഹൂദർ ദൈവത്തിന്റെ ജനം' എന്നാണ് അന്നുംഇന്നും സ്വയം കരുതുന്നത്. അവരുടെമേൽ കപ്പം മാത്രംചുമത്തുന്നവന് അവരുടെ മനസ്സിനും ശരീരത്തിനും മേൽ അധികാരം ഇല്ലെന്ന് തന്നെ.-

യേശു പറഞ്ഞതിന്റെ യഥാർത്ഥ അർത്ഥം മനസ്സിലാക്കിയവർക്ക് അവന് റോമാസാമ്രാജ്യത്തോടുള്ള എതിർപ്പ് മനസ്സിലായിരുന്നു. എന്നാൽ, മിശിഖായാണെന്ന് പരസ്യമായി സ്വയം അവകാശപ്പെടാത്ത, സായുധവിപ്ലവത്തെ അനുകൂലിക്കാത്ത യേശുവിന്റെ നിലപാടുകൾ അതേസമയം തന്നെ രാഷ്ട്രീയതീവ്രവാദികളുടേതിൽ നിന്ന് വ്യത്യസ്തമായിരുന്നു.
മതത്തിനെ കോടതിയിൽ ('സാൻ ഹദ്രീൻ') അവനെ വധിക്കാൻ ആവശ്യമായ മതപരമായ കുറ്റം ആരോപിക്കാൻ അവർക്ക് കഴിഞ്ഞില്ല. അതുകൊണ്ടു തന്നെ കള്ളസാക്ഷ്യങ്ങളെല്ലാം പൊളിയുമ്പോൾ വിചാരണക്ക് മറുപടി പറയിച്ച് കോടതിമുറിയിൽ വച്ചാണ് അവന്റെ കുറ്റം കണ്ടുപിടിക്കുന്നത്.

ജഡ്ജി തന്നെ കുറ്റം ചാർത്തുന്ന അത്യപൂർവ്വ വിധി! (മാർക്കോസ് 14: 53-64). പൗരോഹിത്യത്തിന് അവനെ ശിക്ഷിച്ച് വെറുതെവിടാൻ ഭാവമില്ല, ഉന്മൂലനം ചെയ്‌തേ മതിയാവൂ. അതുകൊണ്ട് വധശിക്ഷ അനുവദിക്കാൻ അധികാരമുള്ള റോമൻകോടതിയിലേക്ക് അവനെ കൊണ്ടുപോകുന്നു. ഈ കൊലപാതകത്തിൽ മതവും രാഷ്ട്രീയവും തമ്മിൽ ഒരു അവിശുദ്ധ കൂട്ടുകെട്ടിൽ ഏർപ്പെടുകയായിരുന്നു. നിലനില്ക്കുന്ന രാഷ്ട്രീയ-മത വ്യവസ്ഥിതിയെ ചോദ്യം ചെയ്യുന്നതായിരുന്നു യേശുവിന്റെ മൂർച്ചയുള്ള വാക്കുകൾ എന്നതിനാൽ അവനെ മത-രാഷ്ട്രീയ നേതൃത്വം അവർക്കുനേരെയുള്ള ഒരു വെല്ലുവിളിയും 'ഭീഷിണി'യുമായി കണക്കാക്കി. യേശുവിന്റെ സുവിശേഷം ഒരു താരാട്ടുപാട്ട് ആയിരുന്നില്ല.

സ്‌നാപകന്റെ പ്രവാചകശബ്ദത്തിന്റെ ഇടിമുഴക്കവും ഹില്ലേൽഗുരുവിന്റെ സ്‌നേഹത്തിന്റെ തൂവൽസ്പർശവും ഒന്നുചേർന്ന ആവിഷ്‌ക്കാരമായിരുന്നു നസ്രത്തിലെ ആ തച്ചൻ. ചിലർക്ക് അവന്റെ വാക്കുകൾ സദ്വാർത്ത പോലുമായിരുന്നില്ല, ദുർവാർത്തയായിരുന്നു. അതിൽ പ്രവാചകഭാഷയുടെ ചൂടുംചൂരുമുണ്ടായിരുന്നു. കുടിലബുദ്ധിയായ ഭരണാധികാരിയെ കുറുക്കൻ എന്ന് വിളിച്ച, പണക്കൊതിയരെ നോക്കി ഒട്ടകം സൂചിക്കുഴയിലൂടെ കടന്നാലും നിങ്ങൾ ദൈവരാജ്യത്തിൽ പ്രവേശിക്കില്ലെന്നു കണിശമായി പറഞ്ഞ, അനുഷ്ഠാന മതപുരോഹിതരോട് അവരുടെ 'പ്രാർത്ഥനാ ഷോ'യുടെ പൊള്ളത്തരത്തെക്കുറിച്ചും നീണ്ടഅങ്കിയുടെ കാപട്യത്തെക്കുറിച്ചും തീപാറുന്ന വാക്കിൽ സംസാരിച്ച, കാപട്യം കാട്ടുന്നവരെ 'അണലിസന്തതികൾ' എന്ന് വിളിച്ച കാർക്കശ്യത്തിന്റെ ഒരു യേശുസുവിശേഷമുണ്ട്.

അത് ശത്രുക്കളെ ജനിപ്പിക്കുന്നതു കൂടിയാണ്. അതാണ് യേശുസുവിശേഷത്തിന്റെ sting (കുത്ത്/മുള്ള്). Sting of the Gospel എന്നത് കുറുക്കനെ 'കുറുക്കൻ' എന്നുതന്നെ വിളിക്കാനുള്ള കഴിവാണ്. തന്റെ കാലഘട്ടത്തിലെ മതനേതൃത്വത്തോട്, രാഷ്ട്രീയ നേതൃത്വത്തോട്, സമൂഹ്യനേതൃത്വത്തോട്, പ്രമാണിമാരോട് ചിലത് 'പാടില്ല' എന്ന് കാർക്കശ്യഭാഷയിൽ അവൻ പറഞ്ഞു. അതായിരുന്നു അവനെ അത്രമേൽ 'ജനസമ്മത'നല്ലാതാക്കി മാറ്റിയത്. അതായിരുന്നു കൊലമരത്തോളം യേശുവിനെ കൊണ്ടുച്ചെന്നെത്തിച്ച സുവിശേഷത്തിന്റെ രാഷ്രീയം. വെറുതെ അവന്റെ പീഡകളെയോർത്ത് അമിത വൈകാരികതയിൽ മുഖം മ്ലാനമാക്കി എന്തിനാണെന്ന് പോലും അറിയാതെ പരിഹാരപ്രദഷിണം ചെയ്യുമ്പോൾ ഒരു ചോദ്യം: കഴുമരത്തോളം എത്തിച്ച ആ ജീവിതത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ-മത നിലപാടുകളുടെ മുന(sting) നിങ്ങളുടെ മതത്തിലും വ്യക്തിജീവിതത്തിലും എവിടെ?

വാൽക്കഷ്ണമായി ആത്മസുഹൃത്ത് ഷാജി ഡൊമിനിക്കിന്റെ വാക്കുകൾ കൂടി ചേർക്കുന്നു: 'ആത്മീയകാര്യങ്ങളെക്കുറിച്ച് മാത്രം ആകുലപ്പെടുകയും രാഷ്ട്രീയമില്ലെന്ന് അഭിനയിക്കുകയും അധികാരത്തിന്റെ ഇടനാഴികകളിൽ സ്വച്ഛന്ദം വിഹരിക്കുകയും ചെയ്യുന്നവർക്ക് ക്രിസ്തുവിന്റെ കൃത്യമായ രാഷ്ട്രീയത്തെക്കുറിച്ച് എന്താണാവോ വ്യാഖ്യാനം ചമയ്ക്കാനുള്ളത്? നസ്രത്തിൽ വച്ച് തന്റെ പ്രകടനപത്രിക മുന്നോട്ട് വയ്ക്കുന്ന യേശു പറയുന്നത് ബന്ധിതർക്ക് മോചനം പ്രഖ്യാപിക്കാൻ താൻ വന്നിരിക്കുന്നു എന്നാണല്ലോ (ലൂക്കാ 4:18). മോചനം എന്ന വാക്കിന്റെ ഗ്രീക്കുമൂലം 'അഫേസിസ്' എന്നാണ് (ലൂക്കാ 24:47). യേശുവിന്റെ ദൗത്യത്തിലും ശിഷ്യന്മാരുടെ ദൗത്യത്തിലും ഒരേവാക്കു കാണുന്നതിനർത്ഥം ദൗത്യം ഒന്നുതന്നെയാണെന്നാണല്ലോ.

എങ്കിൽ അവന്റെയും ശിഷ്യന്മാരുടെയും രാഷ്ട്രീയനിലപാടുകളിലും അന്തരമുണ്ടാകാൻ പാടില്ല. അതുണ്ടായിരുന്നില്ല എന്നതിന്റെ തെളിവ് നടപടി പുസ്തകത്തിലുണ്ട്. തെസലോനിക്കായിലെ ആദിമ ക്രിസ്ത്യാനികളെക്കുറിച്ച് കോടതിയിൽ ഉന്നയിക്കപ്പെട്ട ആരോപണം ഇതാണ്: ''ലോകത്തെ തലകീഴ് മറിച്ച ഈ മനുഷ്യർ ഇതാ, ഇവിടെയും വന്നിരിക്കുന്നു... യേശുവെന്ന മറ്റൊരു രാജാവിന്റെ പേരുപറഞ്ഞുകൊണ്ട് ഇവരെല്ലാവരും സീസറിന്റെ കൽപനകൾക്കെതിരായി പ്രവർത്തിക്കുന്നു...''(നടപടി 17:6-7). അധികാരത്തിന്റെ മുമ്പിൽ അനുസരണം മാത്രമേ പാടുള്ളൂ എന്നു ബൈബിളിൽ തൊട്ടു പ്രസംഗിക്കുന്നവർ ബൈബിൾ കുറച്ചുകൂടി വായിക്കേണ്ടതുണ്ട്.'